'ഒരുതള്ളയ്ക്കുണ്ടായാലും പലർക്കും പലവിധിയാണ്' എന്ന് എസ്. ഹരീഷ് 'ആദം' എന്ന കഥയിലെഴുതുന്നുണ്ട്. ദൈവനീതിക്കുമേൽ മനുഷ്യർ നടത്തുന്ന ദാക്ഷിണ്യമേതുമില്ലാത്ത വിധിയെഴുത്തായി മാറുന്ന ആഗോള വംശവെറിയുടെ അന്യാപദേശമാണ് ഹരീഷിന്റെ നായപുരാണം. വിനോയ് തോമസിന്റെ 'കരിക്കോട്ടക്കരി'യാകട്ടെ, സമാനമായ ഒരവസ്ഥയെ ചരിത്രവൽക്കരിച്ചും സാമൂഹ്യവൽക്കരിച്ചും രചിക്കപ്പെട്ട വർണവെറിയുടെ മർത്യപുരാണമാണ്. കേരളീയ ക്രൈസ്തവരുടെ വംശശുദ്ധിവാദത്തിലും വർണബോധത്തിലും കൈമുക്കി ചോരച്ചുവപ്പിന്റെ ജീവശാസ്ത്രവും തൊലിക്കറുപ്പിന്റെ ദൈവശാസ്ത്രവും വിചാരണചെയ്യുന്ന അസാധാരണ നോവൽ.

കുടിയേറ്റത്തിന്റെ സ്ഥൂലചരിത്രത്തെ വംശവൃക്ഷങ്ങളുടെ സൂക്ഷ്മചരിത്രമാക്കി മാറ്റുന്ന രചന. ഊതിവീർപ്പിക്കപ്പെട്ട കുടുംബചരിത്രങ്ങളുടെ രാഷ്ട്രീയസുന്ദരമായ അപനിർമ്മാണം. മലയാളത്തിലെ കീഴാള നോവലുകളുടെ ഭാവുകത്വമണ്ഡലത്തിൽ ദലിത്‌ക്രൈസ്തവതയുടെ പ്രത്യയശാസ്ത്രം മുൻനിർത്തി രചിക്കപ്പെട്ട അനുപമമായൊരു ശരീരഗാഥ. രതിമൃതികളെ സർപ്പങ്ങളെപ്പോലെ കൂട്ടിയിണക്കുന്ന ആൺപെൺബന്ധങ്ങളുടെ തീപിടിച്ച ഭാവന. അഗമ്യഗമനങ്ങളുടെ ക്ലാസിക്. മധ്യകേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ മലബാർ കുടിയേറ്റത്തിലും മതജീവിതത്തിലും വേരുറച്ച സാമൂഹ്യജീവചരിത്രത്തിന്റെ അടിയടരുകൾ പലതും ഇതാദ്യമായി സാഹിത്യവൽക്കരിക്കപ്പെടുന്ന കൃതി. ഉദയംപേരൂർ സൂനഹദോസിൽ തുടങ്ങുന്ന കേരളീയ 'ജാതിക്രിസ്ത്യാനി'കളുടെ വ്യാജമുദ്രകൾ ചീന്തിക്കീറുന്ന ആത്മാനുതാപത്തിന്റെ സങ്കീർത്തനങ്ങളിൽ ഏറ്റവും ഒടുവിലത്തേത്. എല്ലാറ്റിനുമുപരി, കേരളീയ സവർണ ക്രൈസ്തവർക്കിടയിലെ വംശമഹത്വവാദത്തിനും വർണവിന്യാസക്രമത്തിനുംമേൽ വീണ ആത്മാവുപൊള്ളിക്കുന്ന ചാട്ടവാറടി. വെള്ളിക്കരമത്തായി(സവർണക്രിസ്ത്യാനികളുടെ ജാതിവെറിയിൽ മനംമടുത്ത് ഹിന്ദുമതത്തിൽ തിരിച്ചെത്തിയ ആദ്യ പുലയക്രിസ്ത്യാനിയാണ് വെള്ളിക്കരമത്തായി - പൊയ്കയിൽ യോഹന്നാന്റെ മുൻഗാമി)യുടെ പ്രേതം വേട്ടയാടുന്ന കേരളത്തിലെ സുറിയാനി ക്രൈസ്തവരുടെ ചരിത്രപരമായ ആണ്ടുകുമ്പസാരം. പുലയന്റെ ആത്മാവിനെ മലയാളഭാവനയുടെ നടുത്തളത്തിൽ പ്രതിഷ്ഠിച്ച 'ഘാതകവധം' മുതൽ, ദൈവത്തിനും മനുഷ്യർക്കുമെതിരെ തെറ്റുചെയ്ത സവർണ ക്രൈസ്തവരുടെ പാപബോധങ്ങളെ സാഹിത്യഭാവനയിൽ ഉരുക്കിച്ചേർത്ത പൊയ്കയിൽ അപ്പച്ചന്റെയും പോഞ്ഞിക്കര റാഫിയുടെയും ടി.കെ.സി. വടുതലയുടെയും പാറപ്പുറത്തിന്റെയും പോൾ ചിറക്കരോടിന്റെയും മുട്ടത്തുവർക്കിയുടെയും ജോസഫ് മുണ്ടശ്ശേരിയുടെയും സാറാതോമസിന്റെയും സാറാജോസഫിന്റെയും സക്കറിയയുടെയും കെ.എ. സെബാസ്റ്റ്യന്റെയും പി.എഫ്. മാത്യൂസിന്റെയും ജോണി മിറാൻഡയുടെയും രാജു കെ. വാസുവിന്റെയും എസ്. ജോസഫിന്റെയും രചനകൾ വരെയുള്ളവ സൃഷ്ടിച്ച ആഖ്യാനപാരമ്പര്യങ്ങളുടെ ഇങ്ങേത്തലയ്ക്കലാണ് വിനോയ് തോമസിന്റെ നില.

പതിനൊന്നു നൂറ്റാണ്ടിന്റെ ആഢ്യചരിത്രം കൊട്ടിഘോഷിക്കുന്ന ഒരു കേരളീയ സുറിയാനി വംശവൃക്ഷത്തിന്റെ കടയ്ക്കൽവച്ച കത്തിയാണ് 'കരിക്കോട്ടക്കരി'. മധ്യകാല കേരളത്തിൽ ക്രൈസ്തവർ നേടിയെടുത്ത സാമ്പത്തിക സ്വാശ്രയത്വത്തിന്റെയും സാംസ്‌കാരിക മൂലധനത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും വിൽപത്രമായിരുന്നുവല്ലോ ഏ.ഡി. ഒൻപതാം നൂറ്റാണ്ടിലെ തരിസാപ്പള്ളിശാസനം. അപൂർവമായ വാണിജ്യക്കരാറുകളും കാർഷികാവകാശങ്ങളും കൈമുതലാക്കിയ മാർ സപീർ ഈശോയുടെ സഹോദരനിൽ നിന്നാരംഭിക്കുന്നുവെന്ന് അധികാരത്തിൽ കുടുംബം പറഞ്ഞും എഴുതിയുമുണ്ടാക്കിയ തങ്ങളുടെ രക്തരേഖക്ക് യഥാർഥത്തിൽ ഒരു നൂറ്റാണ്ടിന്റെ ചരിത്രമേ ഉള്ളൂ എന്ന് നോവൽ സ്ഥാപിച്ചെടുക്കുന്നു. സപീർ ഈശോയുടെ സഹോദരൻ അഫ്രോത്തിലും പൂണിയാരത്തു മനയിലെ ബ്രാഹ്മണസ്ത്രീയായ മണിനങ്ങയിലും നിന്നാരംഭിച്ചുവെന്നവകാശപ്പെടുന്ന രണ്ടു കുലീനപാരമ്പര്യങ്ങളുടെ ചരിത്രം, പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുവിൽ വർക്കിയവിര എന്ന പുലയൻ വെളുത്ത പെണ്ണിനെ കെട്ടാൻ മോഹിച്ച് തന്റെ ഭൂതകാലത്തിനു കെട്ടിയുണ്ടാക്കിയ ഒന്നുമാത്രമായിരുന്നുവെന്നു കൊച്ചുമക്കൾ തിരിച്ചറിയുന്നു. മധ്യകേരളത്തിൽനിന്ന് കൃഷിഭൂമിതേടി മലബാറിന്റെ കിഴക്കൻ മലയോരങ്ങളിലെത്തിയ വിർക്കിയവിരായുടെ അടുത്ത തലമുറയിലെ കുഞ്ചെറിയയും മകൻ കുഞ്ഞേപ്പും കുടക് അതിർത്തിവരെ റബ്ബർതോട്ടങ്ങൾ വ്യാപിപ്പിച്ചു. കുഞ്ഞേപ്പിന്റെ മക്കൾ ഫിലിപ്പോസും ജോണിയും. ജോണിയുടെ മക്കൾ സണ്ണിയും എമിലിയും. മക്കളില്ലാതെ അർത്തുങ്കൽ വെളുത്തച്ചനെ പ്രാർത്ഥിച്ചുണ്ടായ ഫിലിപ്പോസിന്റെ മകൻ ഇറാനിമോസ്. വെളുത്ത തൊലിയിൽ വംശശുദ്ധിയുടെ വ്യാജഭൂതങ്ങൾ ചമച്ചുണ്ടാക്കിയ കുഞ്ഞേപ്പിന്റെയും ഫിലിപ്പോസിന്റെയും അഭിമാനത്തിനേറ്റ ക്ഷതമായിരുന്നു, കറുത്തിരുണ്ട ഇറാനിമോസിന്റെ ജനനം. മധ്യകേരളത്തിൽ ജാതിപീഡനവും ദാരിദ്ര്യവും കൊണ്ടു പൊറുതിമുട്ടിയ പുലയരെ ക്രിസ്തുമതത്തിൽ ചേർത്ത് നിക്കോളാച്ചൻ എന്ന ജർമൻ പുരോഹിതൻ കുടിയിരുത്തിയ കരിക്കോട്ടക്കരിയെന്ന മലയോരഗ്രാമത്തിന്റെ വിത്താണ് ഇറാനി എന്ന് പലരും കരുതി. രക്തം, രക്തത്തെത്തേടിച്ചെല്ലുംപോലെ കൗമാരത്തിൽ ഇറാനിമോസ് കരിക്കോട്ടക്കരിയിലെത്തി. അവിടത്തെ പുലയ ക്രൈസ്തവരുടെ ഉടലും നിറവും പ്രകൃതവും തന്നെയാണു തന്റേതെന്നവൻ തിരിച്ചറിയുന്നു. പന്നിപ്പാട്ടിലൂടെ കരിക്കോട്ടക്കരിയോട് ആത്മബന്ധം സ്ഥാപിക്കുന്ന ഇറാനി, സെബാൻ എന്ന കൂട്ടുകാരനിലൂടെ ആ ദേശത്തിന്റെ ഭാഗമാകുന്നു. എസ്റ്റേറ്റിലെ പഴയ പണിക്കാരനും, കരടിരോമങ്ങളും കരിമ്പാറ ശരീരവുമുള്ള കള്ളവാറ്റുകാരൻ യോന്നാച്ചൻ തന്റെ അപ്പനാണെന്ന് ഇറാനി വിശ്വസിച്ചുതുടങ്ങുന്നു. ജാരപിതൃത്വത്തിന്റെ ഈ സംശയം അമ്മയുടെ മരണം വരെ ഇറാനിയെ വേട്ടയാടുന്നുമുണ്ട്.

കോളേജ്പഠനം കഴിഞ്ഞെത്തിയ നാളുകളിലൊന്നിൽ, ഒരു പെസഹാവ്യാഴരാത്രിയിൽ, ഇറാനി എമിലിച്ചേച്ചിയുമായി ചെയ്ത പാപം വല്യപ്പച്ചൻ കണ്ടതോടെ അവൻ വീടുവിട്ടിറങ്ങുന്നു. അമ്മയുടെ കണ്ണീർ അവന്റെ കഴലുകെട്ടിയില്ല. അപ്പനും വല്യപ്പനും സർപ്പസന്തതിയായെണ്ണി അവനെ കുടിയിറക്കി. കരിക്കോട്ടക്കരിയിലെത്തി നിക്കോളാച്ചനോടൊപ്പം കഴിയുന്ന അയാൾ സെബാന്റെ സഹോദരി ബിന്ദുവിനെ ഭാര്യയാക്കാൻ ആഗ്രഹിച്ചു. സെബാനാകട്ടെ, പഠനം കഴിഞ്ഞ് തൊഴിലൊന്നും കിട്ടാതായപ്പോൾ ക്രിസ്തുമതം സ്വീകരിച്ച പുലയർക്ക് ദലിത്‌സംവരണം ലഭിക്കുകയില്ല എന്നു തിരിച്ചറിഞ്ഞു. അയാൾ താൻ ഹിന്ദുവാണെന്നു വരുത്താൻ വീട്ടിൽനിന്നു പുറപ്പെട്ടുപോയി പുതിയൊരു ജീവിതം തുടങ്ങി, സംവരണവും തൊഴിലും നേടിയെടുത്തു. ആകാശത്തും ഭൂമിയിലുമല്ലാത്ത ദലിത് ക്രിസ്ത്യാനിയുടെ അവസ്ഥയിൽ മനംനൊന്ത ബിന്ദു താനൊരു ഹിന്ദുവിനെ മാത്രമേ വിവാഹം കഴിക്കൂ എന്നു തീരുമാനമെടുത്തതോടെ തന്റെ വേരുകൾ തേടി ഇറാനി ആലപ്പുഴയിലെ പുലയഗ്രാമങ്ങളിലേക്കു പോയി. അവിടെനിന്നെത്തി ഇടയ്ക്കിടെ കരിക്കോട്ടക്കരിയിലെ പുലയ ക്രൈസ്തവരെ അവരുടെ വേരുകളെക്കുറിച്ചോർമ്മിപ്പിക്കുകയും നിക്കോളാച്ചനെ തെറിവിളിക്കുകയും ചെയ്തിരുന്ന ചാഞ്ചൻ വല്യച്ചനായിരുന്നു ഇറാനിയുടെ അഭയം. അയാൾ അവനെ പുലയരുടെ വംശചരിത്രവും ഭൂതകാല സംസ്‌കാരവും പഠിപ്പിച്ചു. ചേരമരുടെ ചോരഗാഥകളും വീരഗാഥകളും വിദേശികളുടെ തൊലിവെളുപ്പിനു മുന്നിൽ തലകീഴ്മറിഞ്ഞ ചരിത്രം. ഇറാനിയുടെ വല്യപ്പനും നിക്കോളാച്ചനും ചാഞ്ചൻ വല്യച്ചനും മരിച്ചു. അമ്മയുടെ മരണമറിയിക്കാനെത്തിയ അപ്പൻ അവന്റെ മുന്നിൽ അധികാരത്തിൽ കുടുംബത്തിന്റെ യഥാർഥ ചരിത്രത്തിന്റെ കടുംകെട്ടഴിച്ചു കുമ്പസാരിച്ചു. നാലുതലമുറ മുൻപ് തങ്ങളും പുലയരായിരുന്നുവെന്നും ഒരു തള്ളയ്ക്കുണ്ടായവർ തന്നെയാണ് ചാഞ്ചൻ വല്യച്ചന്റെയും തന്റെയും പൂർവികരെന്നും ഫിലിപ്പോസിനറിയാമായിരുന്നു. തൊലിവെളുപ്പിന്റെ മിഥ്യാഭിമാനത്തിൽ തങ്ങളുണ്ടാക്കിയ സാമ്രാജ്യം ഇറാനിമോസിലൂടെ അവസാനിക്കുകയാണെന്ന് അയാൾ തിരിച്ചറിയുന്നു. തദ്ദേശവാസികളെ ആട്ടിപ്പായിച്ച് അധികാരത്തിൽ കുടുംബമുണ്ടാക്കിയ തോട്ടങ്ങൾ അവർക്കുതന്നെ വിട്ടുകൊടുത്ത്, അവരിലൊരാളായി തന്റെ മകനെയും അംഗീകരിക്കുന്ന ഫിലിപ്പോസിൽ നോവൽ അവസാനിക്കുന്നു.

മൂന്നു സ്ഥലകാലങ്ങളിലാണ് 'കരിക്കോട്ടക്കരി'യുടെ ആഖ്യാനഭൂപടം രൂപം കൊള്ളുന്നത്. മാലോത്തെ അധികാരത്തിൽ എസ്റ്റേറ്റ് കേന്ദ്രീകരിച്ചുള്ള ഇറാനിമോസിന്റെ ബാല്യകൗമാരങ്ങളുടെയും നസ്രാണികളുടെ മുഷ്‌കിന്റെയും കഥയാണ് ഒന്നാം സ്ഥല-കാല ഭാഗം. കെ.ജി. ജോർജിന്റെ 'ഇരകൾ' ഇടയ്ക്കിടെ ഓർമ്മിപ്പിക്കും, ഇവിടം. തറവാടിത്തത്തോടു വിടപറഞ്ഞ് കരിക്കോട്ടക്കരിയിലെത്തുന്ന ഇറാനിയുടെയും അവിടത്തെ പുലയരുടെയും ജീവിതമാണ് രണ്ടാം ഭാഗം. ദലിത്-ക്രൈസ്തവതയുടെ സന്ദിഗ്ദ്ധതകളിൽനിന്ന് പുലയരുടെ വംശവേരുകൾ തേടി വെട്ടയ്ക്കൽ എന്ന തീരദേശഗ്രാമത്തിലെത്തുന്ന ഇറാനിയുടെ അനുഭവങ്ങളും തിരിച്ചറിവുകളുമാണ് മൂന്നാം ഭാഗം. വല്യപ്പച്ചൻ നിർണയിക്കുന്ന വർണവെറിയുടെയും നിക്കോളാച്ചൻ നിർണയിക്കുന്ന മതവാദത്തിന്റെയും ചാഞ്ചൻ വല്യച്ചൻ നിർണയിക്കുന്ന ജാതിസ്വത്വത്തിന്റെയും രാഷ്ട്രീയങ്ങൾ ഈ മൂന്നു ഭാഗങ്ങളെയും ചരിത്രവൽക്കരിക്കുന്നു.

ഈ ചരിത്രവൽക്കരണമാകട്ടെ, അടിമുടി പ്രശ്‌നഭരിതവുമാണ്. തരിസാപ്പള്ളിശാസനത്തോളം പഴക്കമുള്ള രണ്ടു കുലീനതകളുടെ കലർപ്പിന്റെ ഭൂതകാലമാണ് തങ്ങളുടേതെന്ന വ്യാജസമ്മതി നിർമ്മിച്ചെടുക്കുകയാണ് അധികാരത്തിൽ കുടുംബത്തിന്റെ ചരിത്രം. കൊളോണിയലിസത്തിന്റെ പിന്മുറക്കാരനായി നിലനിൽക്കുന്ന നിക്കോളാച്ചൻ പുലയരെ ക്രിസ്തുമതത്തിൽ ചേർത്ത് 'കറുത്ത കുർബ്ബാന' ചൊല്ലുമ്പോഴും അവരുടെ വംശീയമായ വേരുകൾ മുറിച്ചുമാറ്റുകയാണ് കരിക്കോട്ടക്കരിയിലെ ആദർശാത്മകഗ്രാമത്തിന്റെ നിർമ്മിതിയിലൂടെ. ക്രിസ്തുമതത്തിൽ ചേർന്നവർക്കും ചേരാത്തവർക്കുമിടയിൽ സ്വന്തം വംശത്തിന്റെ പുരാവൃത്തങ്ങൾകൊണ്ടു കെട്ടിയ സങ്കല്പസേതുവിൽ അസ്വസ്ഥനായലയുകയാണ് ചാഞ്ചൻ വല്യച്ചൻ. ചേരമരുടെ കേരളം അധിനിവേശകർ തട്ടിയെടുത്തതിന്റെ ചരിത്രമാണ് അയാളുടെ ഓർമയിലും പ്രജ്ഞയിലും നിറയെ. എഴുതപ്പെട്ട സിലബസിനു പുറത്തുപോയി കുട്ടികളെ ചരിത്രം പഠിപ്പിക്കുന്ന ഇറാനിമോസും കറുത്തവന്റെ വംശഗാഥയാണ് ഉരുവിടുന്നത്.

മലബാർ കുടിയേറ്റം എന്ന ഇരുപതാം നൂറ്റാണ്ട് മധ്യത്തിലെ ദശാസന്ധിയിലാണ് മേല്പറഞ്ഞ മൂന്നു ചരിത്ര-രാഷ്ട്രീയങ്ങളും സംഗമിക്കുന്നത്. മധ്യകേരളത്തിൽനിന്നുവന്ന ഉപരി-മധ്യവർഗ സുറിയാനി ക്രിസ്ത്യാനികൾ തങ്ങളുടെ പണിക്കാരായി കൊണ്ടുവന്നു കുടിയിരുത്തിയ പുലയ ക്രിസ്ത്യാനികളുടെയും നാടുകടത്തിയ തദ്ദേശവാസികളുടെയും 'പ്രേതഭാഷണ'ങ്ങളാണ് കരിക്കോട്ടക്കരിയുടെ വർത്തമാനം. ഉർവ്വരഭൂമികളിൽ തറവാടുകളും തോട്ടങ്ങളും പള്ളികളും പട്ടണങ്ങളും വളർന്നുയർന്നപ്പോൾ ഊഷരഭൂമികളിൽ പുലയരും പറയരും ആദിവാസികളുമുൾപ്പെടുന്ന കറുത്ത മനുഷ്യർ പന്നിക്കൂട്ടങ്ങളെപ്പോലെ പെറ്റുപെരുകി. പ്രകൃതിയോടും ദലിതരോടും ആദിവാസികളോടും കുടിയേറ്റക്കാർ ചെയ്ത പാപത്തിന്റെ സ്മാർത്തവിചാരമായി മാറുന്നു, ഈയർഥത്തിൽ കരിക്കോട്ടക്കരി.

വർണത്തിന്റെയും മതത്തിന്റെയും വർഗത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും വെറികളാണ് തീരങ്ങളിലും സമതലങ്ങളിലുമെന്നപോലെ മലനിരകളിലും കേരളീയ സവർണക്രിസ്ത്യാനികളുടെ ആധുനിക സ്വത്വത്തെ നിർണയിച്ച ഏറ്റവും പ്രമുഖമായ സാമൂഹ്യശാസ്ത്രഘടകം. ജാതിയും വംശവും തദ്ദേശീയമാണെങ്കിൽ വർണവും മതവും വൈദേശികമാണ്. വർഗമാകട്ടെ രണ്ടിന്റെയും നിർമ്മിതിയും. ഇവയിൽ വർണത്തിന്റെ രാഷ്ട്രീയമാണ് ഈ നോവലിലെ പ്രത്യക്ഷ സൂചകം. അധിനിവേശകരുടെ വെളുപ്പിനോടുള്ള കൊളോണിയൽ വിധേയത്വംതന്നെ മലബാർ കുടിയേറ്റത്തിലും സവർണ ക്രിസ്ത്യാനികൾ സ്വന്തം സാംസ്‌കാരിക മൂലധനമായി കൊണ്ടുനടക്കുന്നു. തങ്ങളുടെ ജാരപിതൃത്വങ്ങളുടെ ജാള്യങ്ങൾ മറയ്ക്കാൻ അവർ ഊതിവീർപ്പിച്ച അഹന്ത മാത്രമാണ് വെളുപ്പിന്റെ വചനപ്രഘോഷണവും കറുപ്പിനോടുള്ള നിന്ദയുമെന്ന് കരിക്കോട്ടക്കരി സ്ഥാപിക്കുന്നു. അധികാരത്തിൽ തറവാടിനുള്ളിലും പുറത്തുമുള്ള ഇറാനിമോസിന്റെ ജീവിതം ഈ അഹന്തയുടെ അന്ത്യകൂദാശയായി മാറുന്നു.

ദലിത്-ക്രൈസ്തവതയുടെ പ്രശ്‌നവൽക്കരണത്തിലേക്കാണ് ഈ വർണരാഷ്ട്രീയം നേരിട്ടു വിരൽചൂണ്ടുന്നത്. കേരളീയ ക്രൈസ്തവസമൂഹത്തിൽ ഉദയംപേരൂർ സുനഹദോസിന്റെ കാലത്തുപോലും (1599) നിലനിന്ന സംവാദഭൂമികകളിലൊന്നായിരുന്നു, ഇതെന്നു സൂചിപ്പിച്ചു. വെള്ളിക്കരമത്തായി പിന്നീടു നവോത്ഥാനകാലത്തുണ്ടായ ഒരു തുടക്കം മാത്രമായിരുന്നു. 'കാണുന്നീലൊരക്ഷരവും...' എന്ന കവിതയിലൂടെയും സ്വന്തം സഭയിലൂടെയും (പ്രത്യക്ഷരക്ഷാദൈവസഭ) പൊയ്കയിൽ അപ്പച്ചൻ ഒരുപടികൂടി മുന്നോട്ടുപോയി. പക്ഷെ 'നായർ ക്രിസ്ത്യാനി'കളു(പി.കെ. ബാലകൃഷ്ണന്റെ പ്രയോഗം)ടെ മുഷ്‌ക്കുണ്ടോ അവസാനിക്കുന്നു? അവർ വർണവിവേചനത്തിന്റെ പാശ്ചാത്യപാരമ്പര്യവും ജാതിവിവേചനത്തിന്റെ ഭാരതീയപാരമ്പര്യവും തങ്ങളുടെ അർഥശാസ്ത്രമാക്കി മാറ്റി ഇന്നും. ദലിത് ക്രൈസ്തവരെ ദലിതരായിത്തന്നെ നിലനിർത്തുന്നു. കരിക്കോട്ടക്കരി ഈയർഥത്തിൽ കേരളക്രൈസ്തവസഭയുടെ ചാവുദോഷങ്ങളിലൊന്നിന്റെ പാനപ്പുസ്തകമായി മാറുന്നു.


സവർണക്രിസ്ത്യാനികളുടെ വ്യാജചരിത്രമല്ല പുലയരുടേത്. അവരുടെ നേരും നെറിയുമുള്ള വംശഗാഥയാണ് രാഷ്ട്രീയാർഥത്തിൽ കരിക്കോട്ടക്കരി. ചാഞ്ചൻ വല്യച്ചൻ പറയുന്ന മിത്തുകളിലും പുരാവൃത്തങ്ങളിലും മാത്രമല്ല, സെബാന്റെ കുടുംബം ജീവിക്കുന്ന ജീവിതങ്ങളിലും കണ്ണമ്മച്ചേച്ചിയുടെ കുസലറ്റ കാമായനങ്ങളിലുമുണ്ട് ആ വംശവൃക്ഷത്തിന്റെ ഇലയനക്കങ്ങൾ. പന്നിപ്പാട്ടിൽ മുതൽ വെടിക്കുഞ്ഞേട്ടന്റെ കൃഷിയിടങ്ങളിൽവരെ അതു തിരയടിക്കുന്നു. കരിക്കോട്ടക്കരിയും വെട്ടയ്ക്കലും കേരളീയ പുലയരുടെ രണ്ടു സാമൂഹികസ്വത്വങ്ങളുടെ രാഷ്ട്രീയമാണു പങ്കുവയ്ക്കുന്നത്. പുലയർ പുലയരായിത്തന്നെ ജീവിക്കുന്നതിന്റെ സാധ്യതകൾ ഒരുവശത്ത്. സംവരണമുൾപ്പെടെയുള്ള ഭരണകൂടവാഗ്ദാനങ്ങൾ അവർക്കുമാത്രമവകാശപ്പെട്ടതാണ്. ക്രിസ്തുമതത്തിൽ ചേരുന്നതോടെ പുലയർക്കും ഇതര ദലിത്‌വിഭാഗങ്ങൾക്കും സംവരണം ഇല്ലാതാകുന്നു. ദലിതരുടെ മതാദേശം അവരുടെ ജാത്യസ്തിത്വം റദ്ദാക്കുന്നു എന്നർഥം. ഒരു ലാഭത്തിന് ഒരു നഷ്ടം എന്ന കണക്കിൽ ജാത്യടിമത്തത്തിന്റെ മറികടക്കലിനൊപ്പം ജാതിസംവരണം അവർക്കു നഷ്ടമാവുകയായിരുന്നു.

[BLURB#1-H]ഇറാനിമോസിന്റെ വല്യപ്പച്ചൻ കുഞ്ഞേപ്പ്, തന്റെ മരണത്തിലൂടെ സാക്ഷാത്കരിക്കുന്നതും മറ്റൊന്നല്ല. തന്റെ ചോര പുലയന്റേതാണെന്ന അബോധം മരണംവരെ അയാളെ വേട്ടയാടി. അതിന്റെ മറികടക്കലിനുള്ള യുദ്ധമായിരുന്നല്ലോ അയാളുടെ ജീവിതം തന്നെയും. പക്ഷെ കാലം, അതിന്റെ നീതിസാരം അയാളിൽ നടപ്പാക്കുകതന്നെ ചെയ്തു. നോക്കുക: 'അങ്ങേര് അധികം കെടന്നില്ല. കൊറച്ചു ദിവസമായി കാക്കശല്യം സഹിക്കാൻ പറ്റുന്നില്ലെന്നും പറഞ്ഞ് പറമ്പില് നടക്കുകാരുന്നു. പിന്നെ മുറിക്കകത്തുകയറി ഇരിപ്പായി. അഞ്ചുദിവസം ആ ഇരിപ്പിരുന്നു. ആറാം ദിവസം രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റു. ഒരു തോർത്തുമുണ്ട് മാത്രമേ അങ്ങേര് ഉടുത്തിരുന്നുള്ളൂ. മുറ്റത്തിറങ്ങി ഒരു വട്ടയിലപറിച്ച് കുമ്പിൾ കുത്തി തലേൽവച്ച് പാടത്തേക്ക് നടന്നു. വീതിയുള്ള ഒരു ചളിവരമ്പിൽ തെക്കോട്ട് തലവച്ച് മലർന്നുകിടന്നു. കുടുംബക്കാർ എല്ലാവരും വന്ന് വിളിച്ചിട്ടും അങ്ങേര് മിണ്ടീല്ല. ഒൻപതരയായപ്പോൾ പൈലിച്ചേട്ടനോട് പറഞ്ഞു തോട്ടീന്നിത്തിരി വെള്ളംകോരി ഇറ്റിച്ചുകൊടുക്കാൻ. മരണം വരുന്നത് കണ്ട് എല്ലാവരും ഈശോ മറിയം യൗസേപ്പേന്ന് ചൊല്ലിക്കൊടുത്തു. അങ്ങേര് അത് ഏറ്റുചൊല്ലീല്ലെന്നാ കണ്ടുനിന്നോര് പറഞ്ഞെ.

സർവ്വപ്രതാപിയായ അധികാരത്തിൽ കാരണവർ ഈരിഴത്തോർത്തുടുത്ത് ചളിവരമ്പിൽ കിടന്ന് തോട്ടുവെള്ളം കുടിച്ച് മരിച്ചതിന്റെ കാരണമെന്തായിരിക്കും. അജ്ഞാതമായ വിധി എന്നു ഞാൻ സമാധാനിച്ചു.

കല്ലറയ്ക്കു മുൻപിൽ വികാരിയച്ചൻ പ്രാർത്ഥനയിലൂടെ ആ സത്യം ഓർമ്മിപ്പിച്ചു'.

'മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്കുതന്നെ മടങ്ങുന്നു'.

ശരീരങ്ങൾക്കു തീപിടിക്കുന്ന ലൈംഗികാസക്തികളുടെ പരമ്പരകളുണ്ട് കരിക്കോട്ടക്കരിയിൽ. അഞ്ചുതലമുറ നോക്കിവേണം ബന്ധുത്വമെന്ന പ്രമാണം തെറ്റിച്ചുനടന്ന ഫിലിപ്പോസിന്റെ വിവാഹം മുതൽ (അതിന്റെ ഫലമാണ് ഇറാനിമോസ്) എമിലിച്ചേച്ചിയുമായുള്ള ഇറാനിയുടെ ബന്ധംവരെ - അഗമ്യഗമനങ്ങളുടെ എത്രയെങ്കിലും കഥകൾ. ഫിലിപ്പോസിന്റെതന്നെ പാരമ്പര്യത്തിൽ തോട്ടത്തിലെ പണിക്കാരിപ്പെണ്ണുങ്ങളെ പ്രാപിക്കുന്ന സണ്ണിയുടെ സാഹസങ്ങൾ. സണ്ണി പറയുന്ന കഥകളിലും വ്യാഴാഴ്ചപ്പടങ്ങളിലുമുള്ള ആൺവീരത്തങ്ങൾ. സെബാനും ഇറാനിയും തമ്മിലുള്ള സ്വവർഗരതിയുടെ ഉടലഴിവുകൾ. ഇഷ്ടം തോന്നിയാൽ ആർക്കും ആരോടുമാകാം എന്ന തത്വം പാലിക്കുന്ന കണ്ണമ്മച്ചേച്ചിയുടെ രതിജീവിതം, അന്ധനായ മരങ്ങന്റെ ഇരുണ്ട ദേഹാന്തരങ്ങൾ... ആത്മാവിന്റെ കാവൽമാലാഖമാരെ കബളിപ്പിച്ചോടുന്ന കാമത്തിന്റെ കരിങ്കുതിരകളാണ് കരിക്കോട്ടക്കരിയിലെ മനുഷ്യർ.

പ്രകൃതിയോടും ദലിതരോടും ചരിത്രപരമായി നിർവഹിക്കേണ്ട നീതിയുടെ വേദപാഠമാണ് കരിക്കോട്ടക്കരി. കുടിയേറ്റത്തിന്റെ കുറ്റപത്രമല്ല, കയ്യേറ്റത്തിന്റെ കാട്ടുനീതികൾക്കെതിരെയുള്ള ഓർമ്മപ്പുസ്തകമാണത്. ബിന്ദുവും സഖാക്കളും കൊടിനാട്ടുന്ന തോട്ടങ്ങൾ കയ്യേറ്റഭൂമികളാണെന്ന് നോവലും നമ്മുടെ കാലവും ഒരേസ്വരത്തിൽ വിളിച്ചുപറയുന്നു. ചെങ്കൽ ക്വാറികൾ തിന്നുതീർക്കുന്ന കണ്ണൂരിന്റെ കിഴക്കൻ മലയോരങ്ങളിലെ പ്രതിരോധ രാഷ്ട്രീയവുമുണ്ട്, നോവലിൽ.

'ഞാൻ കണ്ണുകളടച്ചു. മനസ്സുമാത്രം അറിയുന്ന ഒരു കാറ്റ് കടന്നുപോയി. എന്റെ ചുറ്റുമുള്ള പ്രകൃതി. മണ്ണിനടിയിലെ കൃമികീടങ്ങളുടെ ഇളക്കം... ചിലത് മുകളിലേക്കെത്തി കൊഴിഞ്ഞ ഇലകൾക്കിടയിൽ അരിച്ചുനടക്കുന്നു. പൊൻനിറമുള്ള പാറ്റകൾ, മഴവിൽക്കുപ്പായമിട്ട ഉരുളൻ വണ്ടുകൾ, പുള്ളിയുടുപ്പിട്ട പുഴുക്കൾ, മണ്ണിരകൾ, ചുരുളൻ തേരട്ടകൾ, വളപുളപ്പൻ വരയിട്ടുപോകുന്ന ഒച്ചുകൾ, തേളുകൾ, പഴുതാരകൾ, അതിനു മുകളിൽ തലയുയർത്തിപ്പോകുന്ന പാമ്പുകൾ, മുയലുകൾ, കീരികൾ, മരപ്പട്ടികൾ, അണ്ണാറക്കണ്ണന്മാർ, കുറുക്കന്മാർ, ചെന്നായകൾ, മാനുകൾ, പുലികൾ... അതിനുമുകളിൽ പറന്നുപോകുന്ന കാട്ടുകോഴികൾ, കാക്കകൾ, കരിയിലപ്പിടകൾ, ചെമ്പോത്തുകൾ, മയിലുകൾ, വവ്വാലുകൾ... മണ്ണും ചെടികളും ആകാശവും നിറയെ ജീവികൾ. അവരിലൊരാളായി ഞാനും. വർഷങ്ങളായി ഈ ശാന്തതയാണ് ഞാൻ തേടിനടന്നത്'.

മേല്പറഞ്ഞ മുഴുവൻ ആഖ്യാനഘടകങ്ങളെക്കാളും മൗലികതയോടെയും ലാവണ്യാത്മകതയോടെയും 'കരിക്കോട്ടക്കരി' സൃഷ്ടിക്കുന്ന നോവലിന്റെ കല, വിനോയ് തോമസ് പുനരാനയിക്കുന്ന കുടിയേറ്റ ജീവിതത്തിന്റെ സാംസ്‌കാരിക നരവംശശാസ്ത്രമാണ്. വടംവലി, ഇൻട്രിയപ്പം പുഴുങ്ങൽ, കപ്പപ്പാട്ട്, പന്നിപ്പാട്ട്, മീൻവേട്ട, പോട്ടിക്കറിവയ്ക്കൽ, വെടിക്കോപ്പൊരുക്കൽ, വീടുകെട്ടൽ, ചാരായം വാറ്റ്, പള്ളിപ്രദക്ഷിണം, ഓശാനപ്പെരുന്നാൾ, കശാപ്പ്, ബാന്റ്‌മേളം.... സവർണ-അവർണ ക്രൈസ്തവരുടെ ഭൗതിക-ആത്മീയ അനുഭൂതികൾ തികച്ചും അപൂർവമായൊരു നോവൽജീവിതം കൈവരിക്കുകയാണ് കരിക്കോട്ടക്കരിയിൽ. ക്രൈസ്തവ ജനപ്രിയസംസ്‌കാരത്തിന്റെയും മതചരിത്രത്തിന്റെയും പാഠരൂപങ്ങൾ ഈവിധം മൂർത്തമായി മുൻപവതരിപ്പിച്ചിട്ടുള്ളത് എൻ.എസ്. മാധവനാണ് - 'ലന്തൻബത്തേരി'യിൽ. തീർത്തും ഭിന്നമായ ഒരു ഭാവനാഭൂപടം സൃഷ്ടിച്ചുകൊണ്ട് അസാധാരണമായ എല്ലുറപ്പും കാവ്യാത്മകതയുമുള്ള ഭാഷയിലൂടെ മലയാളനോവലിന്റെ ആഖ്യാനകലയിൽ സൗന്ദര്യശാസ്ത്രപരമായ ഒരു കുതിപ്പുതന്നെ നടത്തുകയാണ് എസ്. ഹരീഷിനുശേഷം മലയാളത്തിലുണ്ടായ ഏറ്റവും മികച്ച ചെറുകഥാകൃത്തുകൂടിയായ വിനോയ് തോമസ്.

നോവലിൽ നിന്ന്:-

'എന്റെ മുറിയിൽ ബൾബ് തെളിച്ചപ്പോൾ എമിലിച്ചേച്ചിയുടെ പതിഞ്ഞ ശബ്ദം.

'ഓട്ടുറുമ വരും ലൈറ്റ് കെടുത്തെടാ'. കട്ടിലിൽ ചേച്ചി കിടക്കുകയാണ്.

ഞാൻ ലൈറ്റണച്ചു. ചേച്ചിയുടെ അരികിൽ കിടന്നു. ശങ്കരൻകുട്ടിക്കഥകളാണ് മനസ്സിൽ. പുറത്ത് മഴ ശക്തിയായി പെയ്തപ്പോൾ ചേച്ചി എന്നെ കെട്ടിപ്പിടിച്ചു. ഇൻട്രിയപ്പം മണക്കുന്ന ചേച്ചിയുടെ ചുണ്ടുകൾ എന്റെ മൂക്കിന് മുൻപിലായിരുന്നു. ഞാൻ മൂക്കുതുറന്ന് മണം പിടിച്ചപ്പോൾ ചേച്ചി ചുണ്ടുകളകത്തി. വിറയ്ക്കുന്ന ആ ചുണ്ടുകളുടെ രുചിയറിയാൻ ഞാൻ നാവു നീട്ടി തൊട്ടു. ചേച്ചി ചുണ്ടുകളമർത്തി നാവിനെ രുചിച്ചു.

'വാതിലടച്ച് വാ' എന്ന് പതിയെ മന്ത്രിക്കാനായി ചേച്ചി എന്റെ നാവിനെ സ്വതന്ത്രമാക്കി.

വാതിലടച്ച് തിരികെയെത്തുമ്പോൾ ഞാൻ ഒരു പുരുഷൻ മാത്രമായിരുന്നു. ചേച്ചി ഒരു സ്ത്രീയും.

സ്ത്രീയെ പുരുഷൻ രുചിച്ചു. തരിപ്പിക്കുന്ന ഉപ്പുരസങ്ങളിലൂടെ നാവ് നീന്തി. വെളുത്തുള്ളിമണത്തെ കീഴടക്കി. പെൺമയുതിർത്ത സൃഷ്ടിയുടെ ആദിമഗന്ധം മുറിയിൽ നിറഞ്ഞു. വയൽമണ്ണ് പോലെ പതുപതുത്ത മുഴുപ്പുകളിൽ കൈകൾ ശില്പവടിവറിഞ്ഞു. മിന്നൽ വെളിച്ചത്തിൽ ഇതുവരെ കാണാത്ത രസരഹസ്യങ്ങൾ കാണാൻ കണ്ണുകൾ ആർത്തിപിടിച്ചു. വിജൃംഭിച്ച വികാരങ്ങൾകൊണ്ട് യുക്തിരഹിതമാക്കപ്പെട്ട വാക്കുകളും ശബ്ദങ്ങളും ചെവിയിൽ സുരതം നടത്തി. പരസ്പരം നൊമ്പരപ്പെടുത്തി. വിയർപ്പണിയിച്ചു. മുരൾച്ചകളുണർത്തി. മൂർച്ചിപ്പിച്ചു.

അവസാനിക്കാൻ മടിക്കുന്ന പ്രഭാതസന്ധ്യയെപ്പോലെ ശാന്തമായി ഞങ്ങൾ പിണഞ്ഞു കിടന്നപ്പോൾ എമിലിച്ചേച്ചി ചോദിച്ചു.

'ഞാൻ നിന്റെ പെങ്ങളല്ലേ?'

'അല്ല' ഞാൻ പറഞ്ഞു.

എന്റെ കൈകളിൽ പതുക്കെ തടവിക്കൊണ്ട് എമിലിച്ചേച്ചി എന്തോ ആലോചിച്ചു. അന്നാദ്യമായി എന്റെ ജാരപിതൃത്വം എന്നെ ആശ്വസിപ്പിച്ചു. എന്റെ ഉത്തരത്തിന് തുടർചോദ്യങ്ങളില്ലാത്ത നിശ്ശബ്ദയായ ചേച്ചി തലചെരിച്ച് എന്റെ ചുണ്ടുകൾക്ക് മേൽക്കൂരയിടുന്ന ഒരു നനുത്ത ചുംബനം തന്നു. സഹോദരത്വത്തിൽ എന്റെ വിടുതൽ അംഗീകരിക്കുന്ന രതിമുദ്രയായിരുന്നു അത്. എമിലിച്ചേച്ചിയും അധികാരത്തിൽ കുടുംബത്തിൽനിന്ന് എന്നെ പുറത്താക്കിയിരുന്നോ...?

പിറ്റേന്ന് ദുഃഖവെള്ളിയാഴ്ച. എല്ലാവരും തറവാട്ടിൽനിന്നാണ് പള്ളിയിൽ പോയത്. കറുത്ത മേലങ്കി ധരിച്ച വികാരിയച്ചൻ ക്രൂശിക്കപ്പെടുവാനുള്ള കുഞ്ഞാടായി അൾത്താരയിൽ നിന്നു. 

കറുത്ത മേലങ്കിയണിഞ്ഞ ക്രിസ്തുവിനോട് എനിക്കു സ്‌നേഹം തോന്നി.

ആളുകൾ അവന്റെ മുഖത്ത് തുപ്പുകയും അധികാരത്തിന്റെ രാജാവേ സ്വസ്തി എന്നുപറഞ്ഞ് അവഹേളിക്കുകയും ചെയ്തു.

യഹൂദരുടെ രാജാവേ എന്നല്ലേ പറയേണ്ടിയിരുന്നത്...? ദുഃഖവെള്ളിയാഴ്ച പള്ളിയിലിരുന്ന് ആലോചിക്കാൻ ധാരാളം സമയമുണ്ട്. ഞാൻ ചുറ്റുമുള്ളവരെ നോക്കി. അൾത്താരയിലേക്ക് നിർവ്വികാരമായി നോക്കിയിരുന്ന ഓരോരുത്തരിലും എന്തെല്ലാം ചിന്തകൾ. വെറുപ്പ്, പശ്ചാത്താപം, കാമം, വാത്സല്യം, സഹതാപം, ഭയം, ഭക്തി, നൂറു നൂറു വികാരങ്ങൾ എരിയുന്ന യാഗശാലയാണ് പള്ളി. ഓരോ വ്യക്തിയും ഓരോ അഗ്നികുണ്ഡങ്ങൾ.

തലേന്ന് കഴിച്ച തേങ്ങാപ്പാലിന്റെയും വെളുത്തുള്ളിയപ്പത്തിന്റെയും ദഹിച്ച ഗന്ധം ഇടയ്ക്ക് പള്ളിയിലുയർന്നു. കുന്തിരിക്കം പുകയുന്ന ധൂമക്കുറ്റി ജനങ്ങൾക്കിടയിലേക്കിറങ്ങിവന്ന് വീശിക്കൊണ്ട് കപ്യാർ വളിമണത്തെ ഉന്നതങ്ങളിലേക്ക് ഓടിച്ചുകളഞ്ഞു.

അൾത്താരയിലെ പീഡാനുഭവത്തിന്റെ നാടകം അവസാനിപ്പിച്ചപ്പോൾ പാട്ടുകാരൻ ജോസുചേട്ടൻ ഗദ്ഗദം നിറയുന്ന സ്വരത്തിൽ വിലപിച്ചു.

ഗാഗുൽത്താ മലയിൽനിന്നും
വിലാപത്തിൻ മാറ്റൊലി കേട്ടു.
ഏവമെന്നെ ക്രൂശിലേറ്റുവാൻ
അപരാധമെന്തു ഞാൻ ചെയ്തു.

വിലാപത്തിന്റെ നീറുന്ന കാറ്റുപോലെ കുരിശുരൂപം ചുംബിക്കാൻ മുന്നോട്ടൊഴുകുന്ന ആളുകൾക്കിടയിൽ ആദ്യാനുഭവത്തിന്റെ സുഖമുള്ള ഓർമ്മകളുമായി ഞാൻ എമിലിച്ചേച്ചിയെ തിരഞ്ഞു. സ്ത്രീകളുടെ ഭാഗത്തെ വരിയിൽ ഷാളുകൊണ്ട് തലമറച്ച് ചേച്ചി നിൽക്കുന്നു. ചേച്ചിക്കൊപ്പം കുരിശുരൂപത്തിനടുത്തെത്തുംവിധം വരിയിൽ ഞാൻ സ്വയം ക്രമീകരിച്ചു. ഒരുമിച്ചാണ് മുത്തിയത്. ചേച്ചി വിടർന്ന കണ്ണുകൾ കൊണ്ട് എന്നെ നോക്കി. കുരിശ്ശിൽ രക്തമൊഴുകിക്കിടക്കുന്ന ക്രിസ്തുരൂപത്തിന്റെ മുന്നിൽ വച്ച് എനിക്ക് ഉദ്ധാരണമുണ്ടായി. ആനവാതിക്കൽ കൈയിലിറ്റിക്കിട്ടിയ കിരിയാത്തുനീരിന് മധുരമായിരുന്നു. 

വൈകീട്ട് കൊട്ടത്തലച്ചി മലയിൽ കുരിശ്ശിന്റെവഴി ചൊല്ലി കയറുമ്പോഴും ചേച്ചിക്ക് സമാന്തരമായി ഞാൻ നടന്നു. തിരിച്ചിറങ്ങുമ്പോൾ കുടുംബക്കാരെല്ലാവരും ഒരുമിച്ചായിരുന്നു. എമിലിച്ചേച്ചി എന്റെ തോളിൽ പിടിച്ചാണ് നടന്നത്. ബോധപൂർവ്വം ഞങ്ങൾ അടുക്കുകയും സ്പർശിക്കുകയും ചെയ്തത് മറ്റുള്ളവർക്കു മനസ്സിലായില്ല.

അത്താഴം കഴിഞ്ഞ് കിടക്കുമ്പോൾ നേർത്ത വെളുത്തുള്ളിമണം ഒഴുകിവന്നു. ബാക്കി വന്ന ഇൻട്രിയപ്പം ഹർമോണിയം കട്ടകൾപോലെ മുറിച്ച് അമ്മ ഉണക്കാൻ വച്ചിട്ടുണ്ട്. മുറങ്ങളിൽ നിരത്തിയ അപ്പക്കഷണങ്ങൾ പഴയ കവണിയിട്ട് മൂടി അടുക്കളയിലാണ് വച്ചിരിക്കുന്നത്. 

വെളുത്തുള്ളിമണം പാമ്പുകളെ അകറ്റും. രതിനിർവ്വേദം സിനിമയിലെ അവസാനരംഗത്തെപ്പറ്റി ഞാൻ ഓർത്തു. ഇരുൾമൂടിയ സർപ്പക്കാവിനുള്ളിൽ ഞാനും എമിലിച്ചേച്ചിയും പുണർന്ന് നിൽക്കുന്നു.

വല്ല്യമ്മയുടെ മുറിയിൽ പതുങ്ങിച്ചെന്ന് എമിലിച്ചേച്ചിയുടെ കാലിൽ തഴുകി അടുക്കളയിലേക്ക് ക്ഷണിച്ചു. പാദസരങ്ങൾ കാൽവണ്ണയിലേക്ക് ഉയർത്തി മണികളനക്കാത്തവിധം മുറുക്കി ചേച്ചി എന്റെ ചുമൽ ചാരി കാവിലെത്തി. വെറും നിലത്ത് കൈലി വിരിച്ച് സർപ്പക്കളമൊരുക്കി. അഷ്ടബന്ധങ്ങളിൽ ഒന്നായ പാമ്പുകൾ കളത്തിൽ നിറഞ്ഞാടി. ഇൻട്രിയപ്പത്തിന്റെ മണം വിയർപ്പിന് തീ പിടിപ്പിച്ചു. ഒടുവിൽ പ്രണയത്താൽ നടുവേ പിളർന്ന ചേച്ചിയിൽ മുളപൊട്ടിയ ഞരക്കങ്ങൾ നാവുകൊണ്ട് ഞാൻ അമർത്താൻ ശ്രമിക്കവേ കാവിൽ തിരിതെളിഞ്ഞു.

ഞെട്ടിയെഴുന്നേൽക്കുമ്പോൾ ഞങ്ങളിൽനിന്ന് മുഖം തിരിച്ച് മച്ചോളം ഉയരമുള്ള വല്ല്യപ്പച്ചൻ.

അഴിഞ്ഞ വസ്ത്രങ്ങൾ വാരിയെടുത്ത് വിങ്ങിപ്പൊട്ടി എമിലിച്ചേച്ചി മുറിയിലേക്കോടി.

കറുത്ത കൈലികൊണ്ട് മേലങ്കിയിട്ട് ഞാൻ തലകുനിച്ച് വല്ല്യപ്പച്ചനു മുൻപിൽ നിന്നു.

ശബ്ദം കേട്ട് അമ്മ എഴുന്നേറ്റ് വന്നു. എന്തു സംഭവിച്ചുവെന്നറിയാതെ അമ്പരന്നു നിൽക്കുന്ന അമ്മയോട് വല്ല്യപ്പച്ചൻ പറഞ്ഞു:

'അവന്റെ മുന്നീന്ന് മാറിനിൽക്ക്. ഈ കരിമ്പൊലയന് അമ്മേം പെങ്ങളുമില്ല'.

തളർന്നു വീഴുന്ന അമ്മയെ കണ്ട് ആശ്വാസമായിരുന്നോ...? എങ്കിലും ആ കണ്ണുകൾ ചമ്മട്ടിക്കൊണ്ടെന്നപോലെ എന്നെ അടിച്ചു. ആ അടിയിൽ ഞാൻ നൊമ്പരപ്പെട്ടു. എന്റെ മുറിയിലേക്കുള്ള പടികൾ ഗാഗുൽത്തയായി. മുറിയിൽ ഒരു കല്ലറയ്ക്കുള്ളിൽ എന്നപോലെ ഞാൻ കിടന്നു.

ദുഃഖശനിയാഴ്ച അമ്മ എന്റെ കല്ലറയ്ക്കു മുൻപിൽ വന്ന് കരഞ്ഞു. താഴെ അപ്പന്റെ ശബ്ദം കേട്ടപ്പോൾ അമ്മ കണ്ണീർ തുടച്ച് ഇറങ്ങിപ്പോയി. കരഞ്ഞു വീർത്ത മുഖവുമായി എമിലിച്ചേച്ചി വീട്ടിലേക്കു പോകുന്നത് ഞാൻ ജനലിലൂടെ കണ്ടു. ശരി തെറ്റുകൾ ആലോചിക്കാൻ കഴിയാത്തവിധം എന്റെ മനസ്സ് മരവിച്ചു പോയിരുന്നു.

ഉയിർപ്പിന്റെ രാത്രിയിൽ പള്ളിയിൽനിന്ന് കതിനാവെടിയുടെ മുഴക്കം കേട്ട് ഞാനുണർന്നു. ജനലിലൂടെ നോക്കുമ്പോൾ മതിർക്കെട്ടിത്തിരിച്ച് മുറ്റത്തും പറമ്പിലും ഇരുളാണ്. ഞാനെന്റെ വെളുത്ത പുതപ്പുപേക്ഷിച്ച് എഴുന്നേറ്റു നിന്നു. കറുത്ത് തിളങ്ങുന്ന ഇരുട്ടിനോട് സൗഹൃദം തോന്നി. ഇരുപത്തിരണ്ടു വർഷം ജീവിച്ച അധികാരത്തിൽ തറവാടിന്റെ പൗരാനികമായ കോണിപ്പടികൾ ഇറങ്ങി വാതിൽ തുറന്നു. പുറത്ത് ഇരുട്ടിന്റെ കല്ലറകൾക്കുള്ളിലൂടെ ഉയിർപ്പിലേക്കു ഞാൻ നടന്നു'.

കരിക്കോട്ടക്കരി (നോവൽ)
വിനോയ് തോമസ്
ഡി.സി. ബുക്‌സ്, 2015, വില: 100 രൂപ