ബംഗളൂരു: സർക്കാരിനെതിരായ വിമർശനങ്ങൾ തടയാൻ ഉദ്യോഗസ്ഥർക്ക് മാധ്യമ വിലക്കേർപ്പെടുത്തി കർണാടക സർക്കാർ. സർക്കാർ ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് മുന്നിൽ ആവലാതികൾ പറഞ്ഞ് സർക്കാരിനെ കുഴപ്പത്തിലാക്കരുതെന്ന് ചൂണ്ടികാട്ടി സർക്കാർ ഉദ്യോഗസ്ഥരെ വിലക്കികൊണ്ട് കർണാടക സർക്കാർ ചീഫ് സെക്രട്ടറി പി. രവികുമാർ സർക്കുലർ ഇറക്കി.

സർക്കാരിനെതിരായി മാധ്യമങ്ങളിൽ പ്രസ്താവന നടത്തുന്നതിൽനിന്നാണ് ഉദ്യോഗസ്ഥരെ വിലക്കിയിരിക്കുന്നത്. ഇതോടൊപ്പം സർക്കാർ പദ്ധതികൾ സ്വന്തം നേട്ടമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

സംസ്ഥാനത്തെ എല്ലാ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്കും മറ്റു ഉദ്യോഗസ്ഥർക്കും ഉത്തരവ് ബാധകമാണ്. നിരവധി സർക്കാർ ഉദ്യോഗസ്ഥർ വാർത്താസമ്മേളനം നടത്തിയും അല്ലാതെയുമായി മാധ്യമങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്തുകയാണെന്നും ഇത് ഭരണത്തെ ബാധിക്കുകയാണെന്നും സർക്കാരിനെ കുഴപ്പത്തിലാക്കുകയാണെന്നുമാണ് സർക്കുലറിൽ പറയുന്നത്.



ഇത്തരം പ്രസ്താവനകൾ ഗൗരവമായിട്ടാണ് സർക്കാർ കാണുന്നതെന്നും നൽകിയിട്ടുള്ള ഉത്തരവാദിത്വങ്ങൾ നിർവഹിക്കുക മാത്രമാണ് ഉദ്യോഗസ്ഥരുടെ ചുമതലയെന്നും സർക്കുലറിൽ പറയുന്നു. സർക്കാരിന്റെ അനുമതിയില്ലാതെ മാധ്യമങ്ങളിൽ പ്രസ്താവന നൽകുന്നത് സർക്കാർ ജോലിയുമായി ബന്ധപ്പെട്ട 1968ലെ പെരുമാറ്റ ച്ചട്ടത്തിന് എതിരാണെന്നും കർണാടക സിവിൽ സർവീസ് പെരുമാറ്റച്ചട്ടത്തിലും മാധ്യമങ്ങളോട് സംസാരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് വിലക്കുണ്ടെന്നും വ്യക്തമാക്കിയാണ് പുതിയ നിയന്ത്രണം.

വ്യക്തിപരമായുള്ള ഉദ്യോഗസ്ഥരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ സർക്കാരിനെ വിമർശിക്കരുതെന്നും സർക്കാർ പദ്ധതികൾ സ്വന്തം നേട്ടമായി ഉയർത്തികാട്ടരുതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.