രു വിനോദയാത്രയ്ക്കിടെ കാൾ സ്മിത്ത് മുങ്ങിമരിച്ചത് 70 വർഷം മുമ്പാണ്. അന്നവന് 12 വയസ്സായിരുന്നു പ്രായം. എന്നാൽ, കാൾസ്മിത്തിന്റെ കല്ലറയിൽ എല്ലാവർഷവും മുടങ്ങാതെ ഒരു പുഷ്ചചക്രമെത്തുമായിരുന്നു. ആരാണതിന് പിന്നിലെന്നത് വീട്ടുകാർക്കുപോലും അത്ഭുതമായിരുന്നു. ഒടുവിൽ, ആ പൂക്കൾക്ക് പിന്നിലെ രഹസ്യം തേടി ബിബിസി സംഘമിറങ്ങിയപ്പോൾ തെളിഞ്ഞുവന്നത് മറ്റൊരു വിസ്മയ ചരിത്രം.

ഗ്ലൂസ്റ്റർഷയറിലെ ചെൽറ്റൻഹാമിലെ പള്ളിയിലുള്ള കല്ലറയിൽ, പൂക്കൾവെക്കുന്നതാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കാൾ സ്മിത്തിന്റെ സഹോദരി ആൻ കീർ. വർഷങ്ങൾ അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ വന്നതോടെ അവരുടെ നിരാശയായി. ഒടുവിൽ 70 വർഷത്തിനുശേഷം ആ അജ്ഞാത സുഹൃത്തിനെ ബിബിസി സംഘം കണ്ടെത്തി. അന്ന് അപകടം നടക്കുമ്പോൾ കാളിനൊപ്പം ഉണ്ടായിരുന്ന ബാല്യകാല സുഹൃത്ത് റൊണാൾഡ് സെയ്മർ വെസ്റ്റ്‌ബോറോയാണ് മുടങ്ങാതെ കല്ലറയിലെത്തി സുഹൃത്തിനെ ഓർമിച്ചുകൊണ്ടിരുന്നത്.

84-കാരനായ സെയ്മർ, തനിക്ക് 18 വയസ്സുള്ളപ്പോൾ മുതൽ കാളിന്റെ കല്ലറയിൽ പൂക്കൾ അർപ്പിക്കുന്നുണ്ട്. സ്‌കൂളിലെ സ്‌കൗട്ട് സംഘത്തിൽ സെയ്മറുടെ ആത്മമിത്രമായിരുന്നു കാൾ. അപകടമുണ്ടാകുന്നതിന്റെ തലേന്നും അവർ ഒരുമിച്ച് ഒരു ടെന്റിലാണ് കിടന്നുറങ്ങിയത്. ഓക്‌സ്‌വിച്ച് ബേയിൽ കാൾ മുങ്ങിത്താഴുന്നത് കണ്ടതും സെയ്മറായിരുന്നു. തന്നെ ആൻ കീർ അന്വേഷിച്ചുകൊണ്ടിരരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് സെയ്മർ പറഞ്ഞു.

കാൾ മരിക്കുമ്പോൾ, ആൻ കീറിന് ഏഴുവയസ്സുമാത്രമാണുണ്ടായിരുന്നത്. സഹോദരന് പുഷ്പാർച്ചന നടത്തുന്ന സുഹൃത്തിനെത്തേടി വർഷങ്ങൾ അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ 2015-ൽ അവർ അത് പരസ്യമായി ആവശ്യപ്പെട്ടു. തന്റെ സഹോദരനെ മുടങ്ങാതെ ഓർമിക്കുന്നത് ആരായാലും തന്നെ ബന്ധപ്പെടണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതോടെയാണ് സംഭവം ബിബിസിയുടെ ശ്രദ്ധയിൽപ്പെടുന്നതും അവർ അന്വേഷണമാരംഭിച്ചതും.

ഗ്ലൂസ്റ്ററിൽത്തന്നെ താമസിക്കുന്ന സെയ്മറിനെ അവർ കണ്ടെത്തുകയും സെയ്മറും ആൻകീറുമായുള്ള കൂടിക്കാഴ്ച സഫലമാക്കുകയും ചെയ്തു. ദ സ്‌ട്രെയ്ഞ്ചർ അറ്റ് മൈ ബ്രദേഴ്‌സ് ഗ്രേവ് എന്ന പേരിൽ പരിപാടിയും സംപ്രേഷണം ചെയ്തു. തന്റെ സഹോദരൻ മറ്റുള്ളവർക്ക് എത്രമേൽ പ്രിയപ്പെട്ടവനായിരുന്നുവെന്ന് തെളിയിക്കുന്നതാണ് സെയ്മറുടെ ഇനിയും അവസാനിക്കാത്ത ചങ്ങാത്തമെന്ന് ആൻ കീർ പറഞ്ഞു.