ത്തനംതിട്ടയിലെ കരിക്കിനേത്ത് ടെക്‌സ്റ്റൈൽസ് ഉടമ കാഷ്യറെ തല്ലിക്കൊന്ന സംഭവവും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വർണാഭരണശാലയായ മലബാർ ഗോൾഡിൽ ഒന്നിൽ നടന്ന റെയ്ഡും കേരളത്തിലെ മുഖ്യധാര മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയിലും അത് സൃഷ്ടിച്ച സാമൂഹിക വിമർശനത്തിലും ഒരുപക്ഷത്ത് നിൽക്കാൻ സാധിച്ചതിൽ നവമാദ്ധ്യമമായ മറുനാടൻ മലയാളിക്ക് അഭിമാനമുണ്ട്. ആരും അറിയാതെ തേഞ്ഞുമാഞ്ഞു പോകേണ്ടി ഇരുന്ന കരിക്കിനേത്ത് സംഭവം പുറം ലോകത്ത് എത്തിച്ചതിന്റെ അഭിമാനം മാത്രമല്ല കരിക്കിനേത്തിനെക്കാൾ കരുത്തുള്ള മലബാർ ഗോൾഡുമായി ബന്ധപ്പെട്ട വാർത്തകൾ ഒരു വിഭാഗം മുഖ്യധാരാ മാദ്ധ്യമങ്ങളെക്കൊണ്ട് അവഗണിക്കാതെ കൈകാര്യം ചെയ്യിപ്പിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു എന്ന് പറയുമ്പോൾ ചിലരെങ്കിലും എട്ടുകാലി മമ്മൂഞ്ഞ് എന്ന് വിളിച്ച് കളിയാക്കിയേക്കാം.


മലബാർ ഗോൾഡിനെ സംബന്ധിച്ച വാർത്ത ഞങ്ങൾ മാത്രം പ്രസിദ്ധീകരിച്ചെന്നോ അത് മറ്റെല്ലാ മാദ്ധ്യമങ്ങളും അവഗണിച്ചെന്നോ മറ്റും വീമ്പിളക്കാൻ മാത്രം അല്പന്മാരല്ല ഞങ്ങൾ. കൈരളി പീപ്പിൾ ടിവിയും ഇന്ത്യാവിഷനും ശ്രദ്ധേയമായ രീതിയിൽ ഇത് സംപ്രേഷണം ചെയ്യുകയും മറ്റ് മിക്ക ചാനലുകളും മലബാർ ഗോൾഡിന്റെ പേര് സഹിതം സംപ്രേഷണം ചെയ്തു എന്നത് ഏടുത്ത് പറയേണ്ടതാണ്. എന്നാൽ അച്ചടി മാദ്ധ്യമങ്ങൾ ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത് എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. ഞങ്ങൾ ഇന്നലെ ഒരു റിപ്പോർട്ടിൽ സൂചിപ്പിച്ചത് പോലെ മനോരമ മലബാർ ഗോൾഡിന്റെ ഭാഗം മാത്രമാണ് പ്രസിദ്ധീകരിച്ചതെങ്കിൽ മാതൃഭൂമി ഇങ്ങനെയൊരു കാര്യം അറിഞ്ഞെന്ന് പോലും നടിച്ചില്ല. കേരളത്തിലെ ഒട്ടുമിക്ക പത്രങ്ങളുടെയും സ്ഥിതി ഇതുതന്നെയായിരുന്നു.

അച്ചടി മാദ്ധ്യമങ്ങൾ ഇത് തള്ളിക്കളഞ്ഞെങ്കിലും ചാനലുകളും മറുനാടൻ മലയാളി പോലെയുള്ള നവമാദ്ധ്യമങ്ങളും ഇതൊരു വിഷയമായി ഉയർത്തിയതുകൊണ്ട് കേരളത്തിലെ പൊതുസമൂഹം മലബാർ ഗോൾഡ് വിവാദത്തെക്കുറിച്ച് ധാരണ ഉള്ളവരാണ്. എന്നാൽ കരിക്കിനേത്ത് സംഭവത്തിൽ സ്ഥിതി ഇതായിരുന്നില്ല. നിഷ്ഠൂരമായ ഒരു കൊലപാതകം നടന്നിട്ടും കേരളത്തിലെ ഒട്ടുമിക്ക ജനങ്ങളും ഇനിയും ഇക്കാര്യം അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. കരിക്കിനേത്ത് വാർത്ത പുറംലോകം അറിയാതെ പോയത് അവർ മികച്ച ഒരു പരസ്യക്കാരൻ ആണ് എന്ന ഒറ്റക്കാരണം കൊണ്ട് മാത്രമാണ്. കരിക്കിനേത്തിന്റെ പരസ്യം മാദ്ധ്യമങ്ങൾക്ക് കൊടുക്കുന്ന പരസ്യ ഏജൻസി തന്നെയായിരുന്നു കരിക്കിനേത്ത് വാർത്ത മുക്കാൻ രംഗത്ത് ഇറങ്ങിയത്. കേരളത്തിലെ മിക്ക ചാനലുകൾക്കും പത്രങ്ങൾക്കും പരസ്യം നൽകുന്ന മലബാർ ഗോൾഡിന്റെ വാർത്ത കരിക്കിനേത്ത് പോലെ അടിച്ചമർത്തപ്പെടാതിരിക്കാൻ മറുനാടൻ മലയാളി ഒരു കാരണമായി എന്ന് പറയുമ്പോൾ അഭിമാനം ഉണ്ട്.

പരസ്യം ചെയ്യുന്നു എന്ന കാരണത്തിന്റെ പേരിൽ നിഷ്ഠൂരമായ ഒരു കൊലപാതകം മറച്ചുവച്ചതിനെതിരെ മിക്ക മാദ്ധ്യമങ്ങൾക്കെതിരെയും ശക്തമായ ജനരോഷം ഉണ്ടായിരുന്നു. പ്രത്യേകിച്ച് ആ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരുടെ ഇടയിൽ. ഇവരിൽ മിക്കവരും മറുനാടൻ മലയാളി വാർത്ത വായിക്കുകയും ഷെയർ ചെയ്യുകയും ചെയ്തിരുന്നു. മലബാർ ഗോൾഡിന്റെ കാര്യത്തിൽ മറ്റൊരു നിലപാടായിരിക്കില്ല മറുനാടൻ മലയാളി എടുക്കുന്നത് എന്ന് ഉറപ്പുള്ളത് കൊണ്ട് ആ അസ്വസ്ഥത ഒരു പൊട്ടിത്തെറിയിലേക്ക് നയിക്കാതിരിക്കാനായി ചാനലുകളും ചില പത്രങ്ങളും വാർത്ത പ്രസിദ്ധീകരിക്കാൻ നിർബന്ധിതരാകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വാർത്ത പുറംലോകം അറിയാൻ കാരണക്കാരായവരുടെ പട്ടികയിൽ ഞങ്ങളും ഉണ്ട് എന്നവകാശപ്പെടുന്നത്. മലബാർ ഗോൾഡ് കള്ളക്കടത്തു സ്വർണം വാങ്ങിയതുമായി ബന്ധപ്പെട്ട വാർത്തകൾ പേര് വെളിപ്പെടുത്താ#ാതെ ആദ്യം പുറത്ത് വിട്ടത് ഞങ്ങൾ ആയിരുന്നു. പേര് വെളിപ്പെടുത്തുക എന്ന ദൗത്യം മാത്രമാണ് കഴിഞ്ഞ ദിവസം വരെ നീണ്ടത്.

ഈ വാർത്ത വെളിയിൽ വന്നതിന് ശേഷം ഉശിരോടെ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ഞങ്ങൾ ഇപ്പോഴും വെളിച്ചത്ത് കൊണ്ടുവരുന്നു. ഈ അനേ്വഷണത്തിനിടയിൽ ഞെട്ടിക്കുന്ന മറ്റു ചില കാര്യങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. മലബാർ ഗോൾഡിനെക്കാൾ പേരും പെരുമയും ഉള്ള സാമൂഹ്യസേവനത്തിന്റെയും മറ്റും പേരിൽ ആദരിക്കപ്പെടുന്ന മറ്റൊരു ജ്വല്ലറി ഗ്രൂപ്പിന് ഫയാസ് എന്ന കള്ളക്കടത്തുകാരനുമായി മാത്രമല്ല മുംബൈയിലെ അധോലോകവുമായി വരെ ബന്ധം ഉണ്ട് എന്നാണ് വ്യക്തമാകുന്നത്. മലയാളത്തിലെ അറിയപ്പെടുന്ന അനേകം ചിലർ ഈ കണ്ണിയുടെ ഭാഗമാണ്. എന്നാൽ ഇത് വെളിപ്പെടുത്തണമെങ്കിൽ നിയമപരമായ രേഖകൾ ലഭിക്കണം. അതിനുള്ള ശ്രമത്തിലാണ് ഞങ്ങൾ ഇപ്പോഴും.

ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി രക്തം മാറി നൽകിയതിനെത്തുടർന്നു മരിച്ച വാർത്ത മിക്ക ചാനലുകളും ബ്രേക്കിങ് ന്യൂസും വിശദമായ റിപ്പോർട്ടും നൽകി. ഇന്നു പത്രങ്ങളുടെ ഒന്നാം പുറ വാർത്തയാണിത്. മാസങ്ങൾക്കു മുമ്പു തേനിയിലെ വാസൻ ഐ കെയർ ആശുപത്രിയിൽ കുമളി സ്വദേശിനിയായ പെൺകുട്ടി നേത്രശസ്ത്രക്രിയയ്ക്കിടെ മരിച്ച വാർത്ത ഈ മാദ്ധ്യമങ്ങളൊന്നും കൈകൊണ്ടു തൊട്ടില്ല. മറുനാടൻ മലയാളിയാണ് ഈ വാർത്തയും പുറത്തുവിട്ടത്. പിറ്റേന്ന് ഇറങ്ങിയ മലയാള മനോരമ പത്രം ഒരു സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടി മരിച്ചു എന്ന രീതിയിൽ വാർത്ത നൽകി. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളജിൽ എന്തു സംഭവിച്ചാലും അതു വാർത്തയാക്കിയാൽ ആർക്കും ഒരു നഷ്ടവുമുണ്ടാകില്ലെന്ന മാദ്ധ്യമ പ്രത്യയശാസ്ത്രംതന്നെയാണ് ഇതിനു പിന്നിൽ വാസൻ ഐ കെയർ പോലുള്ള ബ്രാൻഡഡ് ആശുപത്രികളെ തൊട്ടാൽ പരസ്യം നഷ്ടപ്പെടുമെന്ന് ഈ മാദ്ധ്യമങ്ങൾക്ക് അറിയാം.

കരിക്കിനേത്ത് കൊലപാതക വാർത്ത വെളിയിൽ കൊണ്ടുവന്നപ്പോൾ എല്ലാവരും ഒരുപോലെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചെങ്കിൽ മലബാർ ഗോൾഡ് വാർത്തയുടെ വിഷയത്തിൽ ഒരു വിഭാഗം വായനക്കാർ ഞങ്ങളെ സംശയക്കണ്ണുകളോടെ കാണുന്നു എന്ന് ചില പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. എന്തിനും ഏതിലും ജാതി കാണുന്ന ചിലരാണ് ഇവർ. ജോസ്‌കോയും ജോയ് ആലുക്കാസും പോലെ ക്രൈസ്തവർ നടത്തുന്ന സ്വർണ്ണക്കടക്കാർക്ക് വേണ്ടിയോ ഭീമയും കല്യാണും പോലെയുള്ള ഹിന്ദുക്കളുടെ സ്വർണ്ണക്കടക്കാർക്ക് വേണ്ടിയോ ഞങ്ങൾ കുഴലൂത്ത് നടത്തുകയാണ് എന്ന് പറയുന്നവരാണ് ഇവർ. കരിക്കിനേത്തുകാരനും മുത്തൂറ്റ് ഹോട്ടലുടമയും ക്രിസ്ത്യാനിയായിരുന്നെ്നും മന്ത്രി ജയലക്ഷ്മി ഹിന്ദുവായിരുന്നെ്നും ഒക്കെയുള്ള കാര്യം മറന്നാണ് ഇവർ ഈ പറയുന്നത്. ഞങ്ങൾ മുമ്പ് കൈകാര്യം ചെയ്ത വിഷയങ്ങൾ എല്ലാം തന്നെ ഇങ്ങനെ ഒക്കെ ആയിരുന്നു എന്ന കാര്യം ഇവർ വിസ്മരിക്കുകയാണ്. കേരളീയ സമൂഹം എത്രമേൽ വിഷലിബ്ദമാണ് എന്നതിനുള്ള ഉദാഹരണമായി മാത്രമാണ് ഈ ആരോപണത്തെ കാണുന്നത്.

മറ്റൊരു പ്രധാനപ്പെട്ട ആരോപണം ഉയരുന്നത് ഞങ്ങൾക്ക് പരസ്യം ലഭിക്കാത്തതുകൊണ്ട് പരസ്യം ലഭിക്കും വരെയുള്ള എടുത്തുചാട്ടം മാത്രമാണ് ഇതെന്നാണ്. ഞങ്ങളുടെ നിലപാടിനെ അഭിനന്ദിക്കുന്നവരിൽ തന്നെ ചിലർ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത്തരക്കാരോട് തുറന്ന് പറയട്ടെ, മറുനാടൻ മലയാളി എന്നത് ഇതുവരെയുള്ള കൂട്ടിക്കൊടുപ്പ് മാദ്ധ്യമ പ്രവർത്തനത്തിന് അറുതി വരുത്താൻ കൂടി ഉദ്ദേശിച്ച് തുടങ്ങിയ മാദ്ധ്യമം ആണ്. മാദ്ധ്യമപ്രവർത്തനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പരസ്യക്കാരുടെ സമ്മർദ്ദം ആയതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നിലപാടായിരിക്കും ഞങ്ങളുടേത്. നവമാദ്ധ്യമം എന്ന് ഞങ്ങൾ അവകാശപ്പെടുന്നത് നവമാദ്ധ്യമത്തിന്റെ എല്ലാ രീതികളും പിന്തുടരുന്നത് കൊണ്ടുകൂടിയാണ്.

പണമായിരുന്നു ഞങ്ങളുടെ വിഷയം എങ്കിലും കരിക്കിനേത്തും എന്തിനേറെ മലബാർ ഗോൾഡും സംബന്ധിച്ച വാർത്തകൾ പ്രസിദ്ധീകരിക്കാതിരിക്കാൻൻ വേണ്ടി പരസ്യം വാങ്ങാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുമായിരുന്നില്ല. ഈ വാർത്തകൾ പ്രസിദ്ധീകരിച്ച് തുടങ്ങിയപ്പോൾ സമ്മർദ്ദങ്ങളുമായി രംഗത്തിറങ്ങിയവർ ഇത്തരം ചില ഓഫറുകളുമായി നൽകാതിരുന്നുമില്ല. എന്നാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം പണമുണ്ടാക്കാൻ മാത്രമുള്ളതല്ല പത്രപ്രവർത്തനം. ഇതിൽ പണിയെടുക്കുന്നവർക്ക് മാന്യമായ ശമ്പളം നൽകുക, ഇതിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകൾ വഹിക്കുക എന്നതിനപ്പുറം മറുനാടൻ മലയാളിയിലൂടെ കോടീശ്വരൻ ആകാൻ ആഗ്രഹിക്കുന്ന ആരും ഇതിന്റെ അണിയറയിൽ ഇല്ല. നവമാദ്ധ്യമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത നേരിട്ട് ലഭിക്കുന്ന പരസ്യങ്ങൾക്ക് പുറമേ അഫിലിയേറ്റ് മാർക്കറ്റിങ്ങിലൂടെയും മറ്റും വരുമാനമുണ്ടാകും എന്നതാണ്. പരസ്യക്കാരുടെ മുമ്പിൽ മുട്ടുവളയ്ക്കാതെ ഉണ്ടാക്കുന്ന ഇത്തരം മാർഗ്ഗങ്ങളിലൂടെ ഇത് നടത്തിക്കൊണ്ട് പോകാൻ വരുമാനം ലഭിക്കുന്നത് കൊണ്ട് ആരുടെയും മുമ്പിൽ നട്ടെല്ല് വളയ്ക്കാതെ പത്രപ്രവർത്തനം നടത്താൻ ഞങ്ങൾക്ക് കഴിയും. ഇത് മനസ്സിലാക്കാതെയാണ് പരസ്യം ലഭിക്കാത്തതിന്റെ പേരിലാണ് ഈ വാർത്തകൾ പുറത്തുവിടുന്നത് എന്ന് ചിലർ ആരോപിക്കുന്നത്.

നവമാദ്ധ്യമങ്ങളെ മറ്റ് മാദ്ധ്യമങ്ങളുമായി വേർതിരിക്കുന്ന ഒട്ടേറെ സവിശേഷതകൾ ഉണ്ട്. അതിൽ പ്രധാനം കുറഞ്ഞ ചെലവ് തന്നെയാണ.#് ചാനലുകൾക്കും സംപ്രേഷണം നടത്താനുള്ള ചെലവും വിവിധ ബ്യൂറോകളിൽ നിന്നും സംഭവങ്ങൾ ചിത്രീകരിക്കാനുള്ള ചെലവും വലിയ ഭാരം ആണെങ്കിൽ പത്രങ്ങൾക്ക് അച്ചടിയുടെ ചെലവും വിതരണത്തിന്റെ ചെലവും കടമ്പയാണ്. ഇത്തരം ചെലവുകൾനമമാദ്ധ്യമങ്ങൾക്കില്ല. ചെലവ് വർദ്ധിപ്പിക്കുന്നു എന്നതിന് പുറമേ വരുമാനം എന്നത് വൻകിട സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന പരസ്യങ്ങൾ മാത്രമാണ് താനും. ഇത് തന്നെയാണ് മുഖ്യധാരാ മാദ്ധ്യമങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഈ ചെലവുകൾ ഒക്കെ ഒഴിവാക്കാൻ പറ്റുമ്പോൾ തന്നെ നവമാദ്ധ്യമങ്ങൾക്ക് മുഖ്യധാരാ മാദ്ധ്യമങ്ങൾക്കില്ലാത്ത ചില വരുമാന സാധ്യതകൾ തുറന്ന് ലഭിക്കുകയും ചെയ്യുന്നു. മുമ്പ് സൂചിപ്പിച്ച അഫിലിയേറ്റ് മാർക്കറ്റിങ്ങിലൂടെയാണ് ഇത് നടക്കുന്നത്. ഏത് കമ്പനിയാണ് ഒരു നവമാദ്ധ്യമത്തിലൂടെ മാർക്കറ്റിങ്ങ് നടത്തുന്നത് എന്നത് ആ കമ്പനി ഉടമ പോലും അറിയാതെ ഉയർന്ന സാങ്കേതിക വിദ്യയിൽ ആണിത് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ എഡിറ്റോറിയൽ നിലപാടും മാർക്കറ്റിങ്ങും തമ്മിൽ യാതൊരു ബന്ധവും ഉണ്ടാകുന്നില്ല. വായനക്കാർ വർദ്ധിക്കുന്നത് അനുസരിച്ച് ഇവിടെ വരുമാനം വർദ്ധിക്കുകയാണ്. നേരെ മറിച്ച് പരസ്യങ്ങൾ ലഭ്യമല്ലെങ്കിൽ സർക്കുലേഷൻ വർദ്ധിക്കുന്നത് മുഖ്യധാരാ മാദ്ധ്യമങ്ങൾക്ക് തിരിച്ചടിയാണ് നൽകുക.

ഒരുകാര്യം വ്യക്തമായി പറയാൻ ആഗ്രഹിക്കുകയാണ്. മറുനാടൻ മലയാളിയിൽ നിങ്ങൾ ഇപ്പോൾ കാണുന്നതൊക്കെ വെറും ഒരു തുടക്കം മാത്രമാണ്. പുറം ലോകം അറിയാതെ കുഴിച്ചുമൂടപ്പെടുന്ന നഗ്നസത്യങ്ങൾ വെളിയിൽ കൊണ്ടുവരാൻ ഉറച്ച് തന്നെയാണ് ഞങ്ങൾ ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ആ തീരുമാനത്തിൽ മായം ചേർക്കാതെ തന്നെ ഞങ്ങൾ മുമ്പോട്ട് പോകും. തെളിവുകളുമായി ഏത് വായനക്കാരനും ഞങ്ങളെ ബന്ധപ്പെടാം. ഏത് വലിയ കൊലകൊമ്പനാണെങ്കിലും ശരി അവരുടെ മുഖംമൂടി വലിച്ച് നീക്കാൻ ഞങ്ങൾ ഒപ്പമുണ്ടാകും. നാണംകെട്ട് പണമുണ്ടാക്കി നാണക്കേട് മാറ്റുന്ന സമ്പന്ന്റെ തോളിൽ കയ്യിട്ട് ജീവിക്കാനല്ല ഞങ്ങൾ ഈ പണി ചെയ്യുന്നത്. നിങ്ങൾക്ക് ഞങ്ങളെ കണ്ണുമടച്ച് വിശ്വസിക്കാം.