മംഗളൂരു: ഹിജാബ് വിവാദം നിലനിൽക്കെ സർക്കാർ സ്‌കൂളിൽ നിസ്‌കാര സൗകര്യം ഒരുക്കിയതിന്റെ പേരിൽ നടപടിക്കൊരുങ്ങി കർണാടക വിദ്യാഭ്യാസ വകുപ്പ്. ഇതിന് മുന്നോടിയായി സ്‌കൂൾ പ്രിൻസിപ്പളിനോട് വിശദീകരണം തേടി. മംഗളൂരു കഡബ സർക്കാർ സ്‌കൂളിനാണ് കർണാടക വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചത്. സ്‌കൂളിൽ നിസ്‌കാര സൗകര്യം ഒരുക്കിയത് എന്തിനെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

സ്‌കൂൾ പ്രിൻസിപ്പലിനോട് ഉടൻ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. എന്നാൽ ഒഴിവുള്ള ക്ലാസിൽ വെള്ളിയാഴ്ച നമസ്‌കാരത്തിനായി സൗകര്യം നൽകിയതാണെന്ന് സ്‌കൂൾ മാനേജ്‌മെന്റ് വിശദീകരിച്ചു. വർഷങ്ങളായി മുസ്ലിം വിദ്യാർത്ഥികൾക്ക് ഈ സൗകര്യം നൽകാറുണ്ടെന്നും ഇതിന്റെ പേരിൽ ക്ലാസുകൾ തടസ്സപ്പെട്ടിട്ട് ഇല്ലെന്നും സ്‌കൂൾ അധികൃതർ ചൂണ്ടികാട്ടി.

എന്നാൽ ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണ് നിസ്‌കാര സൗകര്യം ഒരുക്കിയതെന്നും അനാവശ്യ നീക്കമെന്നുമാണ് വിദ്യാഭാസ വകുപ്പിന്റെ നിലപാട്.

ബിദറിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ സ്വകാര്യ നഴ്‌സിങ്ങ് കോളേജിൽ പരീക്ഷയ്ക്ക് അനുവദിച്ചില്ല. ഇതിനെതിരെ വിദ്യാർത്ഥിനികൾ കോളേജിന് മുന്നിൽ പ്രതിഷേധിച്ചു. കോളേജിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ.

ഹിജാബ് നിരോധനത്തിനെതിരെ പ്രതികരിച്ച പെൺകുട്ടികളുടെ ചിത്രങ്ങളും വീട്ടുവിലാസവും മൊബൈൽ നമ്പറും സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ രീതിയിൽ പ്രചരിച്ചിരുന്നു.

പെൺകുട്ടികളുടെ വിവരങ്ങൾ ചോർത്തിയത് ബിജെപി എംഎൽഎ രഘുപതി ഭട്ടും പിയു കോളേജ് പ്രിൻസിപ്പൾ രുദ്ര ഗൗഡയുമെന്നാണ് ആരോപണം. രാഷ്ട്രീയ ഗൂഢാലോചനയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഉഡുപ്പി എസ്‌പിക്ക് മാതാപിതാക്കൾ പരാതി നൽകി.

ഹിജാബ് വിലക്കിനെ ചോദ്യം ചെയ്തുള്ള ഹർജികളിൽ അന്തിമവിധി പുറപ്പെടുവിക്കും വരെ വിദ്യാർത്ഥികളുടെ വിശ്വാസം ഏതായാലും, വിദ്യാലയങ്ങളിൽ മതപരമായ വേഷം പാടില്ലെന്ന് കർണാടക ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. യൂണിഫോം നിർബന്ധമാക്കിയ വിദ്യാലയങ്ങൾക്കാണ് ഇത് ബാധകമാകുക.

ഉഡുപ്പി ഗവ. വനിതാ പിയു കോളജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ലാസിൽ കയറ്റാത്തതിനെയും യൂണിഫോം സംബന്ധിച്ചു കർണാടക സർക്കാർ പുറത്തിറക്കിയ ഉത്തരവിനെയും ചോദ്യം ചെയ്താണ് കോടതിയെ സമീപിച്ചത്. ഉഡുപ്പിയിൽ തുടങ്ങിയ പ്രതിഷേധം പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.