- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഡംബര ജീവിതത്തിന് 2013ൽ എയർഹോസ്റ്റസും കൂട്ടുകാരിയും കടത്തിയത് ആറു കിലോ സ്വർണം; മൊഴിയിൽ നിറച്ചതുകൊടുവള്ളിയേയും തലശ്ശേരിയേയും ബന്ധിപ്പിക്കുന്ന വസ്തുതകൾ; വെളിപ്പെടുത്തലിൽ ഉണ്ടായിരുന്നത് രണ്ട് ഫൈസലുമാർ; ഇതിലൊന്ന് കാരാട്ട് ഫൈസലോ? മിനികൂപ്പറിനും ഓഡിക്കും പിന്നാലെ അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ; സ്വപ്നാ സുരേഷിന്റെ കടത്തിലും ഷഹബാസും നബീലും സെയിനും സംശയ നിഴലിൽ; കരിപ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കടത്തിൽ കോടിയേരി കുടുംബവും സംശയ നിഴലിൽ
കൊച്ചി: 2012ൽ കരിപ്പുർ വിമാനത്താവളത്തിൽ എയർഹോസ്റ്റസിനെ ഉപയോഗിച്ചു സ്വർണം കടത്തിയ കേസിലെ പ്രതികളിൽ ചിലർ തിരുവനന്തപുരം സ്വർണക്കടത്തിലും പണം മുടക്കിയെന്നു നിഗമനം. ദുബായിലെത്തിയ എൻ.ഐ.എ. സംഘം ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചുവെന്നാണ് റിപ്പോർട്ട്.
എയർ ഇന്ത്യ എക്സ്പ്രസിൽ എയർ ഹോസ്റ്റസ് ആയിരുന്ന വയനാട് പുൽപ്പള്ളി സ്വദേശി ഹീറോമാസ വി. സെബാസ്റ്റ്യൻ, കൂട്ടുകാരിയും കണ്ണൂർ തലശേരി സ്വദേശിയുമായ റാഹില ചീറായി എന്നിവരാണ് 2013ൽ ആറു കിലോ സ്വർണവുമായി പിടിയിലായത്. ഒരു കിലോ സ്വർണം കടത്തുന്നതിന് ഒരു ലക്ഷം രൂപയാണ് ഇവർക്ക് കമ്മിഷനായി ലഭിച്ചിരുന്നത്. ചെന്നൈ വിമാനത്താവളം വഴിയും നെടുമ്പാശേരി വഴിയും സ്വർണം കടത്തിയതായി ഇവർ അന്ന് ഡിആർഐ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു.
ഈ കേസ് ഉൾപ്പെടെ ഇപ്പോൾ പുനപരിശോധിക്കുകയാണ് എൻഐഎ. അമ്പതിലേറെ തവണ വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തിയെന്ന് അവർ മൊഴി നൽകിയത്. 32 കിലോ സ്വർണമാണ് മൊത്തം കടത്തിയത്. സ്വർണം കടത്തുന്നതുകൊടുവള്ളി, തലശ്ശേരി ഭാഗത്തെ ബിസിനസുകാർക്ക് വേണ്ടിയാണെന്നും മൊഴിയിൽ പറയുന്നു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി ഇവർ 11 കോടിയുടെ സ്വർണം കടത്തിയെന്ന് കണ്ടെത്തിയിരുന്നു. എയർപോർട്ടിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കവെയാണ് ഇവരെ പിടികൂടിയത്. ജീൻസിന്റെ പോക്കറ്റുകളിലും വസ്ത്രങ്ങളിലെ രഹസ്യ അറകളിലുമായാണ് ഇവർ സ്വർണം ഒളിച്ചുകടത്താൻ ശ്രമിച്ചത്.
എയർഹോസ്റ്റസിനെയും കൂട്ടുകാരിയെയും സ്വർണക്കടത്തിന് പ്രേരിപ്പിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശികളെക്കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഷഹബാസ്, നബീൽ, സെയിൻ എന്നിവരായിരുന്നു പ്രധാന ഏജന്റുമാർ. തലശേരിയിലുള്ള ഒരാളും ഇവരെ ഉപയോഗിച്ച് സ്വർണം കടത്തിയതായി വ്യക്തമായിരുന്നു. നെടുമ്പാശേരി സ്വർണക്കടത്തു കേസിലെ ഫയാസുമായി കൊടുവള്ളി സ്വദേശികൾക്ക് ബന്ധമുള്ളതായും കണ്ടെത്തിയിരുന്നു. ഫയാസിനും സിപിഎമ്മിനും തമ്മിൽ അടുത്ത ബന്ധമുണ്ട്. 2013ലെ സ്വർണ്ണ കടത്ത് കേസ് വീണ്ടും സജീവമായി പരിശോധിക്കുകയാണ് എൻഐഎ.
ഈ കേസിനും തിരുവനന്തപുരത്തെ നയതന്ത്ര കടത്തുമായി ബന്ധമുണ്ടെന്നാണ് സൂചന. ഈ പ്രതികളെ പിടികൂടാനായി ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടീസ് ഇറക്കി. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ അഞ്ചാം പ്രതി കെ.ടി. റമീസ് വഴിയാണു കരിപ്പൂർ കേസിലെ പ്രതികളുമായുള്ള ബന്ധം. സ്വർണം കടത്തുന്നതിനിടെ പിടിയിലായ എയർ ഹോസ്റ്റസ് ഹീറോമാസ സെബാസ്റ്റ്യന്റെ മൊഴിയിൽ രണ്ടു ഫൈസൽമാരെപ്പറ്റി പറയുന്നുണ്ട്. അതിലൊരാൾ രാഷ്ട്രീയക്കാരനും രണ്ടാമൻ ഫൈസൽ ഫരീദുമാണെന്ന് എൻ.ഐ.എ. കരുതുന്നു. കാരട്ട് ഫൈസലാണ് ഇതെന്നാണ് സംശയം. ഇയാളെ കണ്ടിട്ടില്ലെന്നാണു ഹീറോമാസ പറഞ്ഞത്.
ജനജാഗ്രതാ യാത്രയ്ക്കിടെ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കരിപ്പുർ കേസിലെ ഏഴാം പ്രതി കാരാട്ട് ഫൈസലിന്റെ മിനി കൂപ്പർ കാറിൽ സഞ്ചരിച്ചതു വിവാദമായിരുന്നു. ഒന്നാം പ്രതി ഷഹബാസിന്റെ ഭാര്യയുടെ പേരിലുള്ള ഓഡി കാർ കാരാട്ട് ഫൈസലിന്റെ വീട്ടിൽനിന്നാണ് റവന്യു ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഷഹബാസിനു തിരുവനന്തപുരം കേസുമായി ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്റ് കരുതുന്നു.
ബിനീഷ് കോടിയേരിയുടെ സുഹൃത്തും ബംഗളുരു മയക്കുമരുന്നു കേസിലെ പ്രതിയുമായ അനൂപ് മുഹമ്മദുമായി റമീസിന് അടുപ്പമുണ്ട്. സ്വപ്ന ബംഗളുരുവിൽ പിടിയിലായ ദിവസം ഇവർ തമ്മിൽ 23 തവണ ഫോണിൽ സംസാരിച്ചിരുന്നു. സ്വർണക്കടത്ത്, മയക്കുമരുന്നു സംഘങ്ങളുടെ പരസ്പര ബന്ധത്തിലേക്കാണു തെളിവുകൾ വിരൽ ചൂണ്ടുന്നതെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടിലും കള്ളപ്പണമാണ് ഉപയോഗിക്കുന്നത്. സ്വർണത്തിന്റെ വിലയ്ക്കു പകരമായി മയക്കുമരുന്ന് നൽകുന്ന ഇടപാടും നടക്കുന്നുണ്ട്. ബംഗളുരുവിലെത്തുന്ന മയക്കുമരുന്നിന്റെ നല്ലൊരു ഭാഗം കേരളത്തിലെ റേവ് പാർട്ടികളിലേക്കാണു വരുന്നത്.
കരിപ്പൂർ സ്വർണക്കടത്തു സംഘങ്ങൾക്ക് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം കൂടുതൽ അന്വേഷിക്കാനാണ് എൻഫോഴ്സ്മെന്റിന്റെയും എൻ.ഐ.എയുടെയും തീരുമാനം. കിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നു കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ പശ്ചിമേഷ്യയിലെ തീവ്രവാദ പ്രസ്ഥാനങ്ങൾക്കു കൈമാറുന്നുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ