മംഗളൂരു: മംഗളൂരുവിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കാലുകുത്താൻ അനുവദിക്കില്ലെന്ന സംഘപരിവാർ പ്രഖ്യാപനം പാഴായി. ശനിയാഴ്ച അദ്ദേഹം പങ്കെടുത്ത രണ്ടുപരിപാടികളും തടസ്സമില്ലാതെ നടന്നു. പ്രതിഷേധത്തിന്റെ നേരിയ ശബ്ദംപോലും എവിടെയും കേട്ടില്ല. ഇതോടെ മംഗളൂരുവിലെ മതസൗഹാർദറാലിക്കെതിരെ രംഗത്തുവന്ന സംഘപരിവാർ സംഘടനകൾ പിണറായി വിജയനും സിപിഎമ്മിനും അപ്രതീക്ഷിത നേട്ടമാണ് ഉണ്ടാക്കിക്കൊടുത്തത്. സാധാരണഗതിയിൽ മാദ്ധ്യമശ്രദ്ധയിൽ വരാത്ത റാലി ദേശീയ ശ്രദ്ധയിലേക്ക് വന്നുവെന്ന് മാത്രമല്ല സംഘപരിവാർ സംഘടനകൾക്ക് വലിയ നാണക്കേട് ഉണ്ടാക്കിവെക്കുകയും ചെയ്തു.

റാലി തടയുമെന്നും പിണറായിയെ മംഗളൂരുവിൽ കാലുകുത്താൻ അനുവദിക്കില്ലെന്നുമുള്ള പ്രഖ്യാപനം ഒന്നുകൊണ്ടുമാത്രമാണ് ഇത്രയും ആളുകൾ പരിപാടിക്ക് വന്നതെന്ന് മംഗളൂരുവിലെ സിപിഐ(എം).കേന്ദ്രങ്ങൾ പറുയുന്നു. 'ഹർത്താൽ കൂടി പ്രഖ്യാപിച്ചതോടെ ആളെ എത്തിക്കാനായി ഞങ്ങൾ ആഞ്ഞുശ്രമിച്ചു. എന്നിട്ടും പരമാവധി രണ്ടായിരം പേരെയാണ് പ്രതീക്ഷിച്ചത്. പക്ഷേ, അതിന്റെ ഇരട്ടിയോളം ആളുവന്നു'- സിപിഐ(എം).നേതാവ് ചൂണ്ടിക്കാട്ടി. ജ്യോതി സർക്കിളിൽ നിന്ന് നെഹ്രു സ്റ്റേഡിയത്തിലേക്ക് നടത്തിയ റാലി കാണാൻ ഹർത്താലായിട്ടും റോഡിനിരുവശവും ആളുകൾ തിങ്ങിക്കൂടി. റോഡ് നിറഞ്ഞുനടത്തിയ റാലി മൈതാനത്ത് എത്തുമ്പോഴേക്കും നേരത്തെ തയ്യാറാക്കിയ പന്തൽ നിറഞ്ഞുകവിഞ്ഞിരുന്നു. പന്തലിന് പുറത്ത് കസേരയിട്ടാണ് റാലി കഴിഞ്ഞ് വന്നവർക്ക് ഇരുപ്പിടമൊരുക്കിയത്.

മധ്യപ്രദേശിൽ പിണറായിക്ക് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ തിരിച്ചുപോരേണ്ടിവന്നതിന് സമാനമായ സാഹചര്യം ഉണ്ടാക്കാനായിരുന്നു ആർ എസ് എസ് ശ്രമം. മധ്യപ്രദേശിൽ പക്ഷേ, ബിജെപി. സർക്കാരായിരുന്നു. കർണാടകത്തിൽ കോൺഗ്രസ് സർക്കാരും. മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടാണ് പിണറായി വിജയന്റെ പരിപാടിയിൽ പ്രശ്‌നമുണ്ടാക്കാതിരിക്കാൻ നടപടികൾ എടുത്തത്്. മന്ത്രി യു.ടി.ഖാദറിനെ മേൽനോട്ടങ്ങൾക്കായി നിയോഗിക്കുകയും ചെയ്തു. പരിപാടിയുടെ തലേന്നുപോലും സംഘപരിവാർ നേതാക്കൾ റാലി നടത്തുകയും പ്രകോപനപരമായി നിരവധി പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഉള്ളാളിൽ സി.പിഎം. ഓഫീസിന് ആരോ തീയിടുകയും ചെയ്തു. എന്നാൽ പൊലീസ് ശക്തമായ നിലപാടിലാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിഷേധം പോലും നടത്താതെ ആർ എസ് എസ് പിന്മാറി.

സംഘപരിവാർ സംഘടനകൾക്ക് ശക്തമായ സ്വാധീനമുള്ള മംഗളൂരുവിൽ പഴുതടച്ച സുരക്ഷയാണ് സർക്കാർ ഒരുക്കിയത്. സുരക്ഷയൊരുക്കിയതിൽ കർണാടക സർക്കാരിന് നന്ദിയറിയിച്ചാണ് പിണറായി വിജയൻ മംഗളൂരു വിട്ടത്. സംഘപരിവാർ സംഘടനകളുടെ ഫാസിസ്റ്റ് പ്രവണതയ്ക്കെതിരേ സിപിഐ(എം). അടക്കമുള്ള കക്ഷികളുമായി കൈകോർക്കാൻ തയ്യാറാണെന്ന സന്ദേശവും കർണാടകത്തിലെ കോൺഗ്രസ് സർക്കാർ ഇതിലൂടെ നൽകി. മുഖ്യമന്ത്രിയെ തടയില്ലെന്ന് വ്യക്തമാക്കാൻ മംഗളൂരു എംപി. നളിൻ കുമാർ കാട്ടീൽ നിർബന്ധിതനാകുകയും ചെയ്തു.

രാഷ്ട്രീയവൈരാഗ്യത്തിന്റെപേരിൽ നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കുന്ന പാർട്ടിയുടെ മുഖ്യമന്ത്രിയെ മംഗളൂരുവിലെ ചടങ്ങിൽ പങ്കെടുപ്പിക്കില്ലെന്ന നിലപാടാണ് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രൊഫ. എം.ബി. പുരാണിക് സ്വീകരിച്ചത്. ബിജെപി. ഈ നിലപാടിനെ പിന്തുണയ്ക്കുകയായിരുന്നു. സിപിഎമ്മിനെതിരേ ബംഗളൂരുവിലും സംഘപരിവാർ സംഘടനകൾ പ്രതിഷേധപരിപാടി സംഘടിപ്പിച്ചിരുന്നു.