കോഴിക്കോട്: എന്തു കൊണ്ട് അപകടമുണ്ടായി എന്ന് ഇനിയും ആർക്കും അറിയില്ല. അട്ടിമറിയോ സാങ്കേതിക പിഴവാണോ കാരണമെന്ന് വെളിപ്പെടുത്തലുമില്ല. കരിപ്പൂർ വിമാനാപകടത്തിന് ഒരു വർഷം പൂർത്തിയാകുമ്പോഴും കാരണമെല്ലാം രഹസ്യമാണ്.

അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാതെ കേന്ദ്ര സർക്കാർ ഒളിച്ചു കളിക്കുകയാണ്. ഈ മാസം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ഏറ്റവുമൊടുവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അതും നടന്നില്ല. കഴിഞ്ഞ ഓഗസ്റ്റ് 7ന് ആണ് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ബോയിങ് 737 വിമാനം ലാൻഡിങ്ങിനിടെ അപകടത്തിൽപെട്ടത്. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

യാത്രാവിമാനങ്ങളുടെ അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ 14ാം ചട്ടപ്രകാരം യുഎസ് ആസ്ഥാനമായുള്ള നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ (എൻടിഎസ്ബി) അഭിപ്രായം അറിയണം. അതിന് കഴിയാത്തതാണ് റിപ്പോർട്ട് സമർപ്പണം വൈകാൻ കാരണമെന്നാണു മന്ത്രാലയത്തിന്റെ നിലപാട്. കോവിഡാണേ്രത പ്രതിസന്ധി. എന്നാൽ താൽപ്പര്യക്കുറവാണ് ഇതിന് പിന്നിലെന്ന് ഏവരും പറയുന്നു.

വിമാന അപകടത്തിൽ നഷ്ടപരിഹാരത്തുക ഇനിയും ലഭിക്കാനുള്ളത് നൂറിലേറെപ്പേർക്കാണ്. എയർ ഇന്ത്യ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുക പലരും സ്വീകരിച്ചിട്ടില്ല. കമ്പനി മതിയായ തുക വാഗ്ദാനം ചെയ്തിട്ടില്ലെന്നും കൂടുതൽ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്നും ഇവർ പറയുന്നു. 80 പേർ എയർ ഇന്ത്യ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുക സ്വീകരിച്ചിട്ടുണ്ട്. ഇതുവരെ നഷ്ടപരിഹാരമായി 65.5 കോടി രൂപ വിതരണം ചെയ്തു.

2020 ഓഗസ്റ്റ് 7നു നടന്ന വിമാനാപകടത്തിൽ പൈലറ്റും സഹ പൈലറ്റും ഉൾപ്പെടെ 21 പേരാണ് മരിച്ചത്. 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റ 165 പേർക്കും മരണമടഞ്ഞവരുടെ ബന്ധുക്കൾക്കും വിമാനക്കമ്പനി നഷ്ടപരിഹാരത്തുകയുടെ ഓഫർ ലെറ്റർ നൽകി. കുറേ പേർ സ്വീകരിച്ചു. മരിച്ചവരുടെ ബന്ധുക്കളാരും ഇതുവരെ ഓഫർ ലെറ്റർ സ്വീകരിച്ചിട്ടില്ല. നഷ്ടപരിഹാരം ലഭിച്ചവരെല്ലാം അപകടത്തിൽ പരുക്കേറ്റവരാണ്.

ഇവരുമായി കമ്പനി വിവിധ ഘട്ടങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർ ചികിത്സകൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി രേഖകൾ സമർപ്പിച്ചവർക്കു കൂടുതൽ തുക ലഭിച്ചു.