കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ നേരിടുന്ന ദുരിതത്തിന് ആരു പരിഹാരം കാണും? ചോദിക്കാനും പറയാനും ആരുമില്ലതാത തരത്തിൽ എമിഗ്രേഷൻ ജീവനക്കാർ പ്രതികരിച്ചാൽ കോഴിക്കോട് വിമാനത്താവളം തന്നെ പൂട്ടലിന്റെ വക്കിലേക്ക് പോകും. എമിഗ്രേഷൻ വിഭാഗം വ്യാജവിസയെന്ന് ആരോപിച്ച് ഇറക്കിവിട്ട സ്ത്രീകൾക്ക് നെടുമ്പാശേരി വിമാനത്താവളം വഴി അബൂദാബിയിലേക്ക് സുഖയാത്ര ചെയ്യാനായത് കഴിഞ്ഞ മാസം ആദ്യമായിരുന്നു. കഴിഞ്ഞ ദിവസം കരിപ്പൂരിലൂടെ യാത്ര നിഷേധിക്കപ്പെട്ട മുസ്തഫയ്ക്കും ദുബായിൽ എത്താനായി. രണ്ട് ദിവസം വൈകി നെടുമ്പാശ്ശേരിയിൽ നിന്നായിരുന്നു യാത്ര.

പെരിങ്ങത്തൂർ സ്വദേശി മുസ്തഫ എന്ന യുവാവിനാണ് കരിപ്പൂരിലൂടെ യാത്ര നിഷേധിക്കപ്പെട്ടത്. വിസിറ്റിങ് വിസയിൽ യാത്ര അനുദിക്കില്ലെന്നായിരുന്നു കരിപ്പൂരിലെ ഉദ്യോഗസ്ഥരുടെ വാദം. ദുബായിലേക്ക് വിസിറ്റ് വിസയിൽ പോവുകയായിരുന്ന യുവാവിനെ യാത്ര ചെയ്യാൻ അനുവദിക്കില്ല എന്നാണു എമിഗ്രേഷൻ ഓഫീസർ പറഞ്ഞത്. അതിനു കാരണമായി ഇയാൾക്ക് ഖത്തറിൽ വിസയുണ്ട് എന്നാണ് എമിഗ്രേഷൻ ഓഫീസർ പറഞ്ഞത്. ഖത്തറിലെ വിസ പാസ് പോർട്ടിൽ സ്റ്റാമ്പ് ചെയ്തിട്ടില്ല. ദുബായ് വഴി ഖത്തറിൽ പോകാനാണ് ശ്രമം എന്ന് ഊഹിച്ച് ആണത്രേ എമിഗ്രേഷൻ ഓഫീസർ തിരിച്ചയച്ചത്. കരിപ്പൂരിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ അനുവദിക്കാത്ത വിസിറ്റിങ് വിസയ്ക്ക് നെടുമ്പാശ്ശേരിയിൽ എത്തിയാൽ പ്രശ്‌നമില്ല. ഇതാണ് മുസ്തഫയുടെ ദുബായ് യാത്ര യാഥാർത്ഥ്യമാക്കിയത്.

ഹക്കീം റൂബ എന്ന യാത്രക്കാരന് മർദ്ദനം ഏറ്റ സംഭവം ഏറെ വിവാദമായിരുന്നു. അതിനെ തൊട്ടു പിറകേയാണ് പുതിയ വിവാദം. യാത്ര മുടക്കാനുള്ള കാരണം എഴുതി നൽകാൻ ആവശ്യപ്പെട്ടപ്പോൾ അത് നൽകാതിരുന്നു. എയർ ഇന്ത്യ എക്സ്‌പ്രസിന് ടിക്കറ്റ് എടുത്ത യുവാവ് സന്ദർശക വിസ ആയതിനാൽ തന്നെ നാട്ടിലേക്കുള്ള മടക്ക ടിക്കറ്റും എടുത്തിരുന്നു. ഇതൊക്കെ കാണിച്ചെങ്കിലും കോഴിക്കോട്ടെ എമിഗ്രേഷൻ ഓഫീസർ യാത്ര മുടക്കുകയായിരുന്നു. ഇതേ വിസയുമായി നെടുമ്പശ്ശേരിയിലൂടെ മുസ്തഫ യാത്ര നടത്തി. ഇതോടെ കോഴിക്കോട്ടെ എമിഗ്രേഷനിൽ കടുത്ത പ്രശ്‌നങ്ങളുണ്ടെന്നാണ് വ്യക്തമാകുന്നത്. കൈക്കൂലി കൊടുക്കാത്ത ആർക്കും കരിപ്പൂർ വഴി പോകാനാവാത്ത അവസ്ഥ. അധികൃതരുടെ അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് പ്രവാസികളുടെ ആവശ്യം.

ഒരാൾക്ക് ഖത്തറിലെ വിസ ഉണ്ടെങ്കിൽ അയാൾക്ക് മറ്റു രാജ്യങ്ങളിലേക്ക് സന്ദർശക വിസയിൽ പോവുന്നതിനു എന്താണ് തടസ്സമെന്നതാണ് ഉയരുന്ന ചോദ്യം. ദുബായിലേക്ക് സന്ദർശക വിസയിൽ പോകുന്ന ഒരാൾക്ക് മറ്റൊരു രാജ്യത്തെ വിസ ആ രാജ്യത്തിന്റെ വെബ്ബിൽ കയറി ഉണ്ടോ എന്ന് പരിശോധിച്ച് , ഉണ്ടെങ്കിൽ യാത്ര തടയാൻ സർക്കുലർ ഒന്നും നിലവിൽ ഇല്ല. എന്നിട്ടും ഇതു ചെയ്തു. ഇതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നാണ് വിമർശനം. ദുബായിലേക്ക് സന്ദർശക വിസയിൽ പോവുന്ന ഒരാൾ അവിടെ നിന്ന് ഖത്തറിൽ പോവുമെന്ന് ഊഹിക്കാൻ ഉദ്യോഗസ്ഥന് എന്താണ് അധികാരം എന്ന ചോദ്യവും പ്രസക്തമാണ്. ഇതിന് സാധൂകരണം നൽകുന്നതാണ് നെടുമ്പാശ്ശേരിയിൽ നിന്ന് മുസ്തഫയ്ക്ക് യാത്ര ചെയ്യാനായത് വ്യക്തമാക്കുന്നത്.

കഴിഞ്ഞ മാസവും സമാന രീതിയിലെ വിവാദം ഉണ്ടായിരുന്നു. യു.എ.ഇയിലേക്ക് കരിപ്പൂർ വഴി പോകേണ്ടിയിരുന്ന പാലക്കാട് അലനല്ലൂർ കാട്ടുകുളം സ്വദേശി കളത്തിൽവീട്ടിൽ മുംതാസ്, ഇത്തിഹാദ് എയർവേയ്‌സിൽന് പുറപ്പെടേണ്ടിയിരുന്ന എടപ്പാൾ സ്വേദേശി തെക്കിനിത്തേതിൽ ഉമ്മുകുൽസു കരിപ്പൂരിലെ എമിഗ്രേഷൻ വിഭാഗം അയിത്തം കൽപിച്ച് ഇറക്കി യാത്ര അനുവദിക്കാതെ ഇറക്കി വിട്ടത്. ഇതേ വിസയിൽ ഇരുവരും അടുത്ത ദിവസം നെടുമ്പാശേരി വഴി അബൂദാബിയിലേക്ക് പോകുകയായിരുന്നു. ഇതോടെ വിസയിൽ കള്ളത്തരമെന്ന കരിപ്പൂർ ഉദ്യോഗസ്ഥരുടെ വാദവും പൊളിഞ്ഞു. കരിപ്പൂരിലെ എമിഗ്രേഷൻ വിഭാഗം കണ്ടെത്തിയ പിഴവൊന്നും നെടുമ്പാശ്ശേരിയിൽ കണ്ടെത്തിയില്ല. യാതൊരു പിഴവുകളും ഇല്ലെന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെ അധികൃതർ സ്ഥിരീകരിച്ചതോടെ കരിപ്പൂരിലെ കള്ളത്തരമാണ് പൊളിഞ്ഞത്. ഇതോടെ രണ്ടു പേർക്കും നെടുമ്പാശേരി വഴി യാത്ര ചെയ്യാൻ കഴിയുകയും ചെയ്തു.

കരിപ്പൂരിലെ ഉദ്യോഗസ്ഥ ലോബിയുടെ കള്ളക്കളികാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. കൈക്കൂലി നൽകാത്തതിന് യാത്രക്കാരെ മർദ്ദിക്കുന്നതും കൊള്ളരുതായ്മകൾ ചോദ്യം ചെയ്യുന്നവരെ അപമാനിക്കലുമെല്ലാം കരിപ്പൂരിൽ തുടർക്കഥയാണ്. അതിനിടെയാണ് പുതിയ സംഭവം. സുരക്ഷാ കാരണങ്ങളാൽ ചൂണ്ടിയാണ് യാത്രക്കാരെ നിയന്ത്രിക്കുകയും മറ്റും ചെയ്യുന്നത്. എന്നാൽ കള്ളക്കടത്തുകാർക്ക് എല്ലാം മറികടക്കാൻ സൗകര്യം ഏറെയുമുണ്ട്. ഇതാണ് സാധാരണക്കാരുടെ പ്രതിഷേധം ശക്തമാകാൻ കാരണം. കൈക്കൂലി മോഹിച്ചാണ് എയർപോർട്ട് ജീവനക്കാർ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. കൈക്കൂലി നൽകാതെ തീരുമാനങ്ങളെ ചോദ്യം ചെയ്താൽ യാത്ര മുടങ്ങുകയും ചെയ്യും. ഇതിനെതിരെ ആരു പരാതി നൽകിയാലും ഫലം ഉണ്ടാവുകയുമില്ല.

ഹക്കിം റൂബയുടെ മർദ്ദനവുമായി ബന്ധപ്പെട്ട പരാതിയിൽ വാദി പ്രതിയാകുന്ന അവസ്ഥയുമുണ്ടായി. പ്രവാസികാര്യമന്ത്രി കെസി ജോസഫ്, ചില പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും അതൊന്നും വേണ്ട രീതിയിൽ ലക്ഷ്യം കണ്ടിട്ടില്ല. റൂബയെ പീഡിപ്പിച്ചവർ ഇപ്പോഴും സുരക്ഷിതരാണ്. അതുകൊണ്ട് തന്നെ ആരേയും കൂസാക്കാതെ യാത്രക്കാരെ പീഡിപ്പിക്കാനുള്ള ലൈസൻസ് ജീവനക്കാർക്ക് കിട്ടുകയും ചെയ്യുന്നു. അതിനിടെ കോഴിക്കോട് വിമാനത്താവളം അടച്ചു പൂട്ടിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിലെന്ന വാദവും സജീവമാണ്.