കൊച്ചി: കരിപ്പൂർ സ്വർണ്ണ കടത്തിൽ തെളിയുന്നത് കടത്തിനിടെയിലെ കള്ളക്കളിയിൽ. കരിപ്പൂർ വിമാനത്താവളത്തിൽ നടന്നതു ദുബായ് ഏജന്റിന്റെ 'ഡബിൾ ഗെയിം' ആയിരുന്നു. സ്വർണം കടത്താൻ ദുബായിലെ ഏജന്റിനെ ചുമതലപ്പെടുത്തിയതു കൊടുവള്ളി സംഘമായിരുന്നു. അതേ വ്യക്തി തന്നെ സ്വർണം തട്ടിയെടുക്കാൻ അർജുൻ ആയങ്കിക്കും കണ്ണൂർ സ്വദേശിയായ യൂസഫിനും വിവരങ്ങൾ ചോർത്തി നൽകി. അങ്ങനെ പൊട്ടിക്കലുകാരും കരിപ്പൂരിൽ എത്തി. ഇത് സ്ഥിരീകരിക്കുന്ന മൊഴി കസ്റ്റംസിന് അറസ്റ്റിലായ മുഹമ്മദ് ഷഫീഖ് നൽകി.

കഴിഞ്ഞ 21നു പുലർച്ചെ 2.33 കിലോ സ്വർണം കരിപ്പൂരിൽ എത്തുന്ന വിവരവും കാരിയറുടെ പേരും ഫോൺ നമ്പറും ദുബായിലെ ഏജന്റ്, അർജുൻ ആയങ്കിക്കു കൈമാറുന്നു. ഉടൻ തന്നെ ഷഫീഖിനെ അർജുൻ വാട്‌സാപ് വഴി വിളിച്ച് ഇടപാട് ഉറപ്പിക്കുന്നു. 40,000 രൂപയും കൊടി സുനി സംഘത്തിന്റെ സംരക്ഷണവും ഉറപ്പു നൽകുന്നു. പുറത്ത് ഇറങ്ങുമ്പോൾ ധരിക്കേണ്ട ഷർട്ടിന്റെ നിറവും പറഞ്ഞു കൊടുത്തു. പോരാത്തതിന് ദുബായ് ഏജന്റ് കണ്ണൂർ സ്വദേശിയായ യൂസഫിനും വിവരങ്ങൾ കൈമാറുന്നു.

യൂസഫും വാട്‌സാപ് വഴി ഷഫീഖിനെ ബന്ധപ്പെട്ട് ഇടപാട് ഉറപ്പിക്കുന്നു. വിമാനത്താവളത്തിൽ നിന്നു പുറത്തുവരുമ്പോൾ ധരിക്കേണ്ട വസ്ത്രത്തിന്റെ നിറം നിർദ്ദേശിക്കുന്നു. സ്വർണം തട്ടിയെടുത്തേക്കുമെന്നു സൂചന ലഭിച്ച കൊടുവള്ളി സംഘം കവർച്ചക്കാരെ നേരിടാൻ ചെർപ്പുളശേരിയിലെ ഗുണ്ടകളുമായി കരിപ്പൂരിൽ എത്തി. അങ്ങനെ സ്വർണം കൊണ്ടു പോകാൻ എത്തിയത് മൂന്ന് കൂട്ടർ. ഷെഫീഖ് വിമാനം ഇറങ്ങിയപ്പോൾ സ്വർണം കസ്റ്റംസ് പിടികൂടി. ഇതോടെ രാമനാട്ടുകര അപകടത്തിലേക്ക് കാര്യങ്ങളെത്തി. കള്ളം പുറത്തെത്തുകയും ചെയ്തു.

സ്വർണവുമായി വിമാനത്തിൽ കയറിയ കാരിയർ ഷഫീഖ്, അർജുൻ നിർദ്ദേശിച്ച നിറത്തിലുള്ള ഷർട്ട് ധരിച്ച് സെൽഫിയെടുത്ത് അർജുന് അയയ്ക്കുന്നു. തുടർന്ന് ഈ ഷർട്ട് മാറി യൂസഫ് നിർദ്ദേശിച്ച നിറത്തിലുള്ള ഷർട്ട് ധരിച്ചു സ്വർണവുമായി പുറത്തുകടന്ന് സ്വർണം യൂസഫിനു കൈമാറാൻ തീരുമാനിച്ചിരുന്നു എന്നതാണ് വസ്തുത. ഇതിനിടെ വിവരം ചോർന്ന് കസ്റ്റംസിന് കിട്ടി. അങ്ങനെയാണ് ഷെഫീഖ് പിടിയിലാകുന്നത്. പിടിക്കപ്പെട്ട കാര്യം ഷെഫീഖ് അർജുനെയും യൂസഫിനെയും അറിയിച്ചു.

കൊടുവള്ളിക്കാർ ഇതൊന്നും അറിഞ്ഞില്ല. അതുകൊണ്ട് തന്നെ സ്വർണം പിടിച്ചത് അറിയാതെ ചെർപ്പുളശേരി ഗുണ്ടാ സംഘം അർജുനെ അമിത വേഗത്തിൽ പിന്തുടരുന്നു. ഇത് രാമനാട്ടുകരയിൽ അപകടമാകുന്നു. അപകടത്തിൽ 5 പേർ മരിക്കുന്നു. ഇതോടെ ഗുണ്ടാ സംഘങ്ങളുടെ ഇടപെടൽ പൊതുസമൂഹത്തിലുമെത്തി.

ടിപി കേസ് പ്രതികൾ സംരക്ഷണം നൽകുമെന്ന് അർജുൻ ആയങ്കി പറഞ്ഞതായും ഷെഫീഖ് മൊഴി നൽകിയിരുന്നു. ജയിലിൽ വധഭീഷണി നേരിട്ടെന്നും ഷെഫീഖ് കോടതിയെ അറിയിച്ചു. പരാതി എഴുതി നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കൊടുവള്ളി സംഘത്തിൽ നിന്ന് കൊടി സുനിയുടെയും ഷാഫിയുടെയും സംഘം സംരക്ഷിക്കുമെന്ന് ഉറപ്പുനൽകിയെന്ന് ഷെഫീഖ് കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു. ചെർപ്പുളശ്ശേരി സംഘം ജയിലിൽ ഭീഷണിപ്പെടുത്തിയെന്ന് ഷെഫീഖ് മൊഴി നൽകിയതായും കസ്റ്റംസ് കോടതിയെ അറിയിച്ചു.

മഞ്ചേരി സബ്ജയിലിൽ വച്ചായിരുന്നു ഭീഷണി. ഭീഷണിപ്പെടുത്തിയ ആളുടെ ഫോട്ടോയും ഷെഫീക്ക് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചെർപ്പുളശേരി, കൊടുവള്ളി എന്നീ രണ്ട് സംഘങ്ങളുടെ വിവരങ്ങളാണ് ഇതുവരെ പുറത്തുവന്നിരുന്നത്. ഇതിനിടെയാണ് കണ്ണൂർ സ്വദേശിയായ യൂസഫ് എന്നയാളുടെ നേതൃത്വത്തിലുള്ള ഒരു സംഘം കൂടിയുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്.

സ്വർണക്കടത്തിന് പണം നൽകിയത് യൂസഫ് ആണെന്നാണ് സൂചന. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് യൂസഫിന് കസ്റ്റംസ് നോട്ടീസ് നൽകി. ഇയാൾ ഒളിവിലെന്നാണ് സൂചന.