ബെംഗളൂരു: കർണാടകയിൽ രണ്ടു ജെഡിഎസ് എംഎൽഎമാരെ ബിജെപി ചാക്കിട്ടുപിടിച്ചതായി കുമാരസ്വാമി സ്ഥിരീകരിച്ചു. ഒരു കോൺഗ്രസ് എംഎൽഎയും ബിജെപിക്ക് ഒപ്പമാണെന്നാണ് അറിയുന്നത്.ശനിയാഴ്ച വൈകിട്ട് നാലിന് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് എംഎൽഎമാർ മറുകണ്ടം ചാടിയത്.ബിജെപി ചാക്കിടാൻ ശ്രമിച്ച രണ്ട് എംഎൽഎമാർ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് കുമാരസ്വാമി പറഞ്ഞു.അതിനിടെ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി വിധാൻ സൗദ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അതേസമയം, പ്രോടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും സമർപിച്ച ഹർജി സുപ്രീം കോടതി ശനിയാഴ്ച പരിഗണിക്കും. നേരത്തെ കർണാടക കേസ് പരിഗണിച്ച ജസ്റ്റീസുമാരായ എ.കെ.സിക്രി, അശോക് ഭൂഷൻ, എസ്.എ. ബോബ്ദെ എന്നിവർ അടങ്ങിയ മൂന്നംഗം ബെഞ്ചാണ് ഹർജി പരിഗണിക്കുക. രാവിലെ 10.30നാണ് കോടതി ഹർജിയിൽ വാദം കേൾക്കുക.

മുൻ സ്പീക്കറും ബിജെപി എംഎൽഎയുമായ കെ.ജി. ബൊപ്പയ്യയെ പ്രോടെം സ്പീക്കർ ആയി നിയമിച്ചതിനെതിരെയാണ് കോൺഗ്രസ് ഹർജി നൽകിയത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഗവർണർ പ്രോടെം സ്പീക്കറെ നിയമിച്ചതെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് വീണ്ടും പരമോന്നത നീതിപീഠത്തെ സമീപിച്ചത്.

പക്ഷപാതം കാട്ടിയതിന് കോടതി മുൻപ് വിമർശിച്ചയാളാണ് ബൊപ്പയ്യ എന്നാണ് ഹർജിയിലെ പ്രധാന വിമർശനം. മുതിർന്ന അംഗത്തെ പ്രോടെം സ്പീക്കർ ആക്കണമെന്ന് മാത്രമായിരുന്നു കോടതിയുടെ ഉത്തരവെന്നും അങ്ങനെയെങ്കിൽ കോൺഗ്രസിന്റെ പ്രതിനിധിയായ സഭയിലെ ഏറ്റവും പ്രായംകൂടിയ അംഗം ആർ.വി.ദേശ് പാണ്ഡെയാണ് നിയമിതനാകേണ്ടതെന്നും കോൺഗ്രസ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിരാജ്‌പേടിൽനിന്നുള്ള എംഎൽഎയാണ് ബൊപ്പയ്യ. കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ വിശ്വസ്തൻകൂടിയാണ് അദ്ദേഹം. 2011ൽ യെദിയൂരപ്പ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച 11 എംഎൽഎമാരെ സ്പീക്കറായിരുന്ന ബൊപ്പയ്യ അയോഗ്യരാക്കിയിരുന്നു. ഈ നടപടിയെയാണ് സുപ്രീംകോടതി അന്ന് ചോദ്യം ചെയ്തത്.

കോൺഗ്രസ് - ജെഡിഎസ് എംഎൽഎമാരെ ചാക്കിലാക്കാൻ റെഡ്ഡിമാർ നടത്തുന്ന കുതിരക്കച്ചവടത്തിന്റെ തെളിവുകൾ പുറത്തുവന്നു. ജനാർദ്ദനെ റെഡ്ഡി കോൺഗ്രസ് എംഎൽഎമാരെ സ്വാധീനിക്കാൻ പണം വാഗ്ദാനം ചെയ്യുന്ന ഓഡിയോ പുറത്തുവിട്ടു. റായ്ചൂർ റൂറലിൽ നിന്നു ജയിച്ച ബസവന ഗൗഡയ്ക്ക് പണവും സ്വത്തും വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖയാണ് കോൺഗ്രസ് നേതാക്കൾ പുറത്തുവിട്ടത്. ഇതു തെളിയിക്കുന്ന ശബ്ദരേഖയും കോൺഗ്രസ് പുറത്തുവിട്ടു. ഇപ്പോഴുള്ള സ്വത്തിന്റെ നൂറിരട്ടി തരാമെന്നാണ് റെഡ്ഡിയുടെ വാഗ്ദാനം.

അമിത് ഷായുമായി നേരിട്ടു സംസാരിക്കാൻ അവസരം ലഭ്യമാക്കാമെന്നും റെഡ്ഡി വാക്കു നൽകുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്. ബിജെപി നേതാവ് ജനാർദ്ദൻ റെഡ്ഡിയാണ് ശബ്ദരേഖയിൽ സംസാരിക്കുന്നതെന്നും റെയ്ചൂർ റൂറൽ എംഎൽഎയ്ക്കാണ് പണം വാഗ്ദാനം ചെയ്തതെന്നും കോൺഗ്രസ് പറയുന്നു. ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിന് 150 കോടി രൂപയാണ് വാഗ്ദാനം ചെയ്യുപ്പെട്ടതെന്നും ശബ്ദരേഖ ചൂണ്ടിക്കാട്ടി കോൺഗ്രസ് ആരോപിക്കുന്നു.

തങ്ങളുടെ എംഎൽഎമാരെ ചാക്കിലാക്കുന്നതിന് പണം വാഗ്ദാനം ചെയ്തതായി നേരത്തെയും കോൺഗ്രസ് ആരോപിച്ചിരുന്നു. 104 സീറ്റുകളുള്ള ബിജെപിക്കൊപ്പം എട്ട് എംഎൽഎമാർ കൂടിയുണ്ടെങ്കിൽ മാത്രമേ മന്ത്രിസഭ രൂപീകരിക്കാൻ സാധിക്കൂ. നാളെ വൈകുന്നേരത്തിനുള്ളിൽ കോൺഗ്രസ്-ജെഡിഎസ് പാളയത്തിൽനിന്ന് എംഎൽഎമാരെ സ്വന്തം പക്ഷത്ത് എത്തിക്കാനാണ് ബിജെപിയുടെ ശ്രമം. അതിനുള്ള അവസരമാണ് ശക്തമായി നടക്കുന്നത്.

അതിനിടെ ഹൈദരാബാദിൽ താമസിപ്പിച്ചിരുന്ന കോൺഗ്രസ് എംഎൽഎമാർ ബംഗളൂരുവിലേക്ക് തിരിച്ചു. നാളെ ഉച്ചയ്ക്ക് ശേഷം ഭൂരിപക്ഷം തെളിയിക്കാൻ സുപ്രിം കോടതി നിർദ്ദേശ സാഹചര്യത്തിലാണിത്. കോൺഗ്രസ് എംഎൽഎമാരെ നാളെ ഉച്ചയ്ക്ക് മുമ്പ് നിയമസഭയിൽ എത്തിക്കുമെന്ന് കോൺഗ്രസ് വക്താവ് നേരത്തെ അറിയിച്ചിരുന്നു. 

എംഎൽഎമാരെ ബിജെപിയുടെ പ്രലോഭനത്തിൽ നിന്നും രക്ഷപ്പെടുത്താനായി കോൺഗ്രസ് ആദ്യം കേരളത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ എംഎൽഎമാരെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ചാർട്ടേഡ് വിമാനത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചു. ഇതോടെ പേണ്ടിച്ചേരിയിലേക്കെന്ന് പറഞ്ഞ് കുമാരസ്വാമി അടക്കമുള്ള എംഎൽഎമാർ ഹൈദരാബാദിലേക്ക് പോകുകയായിരുന്നു. എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി എല്ലാ എംഎൽഎമാരുടെയും മോബൈൽ നമ്പറുമായി ബന്ധിപ്പിച്ച് കൊണ്ട് കോൺഗ്രസ് മോബൈൽ അപ്ലിക്കേഷനിറക്കിയിട്ടുണ്ട്. ഇതിലൂടെ എംഎൽഎമാർക്കു വരുന്ന ഏതൊരു മെസേജും കോളും ട്രാപ്പ് ചെയ്യും. ആനന്ദ് സിങ് ഒഴികേയുള്ള എല്ലാ എംഎൽഎമാരും തങ്ങളുടെ കൂടെയുണ്ടെന്നാണ് കോൺഗ്രസ് വാദം.

അതേസമയം ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവ് ബിജെപിക്ക് തിരിച്ചടിയായാണ് വിലയിരുത്തുന്നത്. വോട്ടെടുപ്പിന് രഹസ്യബാലറ്റ് വെണമെന്ന ബിജെപിയുടെ ആവശ്യവും കോടതി തള്ളി. സർക്കാരുണ്ടാക്കാൻ തങ്ങൾക്കാണു ഭൂരിപക്ഷമെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ്- ജെഡിഎസ് സഖ്യം നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. വോട്ടെടുപ്പിനു മുന്നോടിയായി പ്രോടേം സ്പീക്കറെയും ഗവർണർ നിയമിച്ചു. വിരാജ് പേട്ട എംഎൽഎയായ ബിജെപി നേതാവ് കെ.ജി.ബൊപ്പയ്യയെയാണു നിയമിച്ചത്. മുതിർന്നയാളെ പ്രോടേം സ്പീക്കറാക്കണമെന്ന കീഴ്‌വഴക്കം തെറ്റിച്ചാണ് നിയമനം.

ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യാനുള്ള ഗവർണറുടെ നിർദ്ദേശവും കോടതി തടഞ്ഞത് ബിജെപിക്കു വൻ ക്ഷീണമായി. കേസ് പരിഗണിച്ചപ്പോൾ എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിനെക്കുറിച്ച് കോടതി ആരാഞ്ഞിരുന്നു. കോൺഗ്രസും ജനതാദളും ഇതിനോട് അനുഭാവം പ്രകടിപ്പിച്ചെങ്കിലും ബിജെപി എതിർക്കുകയായിരുന്നു.

വോട്ടെടുപ്പ് രഹസ്യബാലറ്റിലൂടെ വേണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിട്ടില്ല. ഗവർണർ എന്തടിസ്ഥാനത്തിലാണ് ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതെന്ന് ജസ്റ്റിസ് എ.എസ്.സിക്രി ചോദിച്ചു. ഭൂരിപക്ഷമില്ലാത്ത ബിജെപിയെയാണോ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. എല്ലാം കണക്കിന്റെ കളിയാണ്. ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ഗവർണറാണ്. ബിജെപി ആദ്യം ഭൂരിപക്ഷം സഭയിൽ തെളിയിക്കട്ടെ, ഗവർണ്ണറുടെ നടപടിയിൽ വിധി പിന്നീടു പറയാമെന്നും കോടതി പറഞ്ഞു.