- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടിൽ നിന്ന് പൊലീസ് യൂണിഫോമിന്റെ സ്റ്റാർ; ഒപ്പം ലാപ്ടോപ്പും വിലപ്പെട്ട മറ്റുരേഖകളും കണ്ടെടുത്തു; പൂട്ടിക്കിടന്നതിനാൽ കൊടി സുനിയുടെ വീട്ടിലെ തെളിവെടുപ്പ് മുടങ്ങി; സുനിക്കും ഷാഫിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടിപി ചന്ദ്രശേഖരൻ കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് തെളിവെടുപ്പ് പൂർത്തിയായി. കൊടിസുനിയുടെ വീട് പൂട്ടിക്കിടന്നതിനാൽ തെളിവെടുപ്പ് നടന്നില്ല. സുനിക്ക് വിയ്യൂർ ജയിലിലെത്തി സമൻസ് നൽകുമെന്നും അന്വേഷണ സംഘം അറിയിച്ചു. ഷാഫിയുടെ വീട്ടിൽ നിന്നും പൊലീസ് യൂണിഫോമിന്റെ സ്റ്റാർ അന്വേഷണ സംഘം കണ്ടെത്തി. ഇരുവർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകും.
പൊലീസ് വേഷത്തിൽ ഷാഫി അടക്കമുള്ളവർ സ്വർണക്കടത്തിൽ ഇടപെട്ടിരുന്നു എന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്. ലാപ്ടോപും വിലപ്പെട്ട മറ്റുരേഖകളും ഷാഫിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അർജുൻ ആയങ്കിയെ കൂട്ടിയാണ് കസ്റ്റംസ് റെയ്ഡിനെത്തിയത്. പുറത്ത് വാഹനത്തിലിരുന്ന അർജുനെ റെയ്ഡിനിടെ കസ്റ്റംസ് ഷാഫിയുടെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി കൂടുതൽ വിവരങ്ങൾ ആരാഞ്ഞിരുന്നു. സ്വർണക്കടത്തിന് പിന്നിൽ ടി. പി കേസ് പ്രതികളായ കൊടി സുനിയും ഷാഫിയും ആണെന്ന് അർജുൻ ആയങ്കി പറഞ്ഞതായി ഷെഫീഖ് കസ്റ്റംസിന് മൊഴി നൽകിയിരുന്നു. അർജുൻ ആയങ്കിയുടെ വീട്ടിലെ തെളിവെടുപ്പിന് ശേഷമായിരുന്നു കസ്റ്റംസിന്റെ നിർണായക നീക്കം.
മുഹമ്മദ് ഷാഫിയുടെ ചൊക്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലെ പരിശോധന രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. സംഭവദിവസം കാർ ഒളിപ്പിച്ചതിന് ശേഷം ഒളിവിൽ പോയ അർജുൻ ആയങ്കി ഷാഫിയെ കാണാനായി പോയതായും സൂചനയുണ്ട്. അർജുൻ ആയങ്കി മാഹി ഭാഗത്ത് ഒളിവിൽ കഴിഞ്ഞതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
കള്ളക്കടത്ത് സ്വർണം പൊട്ടിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും ടിപി കേസിലെ പ്രതികളുടെ സഹായം ലഭിച്ചുവെന്നായിരുന്നു അർജുന്റെ മൊഴി. അർജുൻ ആയങ്കിയെ പുലർച്ചെ കൊച്ചിയിൽ നിന്നും കണ്ണൂരിലെത്തിച്ച കാർ ഒളിപ്പിച്ചിരുന്ന അഴിക്കോട്ടെ ഉരു നിർമ്മാണ ശാലയിലാണ് ആദ്യം എത്തിച്ചത്. ഫോൺ പുഴയിൽ നഷ്പ്പെട്ടെന്ന ആദ്യ മൊഴി പുഴയിലേക്ക് എറിഞ്ഞെന്ന് തിരുത്തി. എന്നാൽ അർജുന്റെ മൊഴി യുക്തിക്ക് നിരക്കാത്തതാണെന്ന് കസ്റ്റംസ് പറഞ്ഞു. തുടർന്ന് ആയങ്കിയെ അഴീക്കൽ കപ്പക്കടവിലെ വീട്ടിലെത്തിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇവിടെ നിന്നും പെൻഡ്രൈവ്, മെമ്മറി കാർഡ്, എടിഎം കാർഡുകൾ തുടങ്ങിയ തെളിവുകൾ കസ്റ്റംസ് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് അർജുന്റെ ഭാര്യ അമലക്കും കസ്റ്റംസ് നോട്ടീസ് നൽകി.
ആയങ്കിയുടെ സംഘത്തിലെ 30 ഓളം ആളുകളെ കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരേയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. വീതം വെപ്പ് കേന്ദ്രങ്ങളെ കുറിച്ചും സ്വർണം ഒളിപ്പിച്ച സ്ഥലങ്ങളെ കുറിച്ചുമുള്ള വിശദമായ അന്വേഷണം നടന്നുവരികയാണ്.
മറുനാടന് മലയാളി ബ്യൂറോ