ബാംഗ്ലൂർ: കർണാടകയിൽ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബിജെപിയുടെ മുതിർന്ന നേതാവും ഗ്രാമവികസന മന്ത്രിയുമായ കെ എസ് ഈശ്വരപ്പക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈശ്വരപ്പ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. "ഇന്ന് എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.ഇപ്പോൾ ഡോക്ടർമാരുടെ ഉപദേശപ്രകാരം ഞാൻ ആശുപത്രിയിൽ ചികിത്സയിലാണ്", ഈശ്വരപ്പ ട്വിറ്ററിൽ കുറിച്ചു.

യെദ്യൂരപ്പ മന്ത്രിസഭയിൽ കോവിഡ് ബാധിക്കുന്ന ഏഴാമത്തെ മന്ത്രിയാണ് ഇദ്ദേഹം. ഇന്നലെ വനിതാ ശിശുക്ഷേമ മന്ത്രി ശശികല ജോലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം മുഖ്യമന്ത്രി യെദ്യൂരപ്പ, ആരോഗ്യമന്ത്രി ബി ശ്രീരാമുലു, ടൂറിസം മന്ത്രി സി ടി രവി, കൃഷി മന്ത്രി ബി സി പാട്ടീൽ, വനം മന്ത്രി ആനന്ദ് സിങ് എന്നിവർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. അതേസമയം, കർണാടകത്തിൽ ഇന്ന് 9058 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 135 പേരാണ് മരണത്തിന് കീഴടങ്ങിയത്.ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 90999 ആയി. ആകെ മരണം 5837, ആകെ രോഗബാധിതർ 351481 ആണ്.