കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണ്ണ കടത്തു ലോബിയുടെ സ്വാധീനം ഉദ്യോഗസ്ഥരിലേക്കും വിമാനകമ്പനി ജീവനക്കാരിലേക്കും നീളുന്നു. വിമാന ജീവനക്കാരെ ഉപയോഗിച്ചു സ്വർണ്ണക്കടത്ത് വ്യാപകമാണെന്നാണ് പുറത്തുവരുന്ന വിഭാഗം. എയർ ഹോസ്റ്റസുമാരും കാബിൻ ക്രൂ ജീവനക്കാരും അടക്കം ഈ ലോബിയുടെ ഭാഗമാകുന്നു.

കോഴിക്കോട് വിമാനത്താവളത്തിൽ എയർ ഇന്ത്യാ കാബിൻ ക്രൂ പ്രതിയായ സ്വർണക്കടത്ത് കേസിൽ നിർണായക മൊഴി പുറത്തു വന്നതോടെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ കൂടുതലായി പുറത്തുവരുന്നത്. ഇയാൾ ആറ് തവണ സ്വർണം കടത്തിയെന്നാണ് മൊഴി. നാലരക്കോടി രൂപയോളം വിലവരുന്ന എട്ടര കിലോ സ്വർണമാണ് കടത്തിയത്.കഴിഞ്ഞ ദിവസമാണ് കാബിൻ ക്രൂവായ നവനീത് സിംഗിനെ(28) കസ്റ്റഡിയിലെടുത്തത്.

1399 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ഡൽഹി സ്വദേശി നവനീതിന്റെ ഷൂസിൽ ഒളിപ്പിച്ച നിലയിലായിരുന്നു മിശ്രിതം . ഇതിൽ നിന്ന് 1226 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. 63.56 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ദുബായ്- കോഴിക്കോട് എയർ ഇന്ത്യ എക്‌സൈസ് കാബിൻ ക്രൂവാണ് നവനീത്.

എയർ ഇന്ത്യ കസ്റ്റംസ് ഇന്റലിജൻസാണ് ഇയാളെ പിടികൂടിയത്. ദുബായിൽ നിന്നാണ് സ്വർണം കൊണ്ടുവന്നത്. ചോദ്യം ചെയ്യലിൽ നിന്നാണ് കൂടുതൽ കാര്യങ്ങൾ പുറത്തു വന്നത്. അതേസമയം മറ്റൊരു സ്വർണ്ണക്കടത്തും കരിപ്പൂർ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടി. യാത്രക്കാരൻ ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ 1.25 കോടി രൂപയുടെ സ്വർണം കാർ തടഞ്ഞ് പൊലീസ് പിടികൂടുകയായിരുന്നു.

ബഹ്‌റൈനിൽനിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ഇന്നലെ പുലർച്ചെ കരിപ്പൂരിൽ എത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി അബ്ദുസലാം (41) ആണ് പിടിയിലായത്.ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെതുടർന്ന് വിമാനത്താവളത്തിനു പുറത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

അരയിൽ ബെൽറ്റിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ച 2.79 കിലോഗ്രാം മിശ്രിതത്തിൽനിന്ന് 2.416 കിലോഗ്രാം സ്വർണം ലഭിച്ചതായി പൊലീസ് അറിയിച്ചു. ടാക്‌സി വിളിച്ച് കോഴിക്കോട് തൊണ്ടയാടിനു സമീപം എത്താനാണ് സ്വർണക്കടത്തു സംഘം ഇയാൾക്ക് നിർദ്ദേശം നൽകിയിരുന്നതെന്നും അതനുസരിച്ചു ടാക്‌സി വിളിച്ചു പോകാനുള്ള ശ്രമത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.