ബെംഗളൂരു: കർണാടകത്തിൽ ആഴ്ചകൾ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം മൂന്ന് പാർട്ടികളുടെയും പവർ ബ്രോക്കർമാർ കൊണ്ടുപിടിച്ച് തന്ത്രങ്ങളിൽ മുഴുകിയ സമയം.എച്ച്.ഡി.കുമാരസ്വാമിയെ പൊടുന്നനെ കാണാതായി.സിംഗപ്പൂരിലേക്കാണ് അദ്ദേഹം മുങ്ങിയത്. ബെഗംളൂരുവിൽ അഭ്യൂഹങ്ങൾ പരന്നു.പിൻവാതിൽ ചർച്ചകൾക്ക് നാടിനേക്കാൾ സിംഗരപ്പൂരാണ് സുരക്ഷിതം എന്ന വിശ്വാസത്തിലാണ് കുമാരസ്വാമിയുടെ മുങ്ങൽ എന്ന തരത്തിലായിരുന്നും കഥകൾ.

എന്നാൽ, തങ്ങളുടെ നേതാവ് ചികിൽസയ്ക്കായി സിംഗപ്പൂരിലേക്ക് പോയെന്നാണ് പാർട്ടി കേന്ദ്രങ്ങൾ വിശദീകരിച്ചത്.രണ്ടുതവണ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ കുമാരസ്വാമി സിംഗപ്പൂരിൽ ഇതിനകം പലവട്ടം അവിടെ ചികിൽസയ്ക്കായി പോയിട്ടുണ്ടെന്നും വിശദീകരണം വന്നു.എന്നാൽ, ഡീലുകളെല്ലാം നടന്നത് സിംഗപ്പൂരിലാണെന്നായിരുന്നു ആരോപണം.വോട്ടെണ്ണലിന്റെ അന്ന രാവിലെയണ് ജെഡിഎസ് നേതാവ് തിരിച്ചെത്തിയത്. തുടർന്നുണ്ടായ നാടകങ്ങളുടെ അന്തിമഫലം കാണുമ്പോൾ കുമാരസ്വാമിയുടെ സിംഗപ്പൂർ യാത്ര നിഷ്‌ക്കളങ്കമായിരുന്നില്ല എന്നുവേണം കരുതാൻ.

മകന്റെ സിനിമയുടെ പ്രമോഷനെന്നും ന്യായം

എകിസ്റ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കുമാരസ്വാമി സിംഗപ്പൂർക്ക് പോയത്.മകൻ എച്ച്.കെ.നിഖിൽ ഗൗഡയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.ബെംഗളൂരുവിൽ വച്ച് രാഷ്ട്രീയ ചർച്ചകൾ നടത്തിയാൽ സുപ്രധാന നീക്കങ്ങൾ ചോരാനിടയുണ്ടെന്ന് കുമാരസ്വാമി കരുതിയിരുന്നു. അതിനാൽ സിംഗപ്പൂരാണ് സുരക്ഷിതമെന്ന് അദ്ദേഹം കണക്കുകൂട്ടി.മകന്റെ സിനിമാ പ്രമോഷനും കുമാരസ്വാമിക്ക് ന്യായമായി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാർ ഗൗഡ കന്നഡ സിനിമയിലെ യുവതാരങ്ങളിൽ പ്രമുഖനാണ്

. 2016ൽ ജാഗ്വർ എന്ന ചിത്രത്തിലൂടെയായിരുന്നു നിഖിലിന്റെ സിനിമയിലെ അരങ്ങേറ്റം. കുമാരസ്വാമി തന്നെയായിരുന്നു ഈ ചിത്രം നിർമ്മിച്ചത്. മകന്റെ സിനിമയെ തന്റെ രാഷ്ട്രീയം ഉപയോഗിച്ച് പ്രമോട്ട് ചെയ്യാൻ കുമാരസ്വാമി പലപ്പോഴും ശ്രമിക്കാറുണ്ട്.സിംഗപ്പൂരിൽ പോയതും അതിന് വേണ്ടിയാണെന്ന് വാർത്തകൾ വന്നു. തെലുങ്കിലും മകന് സ്വീകാര്യത ഉണ്ടാക്കാനായി കുമാരസ്വാമി ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. സിംഗപ്പൂരിൽ ധാരാളം ഇന്ത്യക്കാരുണ്ടെന്നും ഇവർക്കിടയിൽ മകന്റെ സിനിമകളെ പ്രമോട്ട് ചെയ്യാനും നിഖിലിനെ അവിടെ വലിയൊരു താരമായി ഉയർത്തി കാട്ടാനും കുമാരസ്വാമി ശ്രമിക്കുന്നുണ്ട്.

ബിജെപിയുടെ ബി ടീമെന്ന കോൺഗ്രസ് പ്രചാരണം

ബിജെപിയുടെ ബി ടീമെന്ന് ജെഡിഎസിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരിഹസിച്ചെങ്കിലും, കോൺഗ്രസ് ആ പാർട്ടിയുമായി രഹസ്യധാരണയുണ്ടാക്കിയിരുന്നുവെന്നാണ് സംശയിക്കേണ്ടത്. എന്തുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാണ് കോൺഗ്രസെന്ന് ഫലം വരും മുമ്പേ വ്യക്തമായിരുന്നു. ഒരുകാരണവശാലും പാർട്ടിയുടെ ശക്തികേന്ദ്രമായ കർണാടക നഷ്ടപ്പെടരുതെന്ന് കോൺഗ്രസിന് നിർബന്ധമുണ്ടായിരുന്നു. ഇതിനായി ഭൂരിപക്ഷത്തിൽ കുറവുവന്നാൽ മുഖ്യമന്ത്രി സ്ഥാനം തൃജിച്ചുകൊണ്ട് സഖ്യത്തിന് തയ്യാറായിരുന്നു.ഈ സന്ദേശം സിംഗപ്പൂരിൽ വച്ച് കോൺഗ്രസിന്റെ ദൂതന്മാർ കുമാരസ്വാമിയെ അറിയിച്ചിരുന്നു.സിദ്ധരാമയ്യയും കുമാരസ്വാമിയും തമ്മിലുള്ള വൈരം സഖ്യത്തിന് തടസ്സമായിരുന്നെങ്കിലും, സംസ്ഥാനം നിലനിർത്താൻ എന്തുവിട്ടുവീഴ്ചയ്ക്കും മുന്മുഖ്യമന്ത്രിയും സന്നദ്ധനായിരുന്നു.

തുമകുരുവിൽ മെയ് അഞ്ചിന് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇങ്ങനെയാണ്: ' ആരെങ്കിലും കോൺഗ്രസിനെ സംരക്ഷിക്കുന്നുണ്ടെങ്കിൽ അത് ജെഡിഎസാണ്. കാണാറയത്ത് ജെഡിഎസും കോൺഗ്രസും തമ്മിൽ രഹസ്യധാരണയുണ്ട്.' സർവേകളെല്ലാം തൂക്ക്‌സഭകൾ പ്രവചിച്ചെങ്കിലും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് കോൺഗ്രസ് പുറമേ പറഞ്ഞത്. അതേസമയം രഹസ്യമായി ധാരണയുണ്ടായിരുന്നുവെന്നാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെയുള്ള ധൃതഗതിയിലുള്ള കോൺഗ്രസിന്റെ സഖ്യരൂപവൽകരണം തെളിയിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുമ്പേ സഖ്യമെന്ന ആശയം തള്ളിയത് സിദ്ധരാമയ്യ

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജെഡിഎസുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത ആരായണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടെങ്കിലും സിദ്ധരാമയ്യ അത് തള്ളുകയാണുണ്ടായത്. രണ്ടുപാർട്ടികളും ഒന്നിച്ച് നിന്നാൽ കോൺഗ്രസ് വിരുദ്ധ വോട്ടുകളെല്ലാം ബിജെപിക്ക് പോകുമെന്നായിരുന്നു സിദ്ധരാമയ്യയുടെ ന്യായം. ദക്ഷിണകർണാടകയിലെ 60 ഓളം സീറ്റുകളിൽ ജെഡിഎസും കോൺഗ്രസും തമ്മിൽ നേരിട്ട് മൽസരമുള്ളപ്പോൾ സഖ്യം രൂപീകരിക്കാൻ സ്ഥാനാർത്ഥി മോഹികളെ അത് ബാധിക്കുമായിരുന്നു. ഇതൊന്നും കൂടാതെയാണ സിദ്ധരാമയ്യയ്ക്ക് ഗൗഡയോടും കുമാരസ്വാമിയോടുമുള്ള അകൽച്ച.എന്നാൽ, വോട്ടെടുപ്പ് കഴിഞ്ഞതോടെ സംഗതികളെല്ലാം മാറിമറിഞ്ഞു.

പിപിപി പാർട്ടിയാവാൻ കോൺഗ്രസ് ഇഷ്ടപ്പെട്ടില്ല

പ്രചാരണത്തിനിടെ നരേന്ദ്ര മോദിയാണ് കർണാടകത്തിലെ പരാജയത്തോടെ കോൺഗ്രസ് പിപിപി പാർ്ട്ടിയാകുമെന്ന് പരിഹസിച്ചത്.പഞ്ചാബ്, പുതുച്ചേരി,പരിവാർ പാർ്ട്ടിയായി കോൺഗ്രസ് ചുരുങ്ങുമെന്നായിരുന്നു പരിഹാസത്തിന്റെ അർഥം.

ഡികെ-കുമാരസ്വാമി ചങ്ങാത്തം

രണ്ടുവോക്കലിഗ നേതാക്കളും വലിയ ചങ്ങാതിമാരാണ്. കുമാരസ്വാമിയുമായി ആശയവിനിമയത്തിന്റെ ഒരുവഴി തുറന്നിട്ടത് കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറാണ്.തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ പരസ്പരം മൽസരിക്കാതിരിക്കാൻ ഇരുവരും ശ്രദ്ധ പുലർത്തി.തൂക്ക് സഭ വന്നാൽ സഖ്യം രൂപീകരിക്കുമെന്ന് വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ പ്രഖ്യാപിക്കണമെന്ന് ചില കോൺഗ്രസ് നേതാക്കൾ പറഞ്ഞെങ്കിലും, ബിജെപി സ്വന്തമായി ഭൂരിപക്ഷം നേടിയാൽ അത് അബദ്ധമായി തീരുമെന്ന് മറ്റുചില നേതാക്കൾ മുന്നറിയിപ്പ് നൽകിയതോടെ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

ഗൗഡയ്ക്ക് സോണിയയുടെ ഫോൺ കോൾ

ബിജെപി കേവല ഭൂരിപക്ഷത്തിന്റെ അടുത്തെത്തില്ലെന്ന് വ്യക്തമായതോടെയാണ് ഔദ്യോഗിക നീക്കമുണ്ടായത്. സോണിയ ഗാന്ധി ദേവഗൗഡയെ വിളിച്ചത്.കോൺഗ്രസ് പങ്കാളിത്തത്തോടെ സർക്കാരുണ്ടാക്കണമെന്ന ഒറ്റവരി നിർദ്ദേശവുമായി അശോക് ഗെലോട്ടിനെയും ഗുലാംനബി ആസാദിനെയും നേരത്തെ തന്നെ കർണാടകത്തിലേക്ക് വിട്ടിരുന്നു.സോണിയയുടെ കോൾ വന്നതോടെ ഗൗഡയുടെ ഈഗോ വളർന്നു. താൻ കിങ്ങായും കിങ്മാക്കറായും മാറുന്നത് ഗൗഡ ഇഷ്ടപ്പെട്ടിരുന്നു.

ബിജെപി വിഴുങ്ങുമെന്ന ഗൗഡയുടെ പേടി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗൗഡയെ വാഴ്‌ത്തി മോദി ഒരുമുഴം മുമ്പേ എറിഞ്ഞിരുന്നു. ജെഡിഎസിലേക്ക് ഒരുപാലമിടാൻ മോദി ശ്രദ്ധിച്ചു. എന്നാൽ,ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ അവർ ജെഡിഎസിനെ വിഴുങ്ങുമെന്ന് ഗൗഡ പേടിച്ചു.മുസ്ലിം വോട്ടർമാർക്കിടയിലെ തന്റെ സ്വാധീനം നഷ്ടപ്പെടുന്നതും മതേതര നേതാവെന്ന പ്രതിച്ഛായ നഷ്ടപ്പെടുന്നതും ഗൗഡയ്ക്ക് ഇഷ്ടമായിരുന്നില്ല.കൂടാതം മമത ബാനർജിയും, മായാവതിയും കോൺഗ്രസിനൊപ്പം പോകാൻ ഗൗഡയെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.ഇതിനിടെ, കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയാകുമെന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രഖ്യാപനവും ശ്രദ്ധ േനടി. ഒരു ചാനൽ അഭിമുഖത്തിലാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്.

ദുർബലമായ കോൺഗ്രിനെ കൈകാര്യം ചെയ്യാൻ എളുപ്പമാണെന്നതും കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദവി കിട്ടുമെന്നതും ദേവഗൗഡയ്ക്ക് ആകർഷണീയമായി തോന്നി. ലോക്‌സഭാതിരഞ്ഞെടുപ്പ് വരുമ്പോൾ കൂടുതൽ സീറ്റുകൾ കിട്ടിയാൽ അതും മുതൽക്കൂട്ടായി.പുറത്ത് നിന്ന് പിന്തുണ നൽകാമെന്ന കോൺഗ്രസിന്റെ ആദ്യവാഗ്ദാനം ഗൗഡ തള്ളുകയും ചെയ്തു.