- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രം അർജ്ജുൻ ആയങ്കി; ഡിവൈഎഫ്ഐയിൽ നിന്ന് പുറത്താക്കിയ സജീഷ് സി അർജ്ജുൻ ആയങ്കിയുടെ ബിനാമി എന്നും കസ്റ്റംസ്; താൻ നിരപരാധിയെന്നും പലതും കെട്ടിച്ചമയ്ക്കുന്നുവെന്നും അർജ്ജുൻ; കളവെന്ന് കസ്റ്റംസും; പൊട്ടിക്കുന്ന സ്വർണത്തിൽ ഒരുഭാഗം പാർട്ടിക്കെന്ന ക്വട്ടേഷൻ സംഘാംഗത്തിന്റെ ശബ്ദരേഖയും പുറത്ത്
-കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചുവന്ന സ്വിഫ്റ്റ് കാറിനെ ചുറ്റിപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജ്ജുൻ ആയങ്കിയുടെ സ്വന്തം കാർ തന്നെയാണിത്. പണം മുടക്കിയതും ഇയാൾ തന്നെ. എന്നാൽ, കാർ ഡിവൈഎഫ്ഐയുടെ മുൻ ചെമ്പിലോട് മേഖല സെക്രട്ടറി സി. സജേഷിന്റെ പേരിലാണ്. സജേഷ് ബിനാമിയെന്നാണ് കസ്റ്റംസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
അർജുൻ ഫോൺ നശിപ്പിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്വർണ്ണക്കടത്തിന്റെ ബുദ്ധികേന്ദ്രം അർജ്ജുനാണ്. അർജുനെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആർഭാട ജീവിതം നയിച്ച അർജ്ജുൻ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി.
അതേസമയം, തനിക്ക് സ്വർണക്കടത്ത് കേസിൽ പങ്കില്ലെന്നും നിരപരാധിയാണെന്നും അർജ്ജുൻ ആയങ്കി മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും മാധ്യമങ്ങളും കസ്റ്റംസും ചേർന്ന് പലതും കെട്ടിച്ചമക്കുകയാണെന്നും അർജ്ജുൻ ആയങ്കി പറഞ്ഞു.
'എന്റെ നിരപരാധിത്വം ഞാൻ തെളിയിച്ചോളും. നിങ്ങൾ പാർട്ടിയെ ഇതിലേക്ക് വഴിച്ചിഴക്കരുത്.' അർജ്ജുൻ ആയങ്കി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം അർജുൻ ആയങ്കി കളവ് പറയുന്നുവെന്നാണ് കസ്റ്റംസിന്റെ പ്രതികരണം. അർജുന്റെ മൊഴി വിശ്വാസത്തിൽ എടുക്കാൻ കഴിയില്ല. മുഹമ്മദ് ഷഫീക്ക് നേരത്തെ വാങ്ങിയ പണം വാങ്ങാനാണ് താൻ വിമാനതാവളത്തിൽ എത്തിയതെന്നാണ് അർജുൻ പറയുന്നത്. അർജുൻ ഫോൺ അടക്കമുള്ള തെളിവുകൾ നശിപ്പിച്ചുവെന്നും കസ്റ്റംസ് പറഞ്ഞു.
ഇന്ന് കോടതിയിൽ ഹാജരാക്കുന്ന അർജുനെ കസ്റ്റംസ് പത്ത് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.അതേസമയം അർജുൻ കുറ്റം ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ തെളിവ് നശിപ്പിക്കേണ്ടകാര്യമില്ലെന്നും അർജുന്റെ അഭിഭാഷകൻ റമീസ് പറഞ്ഞു. സ്വർണം കടത്തുന്ന കാര്യം അറിയാമെന്ന വിധത്തിൽ യാതൊരു മൊഴിയും കസ്റ്റംസിന് മുന്നിൽ നൽകിയിട്ടില്ല. അർജുൻ കുറ്റം ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ് സ്ഥീരീകരിച്ചിട്ടില്ലെന്നും അർജുൻ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
അതിനിടെ സ്വർണക്കടത്ത് കേസിൽ ക്വട്ടേഷൻ സംഘാംഗത്തിന്റേതെന്ന പേരിലുള്ള ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്. പൊട്ടിക്കുന്ന സ്വർണം മൂന്നായി വീതം വെക്കുമെന്നും അതിൽ ഒരു വിഭാഗം പാർട്ടിക്കെന്നും ശബ്ദരേഖയിൽ പറയുന്നു. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളായ കൊടി സുനി പിന്നിലുണ്ടെന്നും മുഹമ്മദ് ഷാഫി ഇടപെടുമെന്നും ശബ്ദരേഖയിൽ പറയുന്നു.
പുറത്ത് വരുന്ന ശബ്ദരേഖ ആധികാരികമാണെങ്കിൽ സ്വർണക്കടത്ത് കേസിലെ ക്വട്ടേഷൻ സംഘത്തിന് പിന്നിൽ ആരാണെന്നത് വ്യക്തമാണ്. ഒപ്പം പാർട്ടിയും സ്വർണത്തിന്റെ പങ്ക് പറ്റുന്നുവെന്ന് വ്യക്തമാണ്. ഷാഫി, ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ ഉൾപ്പെടുന്ന സംഘത്തെയായിരിക്കാം പാർട്ടി എന്ന് ശബ്ദരേഖയിൽ പറയുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. അതിൽ നിന്നുമാണ് ശബ്ദരേഖ പുറത്ത് വന്നത്.