കാഞ്ഞിരപ്പിള്ളി: എട്ടു കോടി രൂപയുടെ കടബാദ്ധ്യത തീർക്കുന്നതിനായി അപ്പൻ എഴുതി നൽകിയ രണ്ടര ഏക്കർ ഭൂമി വിൽക്കാൻ ശ്രമിച്ചപ്പോൾ രഞ്ജു തടസ്സം നിന്നു.അവനെ അനുകൂലിച്ച് അമ്മാവനും സംസാരിച്ചു. കണക്കുകൂട്ടലുകൾ പിഴയ്ക്കുമെന്നായപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല. സ്വത്തു തർക്കത്തിന്റെ പേരിൽ സഹോദരനെയും മാത്യസഹോദരനെയും വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ കാഞ്ഞിരപ്പിള്ളി മണ്ണാറക്കയം കരിമ്പനാൽ ജോർജ്ജ് കുര്യൻ(52)(പാപ്പച്ചൻ) പൊലീസിൽ കുറ്റസമ്മതം നടത്തുമ്പോൾ നാട്ടുകാരും ഞെട്ടുകയാണ്.

ജോർജ്ജ് കുര്യൻ കുടുബസഹിതം കൊച്ചിയിലാണ് താാമസിക്കുന്നത്. റിയൽ എസ്റ്റേറ്റ്, കെട്ടട നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചിരുന്ന കുര്യന് അടുത്ത കാലത്ത് വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നു. 8 കോടിയോളം രൂപ അടിയന്തിരമായി ലഭിച്ചാലെ പിടിച്ചുനിൽക്കാൻ കഴിയു എന്നതായിരുന്നു അവസ്ഥ. ഇതെത്തുടർന്ന് ഈ വിവരം പറഞ്ഞ് പിതാവിൽ നിന്നും രണ്ടര ഏക്കർ സ്ഥലം കുര്യൻ തന്റെ പേരിലേയ്ക്ക് എഴുതിവാങ്ങി .ഇത് വിറ്റ് കടബാദ്ധ്യത തീർക്കുന്നതിനായിരുന്നു ജോർജ്ജിന്റെ ലക്ഷ്യം. ഇതിനായി ശ്രമം തുടങ്ങിയപ്പോൾ സഹോദരൻ രഞ്ജു എതിർനീക്കങ്ങളുമായി രംഗത്തെത്തി. ഭൂമി വിൽക്കണ്ടന്നായിരുന്നു രഞ്ജുവിന്റെ നിലപാട്.

ഇത് സംബന്ധിച്ച് ഇവർ തമ്മിൽ പലട്ടം വാക്കേറ്റം ഉണ്ടായി. ഇതിന് പുറമെ സ്വത്തു വകകൾ സംബന്ധിച്ച് വർഷങ്ങളായി വേറെയും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. കാഞ്ഞിരപ്പിള്ളിയിൽ സമ്പത്തു കൊണ്ടും പ്രതാപം കൊണ്ടും പേരുകേട്ട കുടുംബമാണ് കരിമ്പനയ്ക്കൽ .കരമ്പനയ്ക്കൽ കുര്യൻ -റോസ് ദമ്പതികളുടെ മക്കളാണ് കുര്യനും രഞ്ജുവും. പച്ചക്കാനത്തും മൂന്നാറിലും ,ഊട്ടിയിലും റിസോർട്ടുകൾ ഉണ്ട്. ഇതിന്റെ നടത്തിപ്പും കുടുംബത്തിലെ മറ്റ് സാമ്പത്തിക വരുമാനങ്ങളും കൈകാര്യം ചെയ്തിരുന്നത് രഞ്ജുവാണ്.

പ്രായമായതോടെ മാതാപിതാക്കൾ ബിസിനസ് കാര്യങ്ങളിൽ ഇടപെടാറില്ല. മുമ്പ് രഞ്ജു പിതാവിൽ നിന്നും രംണ്ടര ഏക്കർ സ്ഥലം ഏഴുതി വാങ്ങുകയും ചെയ്തിരുന്നു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യൻ (50) , മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടൻകുളം മാത്യു സ്‌കറിയ എന്നിവരാണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റതിനെ തുടർന്ന് ഇരുവരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെടിവെച്ച കരിമ്പനാൽ ജോർജ് കുര്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മാതാപിതാക്കളായ കെ.വി.കുര്യനും റോസും തൊട്ടടുത്ത മുറിയിലുള്ളപ്പോഴാണ് വെടിവെപ്പുണ്ടായത്. എറണാകുളത്ത് താമസിച്ചിരുന്ന ജോർജ് കുര്യൻ സ്വത്ത് സംബന്ധിച്ചുള്ള തർക്കം പരിഹരിക്കാൻ കുടുംബവീട്ടിലെത്തിയെപ്പോൾ കൈയിൽ കരുതിയിരുന്ന റിവോൾവർ ഉപയോഗിച്ച് വെടിവെയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നാലുതവണ ഇരുവരെയും വെടിവെച്ചു. തിങ്കളാഴ്ച വൈകീട്ട് 4.45-ഓടെ ഇവരുടെ കുടുംബവീട്ടിലായിരുന്നു സംഭവം. എറണാകുളത്ത് താമസിക്കുന്ന ജോർജ് കുര്യൻ വീടും ഫ്ളാറ്റും നിർമ്മിച്ചുവിൽക്കുന്ന ബിസിനസ് നടത്തിവരുകയായിരുന്നു. കുടുംബവീടിനോടുചേർന്നുള്ള രണ്ടരയേക്കറോളം സ്ഥലം പിതാവ് ജോർജ് കുര്യന് നൽകിയിരുന്നു.

വസ്തു് വിൽക്കാനുള്ള ജോർജിന്റെ തീരുമാനത്തെ രഞ്ജു എതിർക്കുകയും കുടുംബവീടിനോടുചേർന്നുള്ള അരയേക്കറോളം സ്ഥലം ഒഴിച്ചിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് തർക്കത്തിലേക്ക് നയിച്ചത്. കഴിഞ്ഞദിവസവും വീട്ടിൽ ഇതുസംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ മുറിയെടുത്ത് താമസിച്ചിരുന്ന ജോർജ് കുര്യൻ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് വീട്ടിലെത്തിയത്. ഈ സമയം ഇയാൾ ബാഗും കൈയിൽ കരുതിയിരുന്നു. ഇരുവരും തമ്മിൽ തർക്കവിഷയം സംസാരിക്കുന്നതിനിടെ ജോർജ് കുര്യൻ വെടിയുതിർക്കുകയായിരുന്നു. സഹോദരങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ മധ്യസ്ഥ ചർച്ചയ്ക്കെത്തിയതാണ് അമ്മാവനായ മാത്യു സ്‌കറിയ.

വീട്ടുവളപ്പിലുണ്ടായിരുന്ന ജോലിക്കാരാണ് വെടിശബ്ദം കേട്ടത്. തുടർന്ന് പൊലീസിനെ അറിയിച്ചു. പൊലീസെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചു. രഞ്ജു കുര്യന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ. വെടിവെച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. തോക്കിന് ലൈസൻസുള്ളതാണെന്ന് പൊലീസ് അറിയിച്ചു.

ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌പി. എൻ.ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ, ബോംബ് സ്‌ക്വാഡ്, ഫൊറൻസിക് വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. രഞ്ജുവിന്റെ ഭാര്യ: റോഷൻ. മക്കൾ: റോസ്, റിയ, കുര്യൻ, റോസ് ആൻ.