തിരുവനന്തപുരം: ശ്രീജിത്തിന് വേണ്ടി ശബ്ദമുയർത്തിയ സോഷ്യൽ മീഡിയക്ക് ഈ നിലവിളി ശബ്ദവും ഉയർത്തിപ്പിടിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. കരിക്കിനേത്ത് ടെക്‌സ്റ്റെയിൽസ് ഉടമ പ്രതിയായ കൊലക്കേസിൽ നീതി തേടി കൊല്ലപ്പെട്ട പ്രമുഖൻ അല്ലാത്തയാളുടെ കുടുംബം അലയുകയാണ്. ഇവർക്കൊപ്പം സോഷ്യൽ മീഡിയയും നിലയുറപ്പിക്കണം. എങ്കിൽ മാത്രമേ നീതി കിട്ടൂ. 2013 നവംബർ ഏഴിന് അർധരാത്രിയിലാണ് അടൂർ കരിക്കിനേത്ത് ഉടമ ജോസ്, പത്തനംതിട്ട കരിക്കിനേത്ത് ഉടമയും സഹോദരനുമായ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ അതീഭീകരമായി പത്തനംതിട്ട കരിക്കിനേത്ത് ടെക്സ്റ്റയിൽസിലെ കാഷ്യർ ആനിക്കാട് സ്വദേശി ബിജു പി. ജോസഫിനെ മർദിച്ചു കൊന്നത്.

ഉന്നതർ ചേർന്ന് അട്ടിമറിക്കാൻ ശ്രമിച്ച ആ കൊലപാതകക്കേസിൽ അന്നു തന്നെ സിപിഐഎം നേതാക്കളും പ്രതികൾക്ക് അനുകുലമായ നിലപാട് സ്വീകരിച്ചിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ നടന്ന ജില്ലാ ഗവ. പ്ലീഡർമാരുടെ നിയമനം പോലും കരിക്കിനേത്തുകാർക്ക് അനുകൂലമായിട്ടാണെന്ന് വാദം ഉയർന്നിരുന്നു. തിരുവല്ലയിൽ നിന്നുള്ള സിപിഐ നേതാവിന്റെ ഭാര്യയായ വക്കീലിനെ പ്ലീഡറാക്കിയതിനെപ്പറ്റിയായിരുന്നു ആരോപണം. ഇതെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് കേസിന്റെ ഇപ്പോഴത്തെ പോക്ക്. അതുകൊണ്ടാണ് ശ്രീജിത്തിന്റെ സഹനസമരത്തെ വിജയമാക്കിയ നവമാധ്യമ കൂട്ടായ്മയുടെ ഇടപെടൽ ഇവിടേയും അനിവാര്യമാകുന്നത്.

കരിക്കനേത്തുകാർ കേരളത്തിലെ വലിയ പരസ്യദാതാവായിരുന്നു. മരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു വാർത്ത. ഒരു വായനക്കാരൻ ഒരു ഇമെയിൽ അയച്ചു. അതിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞത്. അന്ന് മുതൽ നിരന്തരം വാർത്ത എഴുതി. പല പ്രലോഭനങ്ങളുണ്ടായി. പണം ഓഫർ ചെയ്തു. പക്ഷേ വഴങ്ങിയില്ല. ഈ കടുംബത്തെ കണ്ട് വാർത്തകൾ ചെയ്തു. നിരന്തര ഇപെടലിനെ തുടർന്ന് ഇന്റലിജൻസ് മേധാവിയായിരുന്ന സെൻകുമാറിന്റെ റിപ്പോർട്ട് എത്തി. അങ്ങനെ അയാൾ കുറച്ചു ദിവസം ജയിലിൽ കിടന്നു. അതിന് അപ്പുറത്തേക്ക് ഒന്നും നടന്നില്ല.

കഴിഞ്ഞ ദിവസം മരിച്ചയാളുടെ സഹോദരൻ സാബു ഞങ്ങളെ ബന്ധപ്പെട്ടു. കേസ് സംഭവിച്ചിട്ട് അഞ്ചു വർഷമായി. അതിന് ശേഷം നിസാം അടക്കം പലതും നടന്നു. കരിക്കിനേത്ത് ജോസിന്റെ കാര്യം മാത്രം എങ്ങുമെത്തിയില്ല. സാബു പറയുന്നത് കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നാണ്. പബ്ലിക് പ്രോസിക്യൂട്ടർ സർക്കാരിന്റെ താൽപ്പര്യമല്ല സംരക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന്റെ പരാതിയിൽ കേസ് ഡയറി അന്വേഷിച്ചപ്പോൾ പ്രതിയുടെ വക്കീലിന്റെ ഓഫീസിൽ നിന്നാണ് ഇത് പൊലീസിന് കിട്ടിയതെന്ന് പറയുന്നു. ഇതൊരു സാമ്പത്തിക ഇടപെടലുള്ള കേസാണ്. ഇവിടെ പാവപ്പെട്ടവന് നീതിയില്ല. ഞങ്ങളെ വീണ്ടും സ്വാധീനിക്കാൻ ശ്രമിക്കുന്നു. പക്ഷേ സത്യം നേരെ തിരിഞ്ഞു നിൽക്കുന്നു.

അന്നത്തെ പൊലീസിന്റെ പ്രശ്നത്തിന് പിണറായി സർക്കാർ ഉത്തരവാദിത്തം പറയേണ്ടതില്ല. എന്നാൽ അന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തിരുവഞ്ചൂരും നിഷേധിച്ച നീതി പിണറായി വിജയനും സിപിഎമ്മിനും കൊടുക്കാൻ കഴിയും. പബ്ലിക് പ്രോസിക്യൂട്ടർക്കും സർക്കാരിനും ഇപ്പോൾ ഒരു താൽപ്പര്യവുമില്ല. ജനകീയ പ്രതിരോധം ഉണ്ടെങ്കിൽ മാത്രമേ ഇവിടെ നീതി കിട്ടൂ. അതിന് വേണ്ടി ഞങ്ങൾ ചങ്കുകൊടുത്ത് രംഗത്ത് വരികയാണ്. ഇതിന് സോഷ്യൽ മീഡിയയുടെ പിന്തുണ ഞങ്ങൾക്ക് വേണം. സോഷ്യൽ മീഡിയയുടെ കരുത്ത് തിരിച്ചറിയണം.

ശ്രീജിത്തിന്റെ വിഷയത്തിൽ പൊലീസാണ് പ്രതിസ്ഥാനത്ത്. അതുകൊണ്ട് തന്നെ മാധ്യമങ്ങൾ സമ്മർദ്ദം ഉണ്ടായപ്പോൾ ശ്രീജിത്തിന് വേണ്ടി നിന്നു. എന്നാൽ ഇവിടെ പരസ്യക്കാരനാണ് പ്രതിസ്ഥാനത്ത്. അതുകൊണ്ട് തന്നെ ഇവിടെ എതിരാളി സമ്പന്നനാണ്. പരസ്യക്കാരനാണ്. അതുകൊണ്ട് തന്നെ ചാനലുകളും പത്രങ്ങളും ഓൺലൈൻ മാധ്യമങ്ങളും ഇവർക്കെതിരെ നിൽക്കില്ല. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയയുടെ പ്രസക്തി. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സത്യത്തിന് വേണ്ടി നിലനിൽക്കുന്നവർക്ക് മാത്രമേ കഴിയൂ. അതാണ് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്ന നിങ്ങൾ. സത്യസന്ധതയുടെ വഴി. നിങ്ങൾ ഒരുമിച്ചാൽ മാത്രമേ ഇവിടേയും നീതി കിട്ടൂ. ഇതിന് നിങ്ങൾ ഞങ്ങൾക്ക് പിന്തുണ നൽകണം. അല്ലെങ്കിൽ നിങ്ങൾക്ക് ഞങ്ങൾ് പിന്തുണ നൽകാം.