കൽപ്പറ്റ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കർണാടകയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിൽ വയനാട്ടിൽ നിന്നുള്ള ചരക്കുവാഹനങ്ങൾക്ക് മാത്രമെ ഇനി മുതൽ പ്രവേശന അനുമതി നൽകൂ. കർണാടക അധികൃതരിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് വയനാട് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ ആണ് ഇക്കാര്യമറിയിച്ചത്.

ഇതോടെ കർണാടകയിലേക്കും കർണാടകവഴി മറ്റു സംസ്ഥാനങ്ങളിലേക്കുമുള്ള ബസ് സർവ്വീസുകൾ അടക്കം നിർത്തിവെക്കേണ്ടിവരും. പൊതു-സ്വകാര്യ വാഹനങ്ങൾക്ക് സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റുകളായ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി വഴി കർണാടകയിലേക്ക് പോകാൻ അനുമതി ഉണ്ടായിരിക്കില്ല. അതേ സമയം അടിയന്തര ആവശ്യങ്ങൾക്കായി മതിയായ രേഖകളോടെ കർണാടകയിലേക്ക് വാഹനങ്ങൾക്ക് പോകാൻ സാധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കോവിഡ് വ്യാപനം ശക്തമാകുന്നതിനിടെ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ 7868 കേസുകൾ രജിസ്റ്റർ ചെയ്തു. 1802 പേരെ അറസ്റ്റ് ചെയ്തു. 3988 വാഹനങ്ങൾ പിടിച്ചെടുത്തു. 148 കേസുകൾ ക്വാറന്റൈൻ ലംഘിച്ചതിനാണ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 27,803 പേർക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തതിന് 6,044 പേർക്കെതിരെയും പെറ്റി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ബോധവൽക്കരണത്തിന്റെ ഭാഗമായി 1,33,700 ഓളം ആളുകൾക്ക് താക്കീത് നൽകിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.