നാളെ കർണാടകയിൽ നിയമ സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ആരായിരിക്കും ജയിക്കുക എന്ന ചോദ്യം എങ്ങും ഉയരുന്നു. കഴിഞ്ഞ നാലു വർഷമായി ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ വലം കൈയായ ബിജെപി ഭരിക്കുന്ന ദേശിയ അധ്യക്ഷൻ അണിത് ഷായും തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. നാലു വർഷക്കാലം നടന്ന നിയമ സഭാ തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ സിപിഎം ഭരണം കൊണ്ടു പോയതും പഞ്ചാബിൽ കോൺഗ്രസ് ഭരണം കൊണ്ടു പോയതും ബീഹാറിൽ നിതീഷ് അധികാരം പിടിച്ചതും ഒഴിച്ചാൽ എല്ലാ നിയമ സഭാ തിരഞ്ഞെടുപ്പുകളും ബിജെപിക്ക് അനുകൂലമായിരുന്നു എന്നതാണ് ബിജെപിയുടെ പ്രതീക്ഷയുടെ ആധാരം.

അമിത് ഷായുടെ തന്ത്രവും മോദിയുടെ ഭരണ മികവും രാജ്യമെമ്പാടും ബിജെപി ഭരണം ഉറപ്പിക്കും എന്ന ആത്മവിശ്വാസമാണ് ബിജെപിക്ക് ഉള്ളത്. ബിജെപിയുടെ ചരിത്രത്തിൽ ആദ്യമായാണ് കേന്ദ്രം ഭരിക്കുകയും 22 സംസ്ഥാനങ്ങളുടെ ഭരണം കൈയിലാക്കുകയും ചെയ്തിരിക്കുന്നത്. ഇന്ത്യ ഏറ്റവും കൂടുതൽ കാലം ഭരിച്ച കോൺഗ്രസിന് വെറും മൂന്ന് സംസ്ഥാനങ്ങൾ മാത്രമാണ് കൈയിലുള്ളത്. പഞ്ചാബും മിസോറാമും കഴിഞ്ഞാൽ നാളെ തിരഞ്ഞെടുപ്പു നടക്കുന്ന കർണാടകയിൽ ഭരണം നഷ്ടപ്പെട്ടാൽ കോൺഗ്രസിനെ കുറിച്ചും രാഹുൽ ഗാന്ധിയെ കുറിച്ചുമുള്ള ഇന്ത്യയിലെ പ്രതിപക്ഷ സ്വപ്‌നങ്ങൾ നാളെ അവസാനിക്കും. ഭരണം പിടിക്കുക എന്നത് ബിജെപിക്ക് ഏറ്റവും പ്രധാനപ്പെട്ടതായിരിക്കുന്നു. ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടായ തോൽവിക്കുള്ള മറുപടിയായി മോദി അമിത്ഷാ കൂട്ടുകെട്ടിന്റെ പ്രാധാന്യം രാജ്യത്ത് ഇനിയും നഷ്ടപ്പെട്ടിട്ടില്ല എന്ന് ബോധ്യപ്പെടുത്താൻ ആവശ്യമാണ്.

ഈ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിലും രാജ്യ സഭാ തിരഞ്ഞെടുപ്പിലും ബിജെപിയുടെ ഭരണം അടിവരയിട്ട് ശരിവയ്ക്കാം. മറിച്ച് ബിജെപിക്ക് തോൽവിയും കോൺഗ്രസിനു ജയവും ആണെങ്കിൽ കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ തുടക്കവുമാകും. അതുകൊണ്ട് തന്നെ ഭരിക്കുന്ന കക്ഷിക്കും പ്രതിപക്ഷത്തിരിക്കുന്ന കക്ഷിക്കും ഒരു പോലെയാണ് കർണാടക ഇലക്ഷൻ. കർണാടകയിൽ വലിയ തോതിലുള്ള ഇടപെടൽ രാഹുൽ ഗാന്ധി നടത്തിയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചില്ലെങ്കിൽ പ്രധാനമന്ത്രിയാകാനുള്ള മോഹം രാഹുൽ ഗാന്ധി ഉപേക്ഷിച്ചാൽ മതി. ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിൽ ഒരിക്കൽ കൂടി ഇന്ത്യൻ പ്രധാനമന്ത്രിയാകാനുള്ള നരേന്ദ്ര മോദിയുടെ മോഹവും വെള്ളത്തിലാകും.

അതു തന്നെയാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും. ആർക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയാണ് പലരും പ്രവചിക്കുന്നത്. അതേസമയം ബിജെപിയുടേയും കോൺഗ്രസിന്റേയും വിജയം പ്രവചിക്കുന്ന നിരവധി സർവേ ഫലങ്ങളും പുറത്ത് വരുന്നു. എന്നാൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കുകയില്ല എന്ന് തന്നെയാണ് കൂടുതൽ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്. കർണാടകയിലെ ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയ പാർട്ടിയായ ജനതാദളിന് 30നും 40നും ഇടയിൽ സീറ്റ് കിട്ടാനുള്ള സാധ്യതയേ ഉള്ളു. അങ്ങനെ എങ്കിൽ കോൺഗ്രസുമായി ചേർന്ന് സർക്കാരുണ്ടാക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ഈ ജനതാദൾ മുമ്പ് ബിജെപിയുമായി സഹകരിച്ചിട്ടുള്ളതിനാൽ ആ സാധ്യതയും തള്ളിക്കളയാനാവില്ല.

ഇതിന് മുമ്പ് നടന്നിട്ടുള്ള തിരഞ്ഞെടുപ്പുകളിലൊക്കെ ഏകദേശം ആരു ജയിക്കും എന്ന് കണക്കു കൂട്ടാൻ രാഷ്ട്രീയ നിരീക്ഷകർക്ക് സാധിച്ചിരുന്നു. എന്നാൽ കർണാടകയിൽ ആരു ജയിക്കുമെന്ന് പറയാവുന്ന സാഹചര്യമേ അല്ല. ഈ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ തോതിലുള്ള മാറ്റങ്ങൾക്കും പ്രവചനങ്ങൾക്കും കാരണമാകും. ആരാകും അടുത്ത തവണ ഇന്ത്യ ഭരിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് കർണാടകയുടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം തന്നെയാകും.