ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ അസൂയയുടെയും പകയുടെയും കഥയാണ് അബ്ദൂൾ കരീമിന്റെ ദുരന്തപൂർണമായ ജീവിതത്തിന് പിന്നിൽ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപയായിരുന്ന വിക്ടോറിയ രാജ്ഞിയുടെ ഏറ്റവും വിശ്വസ്തനായിരുന്നു കരീമെന്ന ഇന്ത്യൻ വംശജൻ. എന്നാൽ, രാജ്ഞിയുടെ മരണശേഷം എല്ലാവരും ഒറ്റപ്പെടുത്തി, അനാഥനുതുല്യം ജീവിച്ചുമരിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി.

'നിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തെ'ന്നും 'നിന്റെ പ്രിയപ്പെട്ട അമ്മ'യെന്നും രാജ്ഞി സ്വന്തം കൈപ്പടയിലെഴുതിയ നൂറുകണക്കിന് കത്തുകളാണ് കരീമിന്റെ പക്കലുണ്ടായിരുന്നത്. 13 വർഷത്തോളം രാജ്ഞിയുടെ നിഴലും മനസ്സുമായിരുന്നു കരീം. ഈ കത്തുകളൊക്കെ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നിർദേശപ്രകാരം പിന്നീട് നശിപ്പിക്കപ്പെട്ടു. വിൻഡ്്‌സർ കാസിൽ കൊട്ടാരത്തിനകത്ത് താമസിച്ചിരുന്ന കരീമിനംയും കുടുംബത്തെയും അവിടെനിന്ന് പുറത്താക്കി. പിന്നീട് നാടുകടത്തി.

രാജ്ഞിയോടുള്ള കരീമിന്റെ അടുപ്പമാണ് രാജകുടുംബത്തിലെ പലരുടെയും ഉറക്കം കെടുത്തിയത്. രാജ്ഞിയുടെ മരണശേഷം കരീം അതൊക്കെ വെളിപ്പെടുത്തുമോ എന്നവർ ഭയന്നു. പകയും ദുരഭിമാനവും അവരിൽ വളർന്നു. ശ്രാബണി ബസു എഴുതിയ വിക്ടോറിയ ആൻഡ് അബ്ദുൾ എന്ന പുസ്തകം, കരീമിന്റെ ജീവിതത്തിലെ രണ്ട് കാലത്തെയും രേഖപ്പെടുത്തുന്നു. ഡെയിം ജൂഡി ഡെഞ്ചും അലി ഫസലും അഭിനയിച്ച് അതേ പേരിൽ പുസ്തകം സിനിമയാവുകയാണിപ്പോൾ.

1887-ൽ വേലക്കാരനാക്കുന്നതിനാണ് കരീമിനെ രാജ്ഞിയുടെ അടുത്തെത്തിക്കുന്നത്. പക്ഷേ, ഒരുവർഷത്തിനുള്ളിൽത്തന്നെ രാജ്ഞിയുടെ വിശ്വാസം പിടിച്ചുപറ്റാൻ കരീമിനായി. കരീം വേലക്കാരനിൽനിന്ന് മുൻഷിയായി വളരാൻ അധികം സമയമെടുത്തില്ല. കരീം പഠിപ്പിച്ച ഹിന്ദുസ്ഥാനി ഭാഷയിൽ രാജ്ഞി ഡയറിക്കുറിപ്പുകൾ തയ്യാറാക്കി. ഈ ഡയറിക്കുറിപ്പുകളിൽനിന്നാണ് ശ്രാബണി ബസു അറിയപ്പെടാത്ത ഇവരുടെ ബന്ധം വിരിയിച്ചെടുത്തത്.

രാജ്ഞിയുടെയും കരീമിന്റെയും അടുപ്പം കൊട്ടാരത്തിനുള്ളിലുള്ളവർക്ക് ദഹിക്കുമായിരുന്നില്ല. വിക്ടോറിയ രാജ്ഞി മരിച്ച് മണിക്കൂറുകൾക്കകം, എഡ്വേർഡ് ഏഴാമന്റെ ഭാര്യ അലക്‌സാൻഡ്ര രാജ്ഞിയുടെയും വിക്ടോറിയയുടെ മകൾ ബിയാട്രീസ് രാജകുമാരിയുടെയും നേതൃത്വത്തിലുള്ള സംഘം കരീമിന്റെ പക്കൽനിന്നും രാജ്ഞിയെഴുതിയ കത്തുകൾ പിടിച്ചെടുത്ത് നശിപ്പിച്ചു.

1901-ലായിരുന്നു അത്. രാജ്ഞിയുടെ ശവസംസ്‌കാരച്ചടങ്ങുകൾ പൂർത്തിയാകുംമുമ്പെയായിരുന്നു കത്തുകൾ പിടിച്ചെടുത്ത് നശിപ്പിക്കൽ. രാജ്ഞിയുടെ അദ്ധ്യാപകനായ കരീം താമസിച്ചിരുന്ന ഫ്രോഗ്മോർ കോട്ടേജിൽ എത്തിയ സംഘം റോയൽ ഗാർഡുകളെ ഉപയോഗിച്ച് ലക്ഷ്യം നിറവേറ്റി. കരീം കരഞ്ഞുപറഞ്ഞിട്ടും ചെവിക്കൊള്ളാതെ സംഘം കത്തുകൾ പിടിച്ചെടുക്കുകയായിരുന്നു. രാജ്ഞിയുടേയാതായുള്ള എല്ലാ കുറിപ്പുകളും അവർ ചാരമാക്കിയശേഷമാണ് പിരിഞ്ഞുപോയത്.

തൊട്ടടുത്ത ദിവസം തന്നെ കരീമിനോട് ഇന്ത്യയിലേക്ക് മടങ്ങിപ്പോകാൻ എഡ്വേർഡ് രാജാവ് ഉത്തരവിട്ടു. ചരിത്രത്തിൽനിന്ന് കരീമിനെ ഇല്ലാതാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. നാട്ടിലേക്ക് തിരിച്ചുപോന്ന കരീം തകർന്ന മനസുമായി എട്ടുവർഷത്തോളം ജീവിച്ച് മരിച്ചു. കൊട്ടാരത്തിന്റെ കഥകളിൽ നിന്ന് പൂർണമായി ഈ ആഗ്രസ്വദേശിയെ അവർ ഇല്ലാതാക്കിയെന്ന് ശ്രാബണി ബസു പറയുന്നു.