ഇരിട്ടി: കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ കർണാടകം നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ മാക്കൂട്ടം ചുരം വഴിയുള്ള യാത്രക്കാർ വലഞ്ഞു.തലശേരി, പാനൂർ മേഖലകളിൽ കർണാടകയിലേക്ക് നിരവധിയാളുകളാണ് പോയി വരുന്നത്. എന്നാൽ ഇവർക്കൊക്കെ തിരിച്ചടിയായിരിക്കുകയാണ് കർണാടക നിയന്ത്രണങ്ങൾ കടുപ്പിച്ചത് കർണ്ണാടകത്തിൽ കോവിഡ് മൂന്നാം തരംഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10 മണിമുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ഇതിനു ശേഷമാണ് കണ്ണൂർ ജില്ലയിൽ നിന്നും മാക്കൂട്ടം വഴി യുള്ള യാത്രക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. കൂട്ടുപുഴ അതിർത്തിയിൽ വരുന്ന മാക്കൂട്ടം ചെക്ക് പോസ്റ്റിൽ കർണ്ണാടകാ പൊലീസും ആരോഗ്യവകുപ്പും റവന്യൂ സംഘവും ചേർന്നുള്ള കർശന നിയന്ത്രണമാണ് നിലവിൽ വന്നത്.

കഴിഞ്ഞ ആറു മാസത്തോളമായി മാക്കൂട്ടത്ത് തുടരുന്ന നിയന്ത്രണങ്ങൾ കഴിഞ്ഞദിവസം കുടക് ജില്ലാ ഭരണകൂടം ജനുവരി 19 വരെ നീട്ടിയിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ വാരാന്ത്യ കർഫ്യൂവും ആരംഭിച്ചത്. മരണമടക്കമുള്ള അടിയന്തിര യാത്രകൾക്ക് നിരോധനം ബാധകമല്ല. രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകളും കടത്തി വിടും. വിമാന താവളങ്ങളിലേക്ക് പോകുന്നവർ ടിക്കറ്റും രേഖകളും ചരക്ക് വാഹനങ്ങളിലുള്ളവർ ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റും കരുതണം.

എന്നാൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന കെ എസ് ആർ ടി സി ബസ്സുകൾ ഓടുമെന്നാണ് അറിയുന്നത്.ഇതിൽ സഞ്ചരിക്കുന്നവർക്കും ആർ ടി പി സി ആർ നിബന്ധന ബാധകമാണ്. വെള്ളിയാഴ്ച രാത്രി മുതൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചതറിയാതെ നിരവധി യാത്രികരാണ് ശനിയാഴ്ച പുലർച്ചെ മുതൽ മാക്കൂട്ടം ചെക്ക് പോസ്റ്റിൽ എത്തിയിരുന്നു. കർഫ്യൂ വിവരമറിയാത്തനിരവധി വാഹനങ്ങളും യാത്രക്കാരുമാണ്‌ചെക്ക് പോസ്റ്റിൽ കുടുങ്ങിയത് ' ചെക്ക്പോസ്റ്റിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്ന കാഴ്‌ച്ചഇപ്പോൾ പതിവാണ്.

തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണി മുതൽ മാത്രമേ ഇതിലൂടെ വാഹനങ്ങൾ കടത്തിവിടൂ എന്നറിഞ്ഞതോടെ പലരും തിരിച്ചു പോയി. തിങ്കളാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച വൈകുന്നേരം വരെ ആർ ടി പി സി ആർ നിബന്ധനകളോടെ യാത്രാ വാഹനങ്ങൾ ഉൾപ്പെടെ കടത്തിവിടുമെന്നാണ് കർണാടക അധികൃതരുടെ അറിയിപ്പ്.