- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാഗിൽ ഫോണിന്റെ പെട്ടി കാണാതായതോടെ ജീവനക്കാരോട് കാര്യം പറഞ്ഞു; കോൺവെയർ ബെൽറ്റിലൂടെ എത്തിയ പെട്ടിയിൽ ഫോൺ മാത്രമില്ല; എയർപോർട്ടിൽ കൊള്ളയടിക്കപ്പെട്ടത് സുഹൃത്തിന്റെ അനിയന് നൽകാനുള്ള ഒരു ലക്ഷത്തിന്റെ മൊബൈൽ ഫോണും വാച്ചുകളും; അരീക്കോട്ടുകാരൻ നസീൽ തിരിച്ചറിഞ്ഞത് കരിപ്പൂർ വിമാനത്താവളത്തിലെ ചതി
മലപ്പുറം: കരിപ്പൂർ എർപോർട്ടിൽ നിന്നും ഒരു ലക്ഷം രൂപ വിലയുള്ള മൊബൈൽ ഫോണും വാച്ചുകളും നഷ്ടപ്പെട്ട പ്രവാസി നാട്ടിലെത്തുന്നത് അഞ്ച് വർഷത്തിനിടയിൽ ആദ്യ തവണ. മലപ്പുറം അരീക്കോട് വെള്ളേരി സ്വദേശി മുഹമ്മദ് നസീലിനാണ് കരിപ്പൂർ എയർപോർട്ടിൽ നിന്നും ദുരനുഭവുമുണ്ടായിരിക്കുന്നത്. 10ാം തിയ്യതിയാണ് നസീൽ റിയാദിൽ നിന്നും എസ്ജി 9576 നമ്പർ സ്പൈസ് ജെറ്റ് വിമാനത്തിൽ റിയാദിൽ നിന്നും കരിപ്പൂരിലേക്ക് പുറപ്പെട്ടത്.
കയ്യിലുണ്ടായിരുന്ന ബാഗിന് തൂക്കം കൂടുതലാണെന്ന് കാണിച്ച് റിയാദിലെ എയർപോർട്ടിൽ വെച്ചു തന്നെ 200 റിയാൽ പിഴ അടച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കയ്യിലുണ്ടായിരുന്ന ബാഗും ലഗേജിലേക്ക് മാറ്റി. ഈ ബാഗിലായിരുന്നു നഷ്ടപ്പെട്ട ഫോണും വാച്ചുകളുമുണ്ടായിരുന്നത്. വിമാനമിറങ്ങി ബാഗേജ് പരിശോധന കഴിഞ്ഞ് ബാഗുകൾ എത്തിയപ്പോൾ ആദ്യം നോക്കിയത് അതിൽ ഫോണുണ്ടോ എന്നതായിരുന്നു എന്നും എന്നാൽ ബാഗിൽ ഫോൺ ഇല്ലായിരുന്നു എന്നും നസീൽ മറുനാടൻ മലയാളിയോട് പറഞ്ഞു.
ബാഗിൽ ഫോണിന്റെ പെട്ടി കാണാതായതോടെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനോട് കാര്യം പറയുകയും ചെയ്തിരുന്നു. അൽപ സമയത്തിനകം കൺവേയർ ബെൽറ്റ് വഴി ഫോണിന്റെ ബോക്സും എത്തി. പെട്ടി പൊട്ടിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. അതിൽ ഫോൺ ഇല്ലായിരുന്നു. അതേസമയം, ബോക്സിലെ മറ്റ് സാമഗ്രികളെല്ലാം പെട്ടിക്കകത്ത് ഉണ്ടായിരുന്നു. ഒരു ലക്ഷം രൂപയോളം വിലയുള്ള ഐ ഫോൺ 12 ആണ് വിമാന താവളത്തിൽ വച്ച് നഷ്ടമായത്. ഇതിന് പുറമെ ഒരു വാച്ചും നഷ്ടമായതായി നസീൽ പറയുന്നു.
ഫോൺ നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടി വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്കും കരിപ്പൂർ പൊലീസിനും നസീൽ പരാതി നൽകിയിട്ടുണ്ട്. നസീലിന്റെ പരാതിയിൽ ഇന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്നും എത്തിയതിന്റെ ഭാഗമായി നസീൽ ഇപ്പോൾ വീട്ടിൽ ക്വാറന്റെയിനിലാണ്. അതു കൊണ്ട് തന്നെ നേരിട്ടെത്തി കേസിന്റെ കാര്യങ്ങൾ തിരക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. എയർപോർട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മൊബൈൽ ഫോൺ മോഷ്ടിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നസീലും കുടുംബവുമുള്ളത്.
പരാതിയിലും സിസിടിവി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നസീൽ മറുനാടൻ മലയാളിയോട് പറഞ്ഞു. റിയാദിലുള്ള ഒരു കഫറ്റീരിയയിൽ ജോലി ചെയ്യുന്ന നസീൽ അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ഗൾഫിലേക്ക് പോയത്. ജീവിത പ്രാരാബ്ധങ്ങൾ കാരണം ഇത്ര നാളായും നാട്ടിലേക്ക് വരാൻ കഴിഞ്ഞിരുന്നില്ല. അഞ്ച് വർഷത്തിനിടയിൽ ആദ്യമായാണ് നസീൽ നാട്ടിലേക്ക് വരുന്നത്. കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന്റെ അനിയന് നൽകാനായി അദ്ദേഹം തന്നയച്ചിട്ടുള്ള മൊബൈൽ ഫോൺ ആണ് നഷ്ടപ്പെട്ടിട്ടുള്ളത്.
എയർപോർട്ടിലെ ജീവനക്കാരാണോ മറ്റേതെങ്കിലും യാത്രക്കാരാണോ മൊബൈൽ ഫോൺ മോഷ്ടിച്ചിട്ടുള്ളത് എന്ന് വ്യക്തമാകണമെങ്കിൽ സിസിടിവി ദൃശ്യങ്ങൾ ലഭിക്കേണ്ടതുണ്ട്. ഫോൺ തന്നയച്ച സുഹൃത്ത് ഇതുവരെയൊന്നും പ്രതികരിച്ചിട്ടില്ല. എന്താണ് സംഭവിച്ചത് എന്നറിയാൻ വേണ്ടി കാത്തിരിക്കുകയായാണ് അദ്ദേഹവും. അഞ്ച് വർഷത്തിന് ശേഷം നിരവധി പ്രതീക്ഷകളുമായിട്ടാണ് നസീൽ നാട്ടിലേക്ക് തിരിച്ചെത്തിയത്. വിവാഹമടക്കമുള്ള സ്വപ്നങ്ങൾ ഈ വരവിന്റെ ലക്ഷ്യമായിരുന്നു.
ഇത്രയേറെ പ്രതീക്ഷകളുമായി നാട്ടിലേക്ക് തിരിച്ച തനിക്ക് ഇത്തരത്തിലൊരു ദുരനുഭവമുണ്ടായതിന്റെ ആഘാതത്തിലാണ് നസീലുള്ളത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനാകുമെന്നും നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിൽ വീട്ടിൽ ക്വാറന്റെയിനിൽ കഴിയുകയാണ് നസീലിപ്പോൾ.