മലപ്പുറം: കരിപ്പൂർ സ്വർണക്കടത്തു കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. സംഭവത്തിൽ 5 പേർ കൂടി ഇന്നലെ അറസ്റ്റിലായിരുന്നു. കൊടുവള്ളി സംഘത്തിലെ അഞ്ചു പേരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. കേസ് കസ്റ്റംസും അന്വേഷിക്കുന്നുണ്ട്. കണ്ണൂർ ലോബിക്കെതിരെ കസ്റ്റംസ് നീങ്ങുമ്പോൾ പൊലീസ് കൊടുവള്ളി സംഘത്തിന് എതിരെയാണ്.

കരിപ്പൂരിൽനിന്നു സ്വർണം സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ വിദേശത്തുനിന്നു നേരിട്ടു ക്വട്ടേഷൻ ഏറ്റെടുത്തവരാണ് ഇന്നലെ പിടിയിലായതെന്ന് പൊലീസ് പറയുന്നു. കൊടുവള്ളി കോട്ടയ്ക്കൽ സ്വദേശികളായ മേലേകുണ്ടത്തിൽ റിയാസ്(33), കാദിരി പിലാവുള്ളതിൽ മുഹമ്മദ് ബഷീർ(39), ഒയലക്കുന്ന് പുറായിൽ മുഹമ്മദ് ഹാഫിസ്(28), നാട്ടുകല്ലിങ്ങൽ മുഹമ്മദ് ഫാസിൽ(28), പുണ്ടത്തിൽ ഷംസുദീൻ(35) എന്നിവരാണ് അറസ്റ്റിലായത്.

റിയാസ് ആണ് സംഘത്തിനു നേതൃത്വം നൽകിയിരുന്നതെന്നും സംഭവ ദിവസം ഇവർ കരിപ്പൂരിൽ എത്തിയതായി വ്യക്തമായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കസ്റ്റംസിന്റെ നിഗമനത്തിൽ കണ്ണൂരിൽ നിന്നുള്ള അർജുൻ ആയങ്കിക്ക് വേണ്ടിയാണ് കടത്തു കാരൻ മുഹമ്മദ് ഷെഫീഖ് സ്വർണ്ണവുമായി എത്തിയത്. ഇത് തെളിയിക്കുന്ന വാട്‌സാപ്പ് രേഖകളും കിട്ടി. അതുകൊണ്ട് തന്നെ കൊടുവള്ളി സംഘം അർജുനെ വകവരുത്താൻ എത്തിയതാകുമെന്ന നിഗമനത്തിലാണ് കസ്റ്റംസ്,

ഈ നിലപാടിന് വിരുദ്ധമാണ് പൊലീസ് അന്വേഷണം. വയനാട്ടിലേക്കു കടക്കുന്നതിനിടെയാണ് 5 പേർ പിടിയിലായതെന്നും ഇവർ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. 21നു പുലർച്ചെ ദുബായിൽനിന്നെത്തിയ മലപ്പുറം മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് കൊണ്ടുവരുന്ന സ്വർണം കടത്തിക്കൊണ്ടുപോകുക എന്നായിരുന്നു ലക്ഷ്യം. അതിനായി സൂഫിയാനു ക്വട്ടേഷൻ നൽകിയതുപോലെ റിയാസിനും വിദേശത്തുനിന്നു ക്വട്ടേഷൻ ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

റിയാസിന്റെ നേതൃത്വത്തിൽ 8 പേരാണ് എത്തിയത്. എന്നാൽ, ഷഫീഖിനെ സ്വർണവുമായി കസ്റ്റംസ് അറസ്റ്റ് ചെയ്തതോടെ പദ്ധതി പാളി. ഇതോടെ കരിപ്പൂരിലെ സ്വർണക്കടത്തു സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം 16 ആയി. രാമനാട്ടുകരയിൽ അപകടത്തിൽപെട്ട വാഹനത്തിനു പുറമേ, കസ്റ്റഡിയിലെടുത്ത വാഹനങ്ങളുടെ എണ്ണം 5 ആയി.