തിരുവനന്തപുരം: കരിക്കകം സ്‌കൂൾ വാനപകടത്തിൽ 6 വിദ്യാർത്ഥികൾ ദാരുണമായി കൊല്ലപ്പെട്ട നരഹത്യാ കേസിൽ വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ തിരുവനന്തപുരം അസി.സെഷൻസ് കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചു. ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും വിചാരണ കൂടാതെ പ്രതികളെ വിട്ടയക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. തുടർന്ന് ഡിസംബർ 14 ന് വിശദമായ വാദം കേൾക്കാമെന്ന് ജഡ്ജി പി.എസ്.ജോസഫ് വ്യക്തമാക്കി.

സ്വകാര്യ സ്‌കൂൾ വാൻ ഡ്രൈവർ നന്ദു എന്ന സുമേഷ്, ട്രാൻസ്‌പോർട്ട് പെർമിറ്റില്ലാത്ത വാഹനത്തിന്റെ ഉടമസ്ഥൻ അനൂപ് .എസ്.പ്രേംലാൽ എന്നിവരാണ് നരഹത്യാക്കേസിലെ പ്രതികൾ. 2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്രാൻസ്‌പോർട്ട് പെർമിറ്റില്ലാതെയും ഫിറ്റ്‌നസ് സാക്ഷ്യ പത്രമില്ലാതെയും വാനിൽ സ്വകാര്യ സ്‌കൂളിലെ കുട്ടികളുമായി അശ്രദ്ധമായും ഉദാസീനമായും മനുഷ്യജീവന് ആപത്ത് വരത്തക്കവിധം അമിത വേഗതയിൽ വാഹനമോടിച്ച് മരത്തിലിടിച്ച വാഹനം കായലിൽ വീണതിൽ വച്ച് 6 വിദ്യാർത്ഥികളെ കുറ്റകമായ നരഹത്യ ചെയ്യുകയും ഇടിയുടെ ആഘാതത്തിൽ അനവധി വിദ്യാർത്ഥികൾക്ക് എല്ലുപൊട്ടലുകൾ ഉണ്ടാക്കി കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

ഡ്രൈവറുടെ അമിതവേഗതയെക്കുറിച്ച് രക്ഷകർത്താക്കൾ വാഹന ഉടമയോട് പരാതിപ്പെട്ടിട്ടും ഡ്രൈവറെ മാറ്റാൻ ഉടമ കൂട്ടാക്കിയില്ല. അമിത വേഗതയും മൊബൈൽ ഡ്രൈവിംഗിനിടെ ഫോണുപയോഗിച്ചതുമാണ് പിഞ്ചു കുട്ടികളുടെ മരണത്തിനും മാരകമായ പരിക്കുകൾക്കും ഇടയാക്കിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 304 ( കുറ്റകരമായ നരഹത്യ),338 ( അസ്ഥികൾക്ക് പൊട്ടലുളവാക്കി കഠിന ദേഹോപദ്രവമേൽപ്പിക്കൽ),34 ( കൂട്ടായ്മ), കേരള മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 66 ( ട്രാൻസ്‌പോർട്ട് പെർമിറ്റില്ലാതെ വാഹനം ഉപയോഗിക്കൽ),56 ( ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാതെ വാഹനം നിരത്തിലിറക്കൽ) എന്നീ കുറ്റങ്ങൾ ആണ് പ്രതികൾക്ക് മേൽ ആരോപിച്ചിട്ടുള്ളത്. തിരുവനന്തപുരം സിറ്റി ട്രാഫിക് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.