പത്തനംതിട്ട: കൈനിറയെ പണം കിട്ടിയാൽ ഏതു നാറിയുടെയും കാലു കഴുകി വെള്ളം കുടിക്കുന്നവരാണ് ചില രാഷ്ട്രീയക്കാരും പൊലീസുമെന്ന് ഒരിക്കൽ കൂടി തെളിഞ്ഞ സംഭവമായിരുന്നു നാടിനെ നടുക്കിയ കരിക്കിനേത്തുകൊലപാതകം. ഒരു സാധു തൊഴിലാളിയെ പച്ചക്ക് തല്ലിക്കൊന്നപ്പോഴും തുണിക്കട മുതലാളി വലിച്ചെറിഞ്ഞു കൊടുത്ത നോട്ടുകളെട്ടുകളിലായിരുന്നു ഇവരുടെ നോട്ടം. ഈ പണത്തിന്റെ ഹുങ്കിൽ സത്യം ഒഴിക്കുമെന്ന് കരുതി. എന്നാൽ, അവിടെ നിന്നുമാണ് മറുനാടൻ ഇടപെടലിനെ തുടർന്ന് ബിജു കൊലപാതക കേസ് ഉയർത്തെഴുനേറ്റത്.

കരിക്കിനേത്ത് മുതലാളിയുടെ പണത്തിന്റെ ഹുങ്കിൽ അന്വേഷണം അട്ടിമറിക്കാൻ ഒന്നിച്ച് കൈകോർക്കുകയായിരുന്നു എൽഡിഎഫും യുഡിഎഫും പൊലീസും പരസ്യങ്ങളിൽ മഞ്ഞളിച്ച മുഖ്യധാരാപത്രങ്ങളും രംഗത്തെത്തി. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ചപ്പോൾ മറുനാടന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരമായിരുന്നു. നിസാം ചന്ദ്രബോസിനെ മർദ്ദിച്ചു കൊലപ്പെടുത്തിയതിനേക്കാൾ ക്രൂരമായാണ് ജോസ് കരിക്കിനേത്ത് എന്ന ക്രൂരനായ കൊലയാളി തന്റെ സ്ഥാപനത്തിലെ കാഷ്യറെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. മറുനാടന്റെ നിതാന്ത ജാഗ്രത കൊണ്ട് മാത്രമാണ് കുറച്ചു നാളേക്കെങ്കിലും ജോസ് അഴിക്കുള്ളിൽ കിടന്നത്.

പത്തനംതിട്ട കോളജ് റോഡിലെ കരിക്കിനേത്ത് ടെക്സ്റ്റയിൽസിലെ കാഷ്യർ ബിജു പി ജോസഫിന്റെ(39) മരണം ക്രൂരമർദനമേറ്റുള്ള കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വിളിച്ചു പറഞ്ഞു. അത് തിരുത്താനുള്ള മാർഗമൊന്നും ജോസും അയാളുടെ ഏറാൻ മൂളികളും പഠിച്ചിട്ടുണ്ടായിരുന്നില്ല. സത്യം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ രൂപത്തിൽ തന്നെ തെളിഞ്ഞു വന്നു. വയറിനും കഴുത്തിനുമിടയിൽ ഏറ്റ മാരകമായ ക്ഷതങ്ങളാണ് മരണ കാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ആന്തരികാവയവങ്ങളായ കരൾ, ശ്വാസകോശം എന്നിവ ഇടിയേറ്റ് ചതഞ്ഞു. അത്രയ്ക്കും ക്രൂരമായ മർദ്ദനമാണ് ബിജുവിന് ഏൽക്കേണ്ടി വന്നത്.