- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രാമീണരുടെ നിസഹകരണം; വാക്സിനേഷൻ പൂർത്തിയാക്കാനാകാതെ കർണ്ണാടക; ആരോഗ്യപ്രവർത്തകരെ ഓടിക്കുന്നത് 'അടുത്ത് വന്നാൽ ഭസ്മമാകും' എന്നുൾപ്പടെ ആക്രോശിച്ച്; സർക്കാർ കണക്കിൽ വാക്സിനെടുക്കാൻ ബാക്കിയുള്ളത് 47 ശതമാനം പേർ
ബെംഗളുരു: ഒമിക്രോൺ ഭീതി നിലനിൽക്കുമ്പോൾ കർണ്ണാടകയിൽ വാക്സിനെടുത്തവരുടെ എണ്ണം തുലോം കുറവെന്ന് സർക്കാർ റിപ്പോർട്ട്.ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്തവർ 47 ശതമാനത്തോളം വരുമെന്നാണ് സർക്കാർ വിലയിരുത്തൽ.സന്നദ്ധ പ്രവർത്തകരുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വാക്സിനേഷൻ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഗ്രാമീണരുൾപ്പടെയുള്ളവരുടെ നിഷേധാത്മക സമീപനമാണ് തിരിച്ചടിയാകുന്നത്.
വീടുകളിലെത്തി വാക്സിനേഷന് ശ്രമിച്ചെങ്കിലും പലരും കുത്തിവയ്പ്പ് എടുക്കാതെ ഓടിഒളിക്കുകയാണ്. ആരോഗ്യപ്രവർത്തകർ എത്തിയതറിഞ്ഞ് ചിലർ വീടിന്റെ മട്ടുപ്പാവിലും മറ്റുചിലർ മരത്തിലും കയറി രക്ഷപ്പെട്ടു. അടുത്ത് വന്നാൽ ഭസ്മമാകുമെന്ന് ശപിച്ചാണ് കൊപ്പലിൽ ആരോഗ്യപ്രവർത്തകരെ ഓടിച്ചത്. വീടുകളിലെത്തി വാക്സീൻ നൽകാനുള്ള പദ്ധതി കർണാടകയിൽ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
ഗ്രാമീണരിൽ പകുതി പേർ പോലും വാക്സിനേഷൻ പൂർത്തീകരിച്ചിട്ടില്ല. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കൂടുതൽ ബോധവത്കരണത്തിനാണ് ശ്രമം. ഒമിക്രോൺ വകഭേദം കണക്കിലെടുത്ത് ഓരോ ഗ്രാമങ്ങളിലേക്കും കർമ്മ സമിതിയിയെ വിന്യസിച്ചിട്ടുണ്ട്. എന്നാൽ സൗജന്യ വാക്സിനുമായി എത്തിയിട്ടും ജനം സഹകരിക്കാത്തതാണ് വെല്ലുവിളി.
അതേസമയം കർണാടക കോവിഡ് നിയന്ത്രണം കടുപ്പിച്ചതോടെ തലപ്പാടി അതിർത്തിയിൽ വാഹന പരിശോധനയ്ക്കായി കൂടുതൽ പൊലീസിനേയും ആരോഗ്യ പ്രവർത്തകരേയും നിയോഗിച്ചു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന ഉണ്ടെങ്കിലും ഇന്ന് കർശന നിയന്ത്രണങ്ങളില്ല. കർണാടകയിലേക്ക് കടക്കാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെങ്കിലും നിബന്ധന കടുപ്പിച്ചിട്ടില്ല. തലപ്പാടി അതിർത്തിയിൽ വാഹനങ്ങൾ മുന്നറിയിപ്പ് നൽകി കടത്തി വിടുന്നുണ്ട്. ഇന്ന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരേയും കടത്തി വിടുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ ഇങ്ങനെ ആയിരിക്കില്ല എന്ന മുന്നയിപ്പാണ് പൊലീസ് നൽകുന്നത്.
മറുനാടന് മലയാളി ബ്യൂറോ