- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറിയ അളവിലുള്ള സ്വർണവുമായി വരുന്നവരെ പരിശോധിക്കുന്ന സമയത്ത് വൻതോതിൽ സ്വർണവുമായി ആളുകൾക്ക് പോകാൻ സൗകര്യമൊരുക്കി; കള്ളക്കടത്തിൽ പിടിക്കപ്പെടുന്നവരുമായി രഹസ്യ സംഭാഷണവും; കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് സ്വർണക്കടത്ത് സംഘങ്ങളുടെ സ്വന്തക്കാരനെന്ന് അന്വേഷണ ഏജൻസികൾ
കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് സ്വർണക്കടത്ത് സംഘങ്ങളുടെ സ്വന്തക്കാരനെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും ഇന്റലിജൻസ് ബ്യൂറോയും. ഇയാൾ കേരളത്തിലെയും കർണാടകത്തിലെയും സ്വർണക്കടത്ത് സംഘങ്ങളുടെ സ്വന്തക്കാരനാണെന്നാണ് ഡി.ആർ.ഐ, ഐ.ബി എന്നിവരുടെ രഹസ്യ റിപ്പോർട്ട്. കസ്റ്റംസ് ഇയാൾക്കെതിരെ പ്രാഥമിക ആഭ്യന്തര അന്വേഷണവും നടത്തിയിരുന്നു. ഡി.ആർ.ഐ.യുടെയും ഐ.ബി.യുടെയും കണ്ടെത്തലുകൾ ശരിയാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. കസ്റ്റംസിന്റെ ഇന്റലിജൻസ് വിഭാഗം മൂന്നുതവണയാണ് ഈ ഉദ്യോഗസ്ഥനെതിരേ റിപ്പോർട്ട് നൽകിയത്. എന്നാൽ ഇയാൾക്കെതിരെ യാതൊരുവിധ നടപടിയുണ്ടായില്ല. കരിപ്പൂരിൽ അടുത്തിടെ സ്വർണക്കടത്ത് വ്യാപകമായിരുന്നു. നിരവധി പേരെ കള്ളക്കടത്ത് സ്വർണവുമായി ബന്ധപ്പെട്ട് പിടികൂടുകയും ചെയ്തിരുന്നു.
കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ടിന്റെ നീക്കങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർക്ക് സംശയംതോന്നിയത് കഴിഞ്ഞ ജനുവരിമുതലാണ്. കള്ളക്കടത്തുകാരെ പിടികൂടുമ്പോൾ ബാഗേജ് പരിശോധന പെട്ടെന്ന് അവസാനിപ്പിക്കാൻ ഈ ഉദ്യോഗസ്ഥൻ നിരന്തരം ഇടപെട്ടതാണ് സംശയത്തിനുകാരണം. കസ്റ്റംസ് ജോയന്റ് കമ്മിഷണറോട് ഇക്കാര്യം ഇന്റലിജൻസ് വിഭാഗം സൂചിപ്പിച്ചപ്പോൾ ഉദ്യോഗസ്ഥനെ സൂക്ഷ്മമായി നിരീക്ഷിക്കാൻ നിർദ്ദേശം ലഭിച്ചു.
കള്ളക്കടത്തിന് പിടിക്കപ്പെടുന്നവരെ സൂപ്രണ്ട് അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലേക്ക് സ്ഥിരമായി കൂട്ടിക്കൊണ്ടുപോകുന്നതായി കണ്ടെത്തി. പക്ഷേ, രേഖാമൂലമുള്ള തെളിവ് ശേഖരിക്കാനായിരുന്നില്ല. ലോക്ഡൗണിനുശേഷം കരിപ്പൂരിൽ വിമാനസർവീസ് പുനരാരംഭിച്ച മേയിൽ ബാഗേജുകളുടെ എക്സ്റേ പരിശോധന നടത്താറുള്ള കസ്റ്റംസ് ഇൻസ്പെക്ടറെ ഇയാൾ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. മൊബൈൽ ഫോണുകൾ കടത്താൻ കൂട്ടുനിൽക്കണമെന്നായിരുന്നു ആവശ്യം. ഈ ഉദ്യോഗസ്ഥൻ ഇക്കാര്യം ഇന്റലിജൻസിനോട് വെളിപ്പെടുത്തി.
ഈ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയിരുന്ന യാത്രക്കാരെ പരിശോധിക്കുമ്പോൾ, ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചിരുന്ന സ്വർണം കണ്ടെത്തിയിരുന്നു. കൊച്ചി വിമാനത്താവളത്തിൽ കള്ളക്കടത്ത് സ്വർണവുമായെത്തുന്ന യാത്രക്കാരെക്കുറിച്ചും ഇയാൾ വിവരം നൽകിയിരുന്നു. ഉദ്യോഗസ്ഥർ മുഴുവൻ ഈ യാത്രക്കാരുടെ പിന്നാലെ പോകുമ്പോൾ വൻതോതിൽ സ്വർണം കടത്തിയിരുന്നവർ കാര്യമായ പരിശോധനകൂടാതെ കടന്നുപോയിരുന്നു. സ്വർണക്കടത്തുസംഘത്തിലെ സ്വന്തക്കാരെ വിമാനത്താവളത്തിൽനിന്ന് പുറത്തുകടത്താൻ കസ്റ്റംസ് സൂപ്രണ്ട് ഉപയോഗിച്ചിരുന്ന തന്ത്രമായിരുന്നു ‘ഇൻഫോർമർ'. ഇയാൾ ചൂണ്ടിക്കാണിച്ചിരുന്ന സ്വർണക്കടത്തുകാരിൽ 90 ശതമാനവും കർണാടക ഭട്കലിൽനിന്നുള്ളവരായിരുന്നു.
കരിപ്പൂരിൽ ഇറങ്ങി കർണാടകത്തിലേക്ക് പോകുന്നവരിൽനിന്ന് കർണാടകപൊലീസ് സ്ഥിരമായി സ്വർണം പിടികൂടുന്നത് മംഗളൂരു ഡി.ആർ.ഐ.യുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരെ ചോദ്യംചെയ്തപ്പോൾ കരിപ്പൂരിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് കടത്തെന്നുവ്യക്തമായി. കർണാടക പൊലീസ് വൻതോതിൽ സ്വർണം പിടിച്ച ദിവസങ്ങളിൽ കരിപ്പൂരിൽ ചെറിയതോതിലുള്ള കള്ളക്കടത്ത് സ്വർണം പിടിച്ചിരുന്നതായി കണ്ടെത്തി. കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ടിന്റെ ഫോട്ടോ പിടിക്കപ്പെട്ടവരെ കാണിച്ചപ്പോൾ അവർ തിരിച്ചറിഞ്ഞു.
ഡി.ആർ.ഐ.യിൽനിന്നുലഭിച്ച വിവരങ്ങളിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കസ്റ്റംസ് സൂപ്രണ്ടിനെതിരേ ഇന്റലിജൻസ് ബ്യൂറോയും റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് ഈ ഉദ്യോഗസ്ഥനെ വിമാനത്താവളത്തിൽനിന്ന് മാറ്റണമെന്നുചൂണ്ടിക്കാട്ടി കരിപ്പൂർ കസ്റ്റംസ് ഇന്റലിജൻസ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ കസ്റ്റംസ് ഉന്നതർക്ക് റിപ്പോർട്ട് അയച്ചത്. അതിനുമുമ്പ് ജൂലായിലും മാർച്ചിലും ഈ ഉദ്യോഗസ്ഥനെതിരേ കസ്റ്റംസ് ഉന്നതർക്ക് രഹസ്യറിപ്പോർട്ട് അയച്ചിരുന്നു. പക്ഷേ, തുടർനടപടിയുണ്ടായില്ല. സിബിഐ. റെയ്ഡ് നടന്നപ്പോഴും ഈ ഉദ്യോഗസ്ഥൻ കരിപ്പൂരിൽ സൂപ്രണ്ടായി തുടരുകയായിരുന്നു.
ഈ കസ്റ്റംസ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്കെതിരേ ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് കഴിഞ്ഞയാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ. റെയ്ഡ് നടത്തിയത്. ഒരുകോടിയിലധികം രൂപയുടെ മൂല്യമുള്ള സ്വർണവും പണവുംമറ്റും പിടിച്ചെടുത്തിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരിൽനിന്നുമാത്രം എട്ടുലക്ഷം രൂപ പിടിച്ചു. നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പക്ഷേ, അതിൽ ഈ ഉദ്യോഗസ്ഥനില്ല. സൂപ്രണ്ട് ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവിൽദാർ ഫ്രാൻസിസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സിബിഐ റെയ്ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽപെടാത്ത പണവും സ്വർണവും പിടികൂടിയിരുന്നു.
കസ്റ്റംസ് ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണമാണ് സിബിഐ പിടിച്ചെടുത്തത്. മൂന്നരലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് കണ്ടെടുത്തു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും പിടികൂടി. വിദേശ സിഗരട്ട് പെട്ടികളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. സ്വർണം പിടികൂടിയ യാത്രക്കാരുടെ പാസ്പോർട്ട് വാങ്ങി വച്ചശേഷം സിബിഐ വിട്ടയച്ചു. പത്തംഗ സിബിഐ ഉദ്യോഗസ്ഥരുടെ റെയ്ഡ് 24 മണിക്കൂർ നീണ്ടു. ചൊവ്വ പുലർച്ചെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ബുധനാഴ്ച്ച പുലർച്ചെയാണ്. ഒരാഴ്ച്ചയായി കസ്റ്റംസ് ഉദ്യോഗസ്ഥർ സിബിഐയുടെ നിരീക്ഷണത്തിലായിരുന്നു.
മറുനാടന് ഡെസ്ക്