മലപ്പുറം: കരിപ്പൂരിലെ സംഘർഷത്തിന് തുടക്കമിട്ടത് വിമാനത്തവാള ജീവനക്കാരായ ഫയർഫോഴ്‌സുകാരാണെന്ന് ഡിജിപിയുടെ റിപ്പാർട്ട്. തുടർന്ന് പ്രശ്‌നം സിഐഎസ്എഫ് ആളിക്കത്തിക്കുകയായിരുന്നു. വെടിപൊട്ടിയത് അബദ്ധത്തിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ ഡിജിപി സെൻകുമാറിന്റെ റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഫയർഫോഴ്‌സുകാർ പ്രശ്‌നം ഉണ്ടാക്കിയപ്പോൾ അതിനെ സംയമനത്തോടെ നേരിടാതെ സിഐഎസ്.എഫ് ജീവനക്കാർ കൈകാര്യം ചെയ്തതാണ് പ്രശ്‌നം വഷളാക്കിയതെന്നും ഡി.ജി.പിയുടെ റിപ്പോർട്ടിൽ പറയുന്നു. വിമാനത്താവളത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തിനും തുല്യ പങ്കുണ്ടെന്ന തരത്തിലാണ് ഡി.ജി.പിയുടെ റിപ്പോർട്ട്. വിശദമായ അന്വേഷണം നടന്നു വരികയാണ്, അതിനുശേഷം മാത്രമെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് പറയാനാവു എന്നും ഡി.ജി.പി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് എട്ട് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തിയ വിവരവും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. 

അതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ സംഘർഷത്തിനിടെ സിഐഎസ്എഫ് ജവാൻ വെടിയേറ്റു വീഴുന്ന ദൃശ്യങ്ങൾ പുറത്ത്. സഹപ്രവർത്തകനെ പിടിച്ചുമാറ്റുന്നതിനിടെയാണ് സിഐഎസ്എഫ് ജവാൻ വെടിയേറ്റു വീഴുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അതിനിടെ വെടിപൊട്ടിയത്, തോക്ക് സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ കൈയിലിരിക്കെയെന്നു തെളിവ് പൊലീസിന് ലഭിച്ചു. ഇൻസ്‌പെക്ടർ സീതാറാം ചൗധരിയുടെ കൈയിൽനിന്ന് ഇതു തെളിയിക്കുന്ന അംശങ്ങൾ ലഭിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് സിൽവർ നൈട്രേറ്റിന്റെ അംശം കണ്ടെത്തിയത്. വെടിയുതിർത്തതു പിടിവലിക്കിടെയാണെന്നും മനഃപൂർവ്വമല്ലെന്നുമാണ് പൊലീസ് നിഗമനം. അന്വേഷണവുമായി ബന്ധപ്പെട്ട് 75% തെളിവും സിസിടിവി ദൃശ്യങ്ങളിൽ നിന്നു പൊലീസിനു ലഭിച്ചിരുന്നു. വെടിയേൽക്കുന്ന ദൃശ്യം ലഭിച്ചെങ്കിലും ആരാണ് വെടിവയ്ക്കുന്നതെന്നു വ്യക്തതയില്ല. ഇക്കാര്യം അന്വേഷണത്തിലൂടെ സ്ഥിരീകരിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങി.

സംഘർഷത്തിന് ശേഷം സഹപ്രവർത്തകനു തോക്ക് കൈമാറിയത് സീതാറാം ചൗധരിയെന്നും സിസിടിവി ദൃശ്യങ്ങളിൽനിന്നു കണ്ടെത്തി. ഈ സാഹചര്യത്തിൽ ഫയർഫോഴ്‌സുകാർ തോക്ക് പിടിച്ചു വാങ്ങി വെടിവച്ചു എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നാണ് നിഗമനം. എന്നാൽ മനപ്പൂർവ്വം സിഐഎസ്എഫ് അതു ചെയ്തുവെന്നും കരുതുന്നുമില്ല. സംഘർഷത്തിലെ പ്രധാന തെളിവായ രണ്ടു തോക്കുകൾ സിഐഎസ്എഫ് പൊലീസിനു കൈമാറിയിരുന്നു. 9 എം.എം. ഓട്ടോ പിസ്റ്റളും ഇൻസാസ് റൈഫിളുമാണ് കൈമാറിയത്. സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥരാണ് തോക്കുകൾ കൈമാറിയത്. പിസ്റ്റളിൽ നിന്നാണ് യാദവിനു വെടിയേറ്റത്. അതേസമയം, സംഭവത്തോടനുബന്ധിച്ച് എട്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മനപ്പൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

കരിപ്പൂർ സംഘർഷത്തിൽ സിഐഎസ്എഫ് സബ് ഇൻസ്‌പെക്ടർ സീതാറാം ചൗധരിയുടെ ഇടതുകൈക്കേറ്റ പരുക്കു വെടിയേറ്റിട്ടെന്ന് സിഐഎസ്എഫ് റിപ്പോർട്ടും പുറത്തുവന്നു. സീതാറാമിന്റെ കൈയിലൂടെ തുളച്ചുകയറിയ വെടിയുണ്ടയാണ് എസ്.എസ്. യാദവിന്റെ മരണത്തിനിടയാക്കിയത്. ചൗധരി തോക്കു പുറത്തെടുത്തത് സ്വയരക്ഷയ്ക്കാണ്. ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥനായ അജികുമാർ മദ്യപിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, തോക്കു പിടിച്ചുവാങ്ങി വെടിവച്ചെന്ന വാദം സിഐഎസ്എഫ് റിപ്പോർട്ടിൽ ഇല്ല. വെടിവയ്‌പ്പിനു ശേഷം സിഐഎസ്എഫ് നടപടികൾ ന്യായീകരിക്കാനാകാത്തത്. ഉപകരണങ്ങളും എയർ ട്രാഫിക് കൺട്രോളറും നശിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

കൂടാതെ, കരിപ്പൂർ വെടിവയ്‌പ്പു സംബന്ധിച്ചു കേന്ദ്രവ്യോമയാന ജോയിന്റ് സെക്രട്ടറി അശോക് കുമാർ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും. സിഐഎസ്എഫ് ജവാന്റെ തോക്കിൽനിന്നു വെടിയുതിർക്കുകയായിരുന്നു എന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ ആരാണ് വെടിവച്ചതെന്നോ, എന്തായിരുന്നു പ്രകോപനമെന്നതോ സംബന്ധിച്ച് ഇതുവരെ നിലപാടു വ്യക്തമാക്കിയിട്ടില്ല. റിപ്പോർട്ട് ലഭിച്ച ശേഷം വ്യോമയാന സഹമന്ത്രി, എയർപോർട്ട് അഥോറിറ്റി ഉദ്യോഗസ്ഥർ, വ്യോമയാന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യാഗസ്ഥർ എന്നിവരുടെ യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്.

സംഭവത്തിൽ കണ്ടാലറിയാവുന്ന നൂറു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, കൊലപാതകം, ലഹള, കൂട്ടായ ആക്രമണം എന്നിവയ്ക്കാണു വിവിധ വകുപ്പുകൾ അനുസരിച്ച് കരിപ്പൂർ പൊലീസ് കേസെടുത്തത്. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ. ഷറഫുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഘർഷത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉദ്യോഗസ്ഥരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഡോക്ടർമാരുമായി ചർച്ച നടത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അറസ്റ്റെന്ന് അന്വേഷണ ചുമതലയുള്ള കൊണ്ടോട്ടി സി.ഐ: ബി.സന്തോഷ് പറഞ്ഞു.

അക്രമത്തിൽ വിമാനത്താവളത്തിൽ 53 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി കാണിച്ച് എയർപോർട്ട് അഥോറിറ്റി നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന സിഐഎസ്.എഫുകാർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെ, കരിപ്പൂരിൽ കസ്റ്റഡിയിൽ എടുത്ത എല്ലാവരും നിരപരാധികളെന്ന് എയർപോർട്ട് അഥോറിറ്റി എംപ്‌ളോയീസ് യൂണിയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിമാനത്താവളത്തിലെ ജീവനക്കാർക്കെതിരെ കേസ് എടുത്തത് ശരിയായ നടപടിയല്ല. ജീവനക്കാർ റൺവേ ഉപരോധിച്ചുവെന്ന ആരോപണവും തെറ്റാണ്. സിഐഎസ്.എഫ് ജവാന്മാർ പുറത്തുനിന്ന് എല്ലാ ഗേറ്റുകളും പൂട്ടിയതിനാൽ എയർപോർട്ട് ജീവനക്കാർക്ക് റൺവെയിൽ ഇരിക്കേണ്ടി വരികയായിരുന്നുവെന്നും തങ്ങൾ പണി നിർത്തിയാൽ തന്നെ വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയില്ല എന്നിരിക്കെ റൺവേ ഉപരോധിക്കേണ്ട കാര്യമില്ലെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.

അഗ്‌നിശമന സേനാ വിഭാഗം ഉദ്യോഗസ്ഥൻ അജികുമാർ ജവാന്മാരോട് മോശമായി പെരുമാറിയതിന് സി.സി.ടി.വി ദൃശ്യങ്ങളിൽ ഒരു തെളിവും ഇല്ല. വെടിയുതിർത്തുവെന്ന് പറയുന്ന ജവാൻ സീതാറാം ചൗധരിക്കെതിരെ എയർപോർട്ട് ജനറൽ മാനേജർ മുമ്പ് സിഐഎസ്.എഫ് അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇയാളെ ആയുധവുമായി പുറത്തു നിർത്തുന്നത് അപകടമാണെന്ന് പരാതിയിൽ ഉണ്ടായിരുന്നു. ആ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി എടുത്തിരുന്നുവെങ്കിൽ ബുധനാഴ്ച രാത്രി അനിഷ്ട സംഭവങ്ങൾ നടക്കുകയില്ലായിരുന്നു.

രണ്ടു വർഷത്തിനുള്ളിൽ തന്നെ ഇയാൾക്കെതിരെ ആറോളം പരാതികൾ നൽകിയിട്ടുണ്ട്. ഇതിൽ ഒരു നടപടി പോലും എടുത്തിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാതെ കേരള പൊലീസ് നടത്തുന്ന അന്വേഷണം ഏകപക്ഷീയവും രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങിയുള്ളതുമാണെന്നും യൂണിയൻ ആരോപിച്ചു. ശരിയായ രീതിയിലുള്ള ഏതന്വേഷണത്തോടും തങ്ങൾ സഹകരിക്കുമെന്നും എയർപോർട്ട്് അഥോറിറ്റി ഓഫ് എംപ്‌ളോയീസ് യൂണിയൻ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി ബൽരാജ് സിങ് അറിയിച്ചു.

ബുധനാഴ്ച രാത്രി വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയിൽ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും സിഐഎസ്.എഫും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ സിഐഎസ്.എഫ് ജവാൻ എസ്.എസ്. യാദവ് വെടിയേറ്റ് മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.