- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വട്ടേഷൻ സ്വർണം സിപിഎം നിയന്ത്രിത സഹകരണ ബാങ്കുകളിൽ സൂക്ഷിക്കും? കൂത്തുപ്പറമ്പിലും പാനൂരിലും തില്ലങ്കേരി-ആയങ്കി സഖ്യത്തിന് ആഴമേറിയ വേരുകൾ; കുഞ്ഞനന്തന് ശേഷം പാർട്ടിയിൽ കരുത്തനായ നേതാവ് പ്രധാനി; ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും; കരിപ്പൂർ കടത്തിൽ കുരുക്കുകൾ
കണ്ണൂർ: കൂത്തുപ്പറമ്പ്, പാനൂർ മേഖലകൾ കേന്ദ്രീകരിച്ചാണ് ആകാശും അർജുനും ഉൾപ്പെടുന്ന സംഘത്തിന്റെ ക്വട്ടേഷൻ പ്രവർത്തനം സജീവമായത്. പി.ജയരാജനുമായി അടുത്ത ബന്ധം പുലർത്തുന്ന ഈ മേഖലയിലെ സിപിഎം. നേതാവാണ് ഇവരെ സംരക്ഷിച്ചതെന്നാണ് ആരോപണം. കുഞ്ഞനന്തനു ശേഷം പാർട്ടിയിൽ കൂടുതൽ കരുത്തനായ നേതാവിന്റെ ബന്ധുവിന് മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധമുണ്ടെന്ന് മംഗളം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യുന്നു.
ഇതോടെ നയതന്ത്ര ബാഗിലെ സ്വർണ്ണ കടത്തിന് ശേഷം കരിപ്പൂരിലെ കടത്തിലും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിസ്ഥാനത്താവുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിനെതിരെ ആരോപണവുമായി ഷാഫി പറമ്പിലും രംഗത്തു വന്നു. ഇതോടെ വിവാദത്തിന് പുതിയ തലം വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണങ്ങളോട് കരുതലോടെയാണ് പ്രതികരിക്കുന്നത്. പാർട്ടിക്ക് ഒന്നിലും ബന്ധമില്ലെന്ന് മാത്രമാണ് മുഖ്യമന്ത്രി പറയുന്നത്.
കാരിയർമാരെ സംരക്ഷിതമായി പാർപ്പിക്കാനും ക്വട്ടേഷൻ പ്രവർത്തനം ഏകോപിപ്പിക്കാനും അർജുൻ കേന്ദ്രമാക്കിയതും കൂത്തുപറമ്പ് മേഖലയായിരുന്നുവെന്നും അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. പാർട്ടി ഗ്രാമങ്ങളിലെ യുവ പ്രവർത്തകരിൽ പലരും ആകാശ് - അർജുൻ ക്വട്ടേഷൻ സംഘത്തിന്റെ സഹായികളായി പ്രവർത്തിച്ചിട്ടുണ്ട്. ക്വട്ടേഷൻ സംഘം തട്ടിയെടുക്കുന്ന സ്വർണം സിപിഎം നിയന്ത്രിത സഹകരണ ബാങ്കുകളിലാണു സൂക്ഷിക്കുന്നതെന്ന ആരോപണവുമായി രാഷ്ട്രീയ എതിരാളികളും രംഗത്തുണ്ട്. പണയ ഉരുപ്പടികളായും നിക്ഷേപമായും സൂക്ഷിക്കുന്ന സ്വർണം പിന്നീട് പണമാക്കി മാറ്റുന്നതടക്കമുള്ള പ്രവർത്തനം നടത്തുന്നുവെന്നാണ് ആരോപണം. ഇതും സിപിഎമ്മിനെ വെട്ടിലാക്കും.
ഷുഹൈബ് വധത്തിനുശേഷമാണ് ആകാശ് തില്ലങ്കേരി ക്രിമിനൽ ബ്രാൻഡ് നെയിമായി മാറിയത്. ദുബായിൽനിന്ന് കാരിയർമാരെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളിൽനിന്ന് വിവരം ചോർത്തി എടുത്താണ് ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും ഓപ്പറേഷൻ നടത്തുന്നത്. ആയങ്കി ഉൾപ്പെട്ട ക്വട്ടേഷൻ സംഘത്തിന് ജയിലിൽ നിന്നു നിർദ്ദേശം നൽകുന്നത് ടി.പി. കേസ് പ്രതി കൊടി സുനിയും സംഘവും. ക്വട്ടേഷൻ സംഘത്തിന്റെ ഏകോപനച്ചുമതല കൂത്തുപ്പറമ്പ്-പാനൂർ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാവിനാണ്.
ഇയാൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനുമായി ബന്ധമുണ്ടെന്നാണ് ആരോപണം. തടവിൽ കഴിയുന്ന കൊടി സുനി ക്വട്ടേഷൻ പ്രവർത്തനങ്ങളിൽ സജീവമാണെന്ന പരാതി ഉയർന്നിരുന്നെങ്കിലും നടപടിയുണ്ടായില്ല. പാർട്ടി ക്വട്ടേഷനിൽ ഏർപ്പെടുന്ന തടവുകാർക്ക് ജയിലിൽ ലഭിക്കുന്ന പരിഗണന ഉപയോഗിച്ചാണ് കൊടി സുനിയുടെ പ്രവർത്തനം. തിരുവനന്തപുരത്ത് നിന്ന് രായ്ക്കുരാമാനം വിയ്യൂരിലേക്ക് കൊടി സുനിയെ മാറ്റിയതും മുഖ്യമന്ത്രിയുടെ ഓഫീസിലെ പിടി കാരണമാണ്.
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരൻ കണ്ണൂരിലെ ക്വട്ടേഷൻ നേതാവാണെന്നായിരുന്നു യുത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഷാഫി പറമ്പിൽ എംഎൽഎ ആരോപിച്ചത്. സ്വർണ്ണക്കടത്ത് കേസിൽ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണം. ഇതേ കുറിച്ച് അന്വേഷണം നടത്തിയാൽ പകൽ പോലെ വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സ്വാന്തന പ്രവർത്തകരെന്ന മുഖമുദ്ര ഉപയോഗിച്ച് ഐ.ആർ.പി.സി യുടെ മറവിൽ ക്രിമനൽ പ്രവർത്തനവും നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഷാഫി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ