കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ജോലിയുടെ ഭാഗമായുള്ള പരിശോധനയിൽ വിട്ടുവീഴ്‌ച്ച നടത്താൻ തുനിയാതെ ഡ്യൂട്ടി ചെയ്യാൻ ഒരുങ്ങിയതിന്റെ പേരിൽ സംഘർഷമുണ്ടാകുകയും തുടർന്ന് വെടിയേറ്റ് മരിക്കുകയും ചെയത്് സിഐഎസ്.എഫ് ഹെഡ്‌കോൺസ്റ്റബ്ൾ എസ്.എസ്. യാദവിന്റെ മൃതദേഹത്തോടും അനാദരവ് കാട്ടിയെന്ന് ആക്ഷേപം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരാണ് ജവാന്റെ മൃതദേഹത്തോട് അനാദരവോടെ പെരുമാറിയത്.

മൃതദേഹം മോർച്ചറിയിലേക്ക് കൊണ്ടുപോകുമ്പോൾ നനയാതിരിക്കാൻ രണ്ടുവർഷംമുമ്പ് സി.എച്ച് സെന്റർ മേൽക്കൂരയുള്ള ട്രോളി നൽകിയിരുന്നു. ട്രോളി ലഭിച്ച് കുറച്ചു ദിവസങ്ങളിൽ ഉപയോഗിച്ചുവെന്നല്ലാതെ പിന്നീടത് മൂലക്കിടുകയായിരുന്നു. ജവാന്റെ മൃതദേഹം കൊണ്ടുവരുന്ന ട്രോളി, മഴയത്ത് ഓടിക്കൊണ്ട് വലിക്കുകയായിരുന്നു ജീവനക്കാർ. ഇത് കൂടാതെ ജവാന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയായശേഷം അധികൃതരെ കാത്തുകിടന്നത് ഒരു മണിക്കൂറുമാണ്. സിഐഎസ്.എഫ് സീനിയർ കമാൻഡന്റ് അനിൽ ബാലി വന്നശേഷം മാത്രമേ മൃതദേഹം കൊണ്ടുപോകൂവെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.

സിഐഎസ്.എഫിന്റെ യൂനിറ്റ് ഉദ്യോഗസ്ഥർ മൃതദേഹം സ്വീകരിച്ച് നാട്ടിലേക്കയക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പോസ്റ്റ്‌മോർട്ടം പൂർത്തിയായശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരാരും സ്ഥലത്തത്തെിയില്ല. എംബാം ചെയ്ത മൃതദേഹവുമായി പൊലീസ് ഉദ്യോഗസ്ഥർ മെഡിക്കൽ കോളജ് മോർച്ചറിയിൽ ഒരു മണിക്കൂർ കാത്തിരുന്നെങ്കിലും സിഐഎസ്.എഫ് ഉദ്യോഗസ്ഥരത്തൊത്തതിനെ തുടർന്ന് രാത്രി ഏഴോടുകൂടി ഇൻക്വസ്റ്റ് ചെയ്തുകൊണ്ടോട്ടി സി.ഐയുടെ ഉത്തരവാദിത്തത്തിൽ മൃതദേഹം നെടുമ്പാശ്ശേരിയിലേക്ക് അയക്കുകയായിരുന്നു.

അതിനിടെ സംഘർഷത്തിന്റെ കൂടുതൽ വിശദാംശങ്ങളും പുറത്തുവന്നു. സംഘർഷത്തിൽ സിഐഎസ്.എഫ് ഹെഡ്‌കോൺസ്റ്റബ്ൾ എസ്.എസ്. യാദവ് കൊല്ലപ്പെട്ടത് തലച്ചോറ് തകർന്നാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇടതു താടിയെല്ലിന് തൊട്ടുമുകളിലായാണ് വെടിയേറ്റത്. വെടിയുണ്ട മൂന്നു കഷണങ്ങളായി ചിതറി തലച്ചോറിനെ തകർത്തെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉള്ളതായാണ് സൂചന.

കോഴിക്കോട് മെഡിക്കൽ കോളജിൽ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തത്. നാലു സെന്റീമീറ്റർ നീളവും അര സെന്റീമീറ്റർ വീതിയുമുള്ള മുറിവാണ് മൃതദേഹത്തിലുള്ളത്. വാരിയെല്ലിനും പൊട്ടലുണ്ട്. ശരീരത്തിന്റെ മറ്റിടങ്ങളിൽ പരിക്കുകളില്ല.

രാവിലെ 10.45ഓടെ തിരൂർ സബ് കലക്ടർ ഡോ. അദീല അബ്ദുല്ലയും കൊണ്ടോട്ടി തഹസിൽദാർ സെയ്താലിയും വന്നശേഷമാണ് പോസ്റ്റ്‌മോർട്ടം നടപടികൾ തുടങ്ങിയത്. 11ന് കൊണ്ടോട്ടി സി.ഐ ഡി. സന്തോഷ്, സീനിയർ സി.പി.ഒ അഷ്‌റഫ് ചുക്കാൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് ആരംഭിച്ചു. ഒന്നരയോടെയാണ് അവസാനിച്ചത്. പിന്നീട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽനിന്ന് വെടിയുണ്ടയേറ്റ ഭാഗത്തിന്റെ എക്‌സ്‌റേ എടുത്തു. 2.15ഓടെയാണ് പോസ്റ്റ്‌മോർട്ടം ആരംഭിച്ചത്. വൈകീട്ട് നാലിന് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം എംബാം ചെയ്തു. വൈകീട്ട് ആറോടുകൂടി നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി. മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ ഡോ. പി.ടി. രതീഷ്, ഡോ. മൃദുലാൽ എന്നിവരാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തത്.

ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വെടിയേറ്റാണ് ജവാൻ മരിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് കിട്ടിയ രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കരിപ്പൂർ വിമാനത്താവളത്തിലെ സംഭവങ്ങളെക്കുറിച്ച് സിഐഎസ്എഫും രഹസ്യാന്വേഷണ ബ്യൂറോയും നല്കിയ റിപ്പോർട്ടുകളിൽ സമാനമായ കണ്ടത്തെലാണുള്ളത്. എയർപോർട്ട് അഥോറിറ്റി ഫയർ സർവ്വീസ് ജീവനക്കാരൻ സുരക്ഷാ പരിശോധനയുമായി സഹകരിക്കാത്തതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ട് പറയുന്നു. പിന്നീട് വാക്കു തർക്കം നടന്നു. ഫയർസർവ്വീസ് ജീവനക്കാരൻ പതിനഞ്ചു പേരെ വിളിച്ചു കൊണ്ട് വന്ന് സിഐഎസ്എഫ് എസ് ഐ എസ് ആർ ചൗധരിയെ ആക്രമിച്ചു.

സംഘർഷത്തിനിടെ എസ് ഐ ചൗധരിയുടെ തോക്ക് ഫയർസർവ്വീസ് ജീവനക്കാരൻ പിടിച്ചു വാങ്ങി ഒരു റൗണ്ട് വെടിവച്ചു. വെടിവെയ്പിൽ ചൗധരിയുടെ വിരലിന് പരിക്കേറ്റു. ഹെഡ്‌കോൺസ്റ്റബിൾ എസ്എസ് യാദവ് തലയ്ക്ക് വെടിയേറ്റ് മരിച്ചു എന്നും ലഹളയുണ്ടാക്കൽ ഉൾപ്പടെ വകുപ്പുകൾ പ്രകാരം കേസെടുത്തെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം സിഐഎസ്എഫ് ജവാന്റെ കൈയിൽ നിന്ന് തോക്ക് പിടിച്ചു വാങ്ങിയിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയം പറയുന്നു.

സിഐഎസ്എഫ് ജവാന്റെ കൈയിലിരിക്കെയാണ് വെടിയുതിർന്നതെന്ന് ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രാലയം വാർത്താക്കുറിപ്പ് പുറത്തിറക്കുകതയും ചെയ്തു. സംഭവം അതീവ ഗുരുതരമാണെന്ന് സർക്കാർ വിലയിരുത്തുമ്പോഴും കേന്ദ്ര ഏജൻസികൾ തന്നെ പരസ്പരം പഴിചാരുകയാണ്. സംഭവത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഇന്ന് കൈമാറുമെന്നാണ് അറിയുന്നത്. സിഐഎസ്എഫ് ഐജിയും വ്യോമയാന മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുമാണ് ഇന്ന് റിപ്പോർട്ടുകൾ കൈമാറുക.