- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ സ്വർണക്കവർച്ചാ കേസ്: മുഖ്യപ്രതിയായ ഗുണ്ടാനേതാവ് റഫീഖ് അറസ്റ്റിൽ; അന്വേഷണ സംഘം പിടികൂടിയത് സാഹസികമായി; അന്വേഷണം ഇതര സംസ്ഥാനങ്ങളിൽ നിന്നും ലഹരി മരുന്ന് എത്തിക്കുന്ന സംഘങ്ങളിലേക്കും
കോഴിക്കോട്: കരിപ്പൂർ സ്വർണക്കവർച്ചാ കേസിൽ മുഖ്യപ്രതിയായ ഗുണ്ടാനേതാവ് അറസ്റ്റിൽ. നിരവധി ക്രിമിനൽകേസിലെ പ്രതിയും കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കുഴൽപ്പണ-സ്വർണ്ണക്കടത്ത്- ലഹരി മാഫിയ തലവന്മാരിലെ പ്രധാനിയുമായ സൗത്തുകൊടുവള്ളി മദ്റസാബസാർ പിലാത്തോട്ടത്തിൽ റഫീഖ് എന്ന ഈനാംപേച്ചി റഫീഖ് ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്.
പൊലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് സാഹസികമായാണ് പിടികൂടിയത്. ജില്ലക്കകത്തും പുറത്തും നിരവധി ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം പുലർത്തിയിരുന്ന ഇയാൾ ഒളിവിൽ കഴിയാൻ ഇത്തരം ബന്ധങ്ങൾ ഉപയോഗിച്ചിരുന്നോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.
സംഭവ ദിവസം മുഖ്യപ്രതിയായ സൂഫിയാന്റെ സഹോദരൻ ജസീറിന്റെ വാഹനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തുന്നത്. ഇവരുടെ വാഹനമാണ് കരിപ്പൂർ റോഡിൽ വെച്ച് അർജുൻ ആയങ്കിയുടെ കാർ തടഞ്ഞ് സോഡാകുപ്പിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്.
ഒളിവിൽ കഴിയുമ്പോഴും ഇയാൾ കുഴൽപ്പണ ഇടപാടുകൾ നടത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ പൊലീസിന് വ്യക്തമായി. അതുമായിബന്ധപ്പെട്ട് നിരവധി പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കും .
ഒളിവിൽ കഴിയാൻ സഹായിച്ചവരെകുറിച്ചും ഇയാൾക്ക് കഞ്ചാവും മറ്റു ലഹരി വസ്തുക്കളും എത്തിച്ചുനൽകിയവരെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ഇതരസംസ്ഥാനങ്ങളിൽ നിന്നും ചരക്കുവാഹനങ്ങളിൽ ലഹരിയെത്തിക്കുന്ന സംഘങ്ങളുമായി ഇയാൾക്കുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ