കൊച്ചി : കരിപ്പൂർ വിമാന ദുരന്തത്തിൽ പരുക്കേറ്റ രണ്ടര വയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം കിട്ടും. ഈ തുക അനുവദിക്കാൻ തയാറാണെന്ന് നാഷനൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ (നേരത്തെ എയർ ഇന്ത്യ കോർപറേഷൻ) അറിയിച്ചതിനെത്തുടർന്ന് എത്രയും വേഗം നൽകാൻ ഹൈക്കോടതി നിർദ്ദേശം.

ഇന്ത്യൻ ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇൻഷുറൻസ് നഷ്ടപരിഹാരമാണ് കരിപ്പൂരിൽ അപകടത്തിൽ പെട്ടവർക്കായി നൽകുന്നത്. 660 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് തീരുമാനമായത്. ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും ആഗോള ഇൻഷുറൻസ് കമ്പനികളും ചേർന്നാണ് തുക നൽകുന്നത്. ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇൻഷൂറൻസ് കമ്പനിയാണ്. നഷ്ടപരിഹാരത്തിൽ 378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും, 282.49 കോടി രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനുമാണ് ഉപയോഗിക്കുക.ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇൻഷുറൻസ് കമ്പനികളാണ്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ദുബായ് - കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് അപകടത്തിൽ മരിച്ച കോഴിക്കോട് കുന്നമംഗലം സ്വദേശി ഷറഫുദ്ദീന്റെ മകൾക്കാണു നഷ്ടപരിഹാരമായി 1.51 കോടി രൂപ നൽകുന്നത്. വിമാനത്തിൽ ഷറഫുദ്ദീന് ഒപ്പമുണ്ടായിരുന്ന ഭാര്യ അമീനയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. നഷ്ടപരിഹാര ക്ലെയിം ഉടൻ സമർപ്പിക്കണമെന്നും എത്ര തുക നൽകാനാകുമെന്നു വിമാന കമ്പനി അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കുടുംബം നഷ്ടപരിഹാര ക്ലെയിം സമർപ്പിച്ചിട്ടില്ലെന്നു വിമാനക്കമ്പനി അറിയിച്ചതിനെത്തുടർന്നായിരുന്നു ഇത്. അമീനയും കുഞ്ഞും മാതാപിതാക്കളും നൽകിയ ഹർജിയിലാണു ജസ്റ്റിസ് എൻ.നഗരേഷ് നിർദ്ദേശം നൽകിയത്.

കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ, കുഞ്ഞിനുള്ള നഷ്ടപരിഹാരമായി 1,51,08,234 രൂപ നൽകാൻ തയാറാണെന്നു കമ്പനി അറിയിച്ചു. ഇതു ഹർജിക്കാർ അംഗീകരിച്ചു. എന്നാൽ ഷറഫുദ്ദീന്റെയും അമീനയുടെയും കാര്യത്തിൽ നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ അപൂർണമാണെന്നും കമ്പനി കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഇത് ഹാജരാക്കുമ്പോൾ ഇക്കാര്യത്തിലും വ്യക്തത വരും. യാത്രക്കാർക്ക് നൽകേണ്ട പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയിൽ മൂന്നരക്കോടി ന്യൂ ഇന്ത്യാ ഇൻഷുറൻസ് നൽകിയിട്ടുണ്ട്. ബാക്കി തുക വിശദാംശങ്ങൾ പരിശോധിച്ച ശേഷം പിന്നീട് നൽകുമെന്നും അറിയിച്ചു. ഇതിനിടെയാണ് കോടതി ഉത്തരവ്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് ലാൻഡിംഗിനിടെ വിമാനം തെന്നിനീങ്ങി അപകമുണ്ടായത്. രണ്ട് പൈലറ്റുമാരുൾപ്പടെ 21 പേരാണ് അപകടത്തിൽ മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റു. കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും വിമാന കമ്പനി 1.19 കോടി രൂപ വീതം നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നമെന്നായിരുന്നു വിലയിരുത്തൽ. യാത്രക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച് കേന്ദ്രസർക്കാർ കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവിട്ട വിജ്ഞാപനം പ്രകാരമാണ് വലിയ തുക നഷ്ടപരിഹാരം നൽകേണ്ടി വരിക. ഇതെല്ലാം പരിഗണിച്ചാണ് അതിലും വലിയ തുക ആമനയുടെ മകൾക്ക് അനുവദിക്കുന്നത്.

കേന്ദ്ര സർക്കാർ പുറത്തിറക്കിയ അവകാശപത്രം അനുസരിച്ച് രാജ്യാന്തര വിമാനയാത്രക്കാർക്ക് 1,13,100 എസ്ഡിആർ(സ്‌പെഷൽ ഡ്രോവിങ് റൈറ്റ്‌സ്) ആണ് നഷ്ടപരിഹാരം. 1969 ൽ രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്) അംഗീകരിച്ച ഒരു രാജ്യാന്തര വിനിമയ സൂചകമാണിത്. അംഗരാജ്യങ്ങൾക്കിടയിൽ ഇതിന്റെ യൂണിറ്റ് അടിസ്ഥാനമാക്കിയാണ് നാണ്യവിനിമയങ്ങൾ നടക്കുക. പ്രധാന രാജ്യാന്തര കറൻസികളായ യുഎസ് ഡോളർ, യൂറോ, ചൈനീസ് യുവാൻ(റെന്മിൻബി എന്നും പേര്), ജാപ്പനീസ് യെൻ, പൗണ്ട് എന്നിവയുടെ വിപണി മൂല്യത്തിന്റെ തോത് അനുസരിച്ചാണ് എസ്ഡിആർ മൂല്യം കണക്കാക്കുന്നത്.

ആഗോളതലത്തിൽ വിമാനയാത്രികർക്കു നഷ്ടപരിഹാരം നൽകാനായുള്ള 2009ലെ മോൺട്രിയൽ ഉടമ്പടിയിൽ ഇന്ത്യ ഏർപ്പെട്ടതു മുതൽ 2016ലെ 'ദ ക്യാരേജ് ബൈ എയർ നിയമപ്രകാരമാണ് വിമാനകമ്പനികൾ നൽകേണ്ട നഷ്ടപരിഹാരത്തിന്റെ പരിധി നിശ്ചയിക്കുന്നത്. ഈ നിയമം പരിഷ്‌കരിച്ചതു മുതൽ അപകടങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതർക്കും പരുക്കേൽക്കുന്നവർക്കുമുള്ള നഷ്ടപരിഹാര പരിധി 1,00,000 എസ്ഡിആറിൽനിന്ന് 1,13,100 ആയി ഉയർത്തിയിരുന്നു.

ഇതിനു പുറമേ ലഗേജിന്റെ നഷ്ടപരിഹാരം കൂടി നൽകേണ്ടതുണ്ട്. അതേസമയം ആഭ്യന്തര വിമാന യാത്രക്കാർക്ക് നഷ്ടപരിഹാരം 20 ലക്ഷം രൂപയായാണ് നിജപ്പെടുത്തിയിരിക്കുന്നത്. വിമാനത്തിനുള്ളിൽ വച്ച് സ്വാഭാവിക മരണം സംഭവിച്ചാൽ ഇരുവിഭാഗത്തിലെ യാത്രക്കാർക്കും നഷ്ടപരിഹാരം നൽകാൻ കമ്പനിക്കു ബാധ്യതയില്ല.

രാജ്യത്തെ നാല് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ കൂട്ടായ്മയാണ് കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്പ്രസ് വിമാനം ഇൻഷുർ ചെയ്തിരിക്കുന്നത്. ഏകദേശം 375 കോടി രൂപയുടെ ഇൻഷുറൻസാണ് വിമാനത്തിനുള്ളത്. വിമാനടിക്കറ്റ് എടുക്കുമ്പോൾ തന്നെ സ്വാഭാവികമായി ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ക്രെഡിറ്റ് കാർഡുള്ള യാത്രക്കാർക്ക്, കാർഡ് എടുക്കുമ്പോൾ പ്രത്യേക ഇൻഷുറൻസ് അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ അപകടമരണം സംഭവിച്ചാൽ ആ ഇൻഷുറൻസിനും അർഹതയുണ്ട്. ട്രാവൽ ഇൻഷുറൻസ് ഉള്ളവർക്ക് ആ തുകയും ലഭിക്കും.