ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഏഴ് ജഡ്ജിമാർക്കും വിദേശത്തേയ്ക്ക് പോകാൻ വിമാന യാത്രയ്ക്ക് അനുമതി നൽകരുതെന്ന് എയർ കൺട്രോൾ അഥോറിറ്റിക്ക് കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ്. കോടതിയലക്ഷ്യ നടപടികൾ നേരിടുന്ന കൽക്കട്ട ഹൈക്കോടതി ജസ്റ്റിസ് സി.എസ്. കർണന്റേതാണ് ഈ വിവാദ ഉത്തരവ്. ചീഫ് ജസ്റ്റിസിനും ഏഴ് ജഡ്ജിമാർക്കുമെതിരായ തന്റെ പരാതി തീർപ്പാക്കുന്നതുവരെ വിമാനയാത്രാ വിലക്ക് തുടരണമെന്നാണ് ഉത്തരവിലുള്ളത്.

ജസ്റ്റിസ് കർണന്റെ ഔദ്യോഗിക വസതിയായ റോസ്‌ഡേൽ ടവേഴ്‌സിൽനിന്നാണ് അദ്ദേഹം വിധി പ്രഖ്യാപിച്ചത്. സുപ്രീം കോടതിയിൽനിന്ന് നടപടി നേരിടുന്നതിനാൽ, ഹൈക്കോടതിയിൽ പ്രവേശിക്കുന്നതിന് കർണന് വിലക്കുണ്ട്. അതുകൊണ്ടാണ് താൽക്കാലിക കോടതിയെന്ന നിലയിൽ ഔദ്യോഗിക വസതി പ്രവർത്തിക്കുന്നത്.

പട്ടിക ജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് നേരെയുള്ള അതിക്രമങ്ങൾ ചെറുക്കുന്ന നിയമനുസരിച്ച് തനിക്കെതിരായി സുപ്രീം കോടതി സ്വീകരിച്ച നടപടികൾക്കെതിരെ കേസെടുക്കാൻ ഏപ്രിൽ 13ന് ജസ്റ്റിസ് കർണൻ ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹർ, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി ലോകുർ, പിനാകി സി ഘോസെ, കുര്യൻ ജോസഫ് എന്നിവരാണ് ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.

ഏപ്രിൽ 28-ന് തന്റെ വീട്ടിലെത്തി തനിക്ക് മുമ്പാകെ ഹാജരാകാനും ഏഴ് സുപ്രീം കോടതി ജഡ്ജിമാരോടും ജസ്റ്റിസ് കർണൻ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസും ആറ് ജഡ്ജിമാരും ഉൾപ്പെടുന്ന ഭരണഘടനാ ബെഞ്ചാണ് കർണനെതിരായ കോടതിയലക്ഷ്യ നടപടികൾ പരിഗണിക്കുന്നത്. മാർച്ച് 31-ന് നേരിട്ട് ഹാജരാകണമെന്നായിരുന്നു ഉത്തരവ.

സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും നിലവിലുള്ളതും വിരമിച്ചവരുമായ 20 ജഡ്ജിമാർക്കെതിരെ അഴിമതിയുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്കയച്ച പരാതി പിൻവലിക്കാമെന്ന് സുപ്രീം കോടതിയെ ജസിറ്റിസ് കർണൻ രേഖാമൂലം അറിയിച്ചതായി മാർച്ച് 31-ന് കേസ് പരിഗണിക്കവെ സുപ്രീം കോടതി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, തന്റെ ജൂഡീഷ്യൽ അധികാരങ്ങൾ തിരിച്ചുതന്നാൽ മാത്രമേ ഖേദപ്രകടനം നടത്തൂവെന്നാണ് കർണൻ കോടതിയിലെടുത്ത നിലപാട്.

മെയ് ഒനിന്ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് കർണനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, തന്റെ ഔദ്യോഗിക വസതിയിൽ നേരിട്ട് ഹാജരാകാതിരുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരടക്കമുള്ളവർ മെയ് ഒന്നിന് വീണ്ടും ഹാജരാകണമെന്ന് ജസ്റ്റിസ് കർണനും ഉത്തരവിട്ടു.