ബെംഗളൂരു: തലമുറ മാറ്റത്തിൽ മാത്രമല്ല, സത്യപ്രതിജ്ഞയിലും വ്യത്യസ്തത കൊണ്ട് ശ്രദ്ധേയരാകുകയാണ് കർണാടകയിൽ ചുമതലയേറ്റ പുതിയ മന്ത്രിമാർ. ദൈവനാമത്തിൽ സത്യവാചകം ചൊല്ലുന്നത് പതിവാണെങ്കിലും ഗോമൂത്രത്തിന്റെയും കർഷകരുടെയും പേരിൽ വരെയാണ് പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്.

മൃഗസംരക്ഷണ വകുപ്പു മുന്മന്ത്രി പ്രഭു ചൗഹാനാണ് ഗോമൂത്ര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം, വിജയനഗര വിരൂപാക്ഷയുടെയും അമ്മയുടെയും ഭുവനേശ്വരി(കർണാടകയിൽ ആരാധിക്കുന്ന ഒരു ദേവത)യുടെയും പേരിലായിരുന്നു ആനന്ദ് സിങ് സത്യവാചകം ചൊല്ലിയത്.

വിജയനഗര നിയമസഭാ മണ്ഡലത്തെയാണ് ആനന്ദ് പ്രതിനിധീകരിക്കുന്നത്. ലിംഗായത്ത് നേതാവ് മുരുഗേഷ് നിരാണി, കർഷകരുടെയും ദൈവത്തിന്റെയും പേരിൽ സത്യപ്രതിജ്ഞ ചൊല്ലി. ബിൽഗിയിൽനിന്നുള്ള എംഎ‍ൽഎയാണ് നിരാണി.

ബസവരാജ് ബൊമ്മെ മന്ത്രിസഭയിലെ 29 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി ഉണ്ടായിരിക്കില്ലെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ വ്യക്തമാക്കിയിരുന്നു.

യെദ്യൂരപ്പ മന്ത്രിസഭയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്. മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

 

ജൂലൈ 28-നാണ് കർണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തുടർന്ന് നടത്തിയ ചർച്ചകൾക്കൊടുവിലാണ് മന്ത്രിമാരെ നിശ്ചയിച്ചത്. രണ്ടു തവണ ഡൽഹി സന്ദർശിച്ച് പ്രധാനമന്ത്രി മോദി, പാർട്ടിയുടെ ഉന്നത നേതൃത്വം എന്നിവരുമായി മന്ത്രിസഭ വിപുലീകരണവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നു.

പുതിയ മന്ത്രിസഭയിൽ, ഒ.ബി.സി. വിഭാഗത്തിൽനിന്നും വൊക്കലിഗ സമുദായത്തിൽനിന്നും ഏഴു മന്ത്രിമാർ വീതമുണ്ട്. ലിംഗായത്ത് സമുദായത്തിൽനിന്ന് എട്ടുപേരും പട്ടികയിൽ ഇടംപിടിച്ചു. എസ്.സി. വിഭാഗത്തിൽനിന്ന് മൂന്നും എസ്.ടി. വിഭാഗത്തിൽനിന്ന് ഒരാളുമുണ്ട്. മന്ത്രിസഭയിൽ ഒരു വനിതാ അംഗം മാത്രമാണുള്ളത്. ബ്രാഹ്‌മണ സമുദായത്തിൽനിന്നുള്ള രണ്ടുപേരും മന്ത്രിസഭയിലുണ്ട്.

അനുഭവ സമ്പത്തിന്റെയും പുത്തൻ കരുത്തിന്റെയും മിശ്രിതമായിരിക്കും പുതിയ മന്ത്രിസഭയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മന്ത്രിസഭയിൽ ഒ.ബി.സി. വിഭാഗത്തിൽ നിന്ന് ഏഴും എസ്.സി. വിഭാഗത്തിൽനിന്ന് മൂന്നും എസ്.ടി. വിഭാഗത്തിൽനിന്ന് ഒന്നും വൊക്കലിഗയിൽനിന്ന് ഏഴും ലിംഗായത്തിൽനിന്ന് ഏട്ടും മന്ത്രിമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.