- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടകത്തിൽ ബസവരാജ് ബൊമ്മെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; 29 മന്ത്രിമാർ - ഉപമുഖ്യമന്ത്രിയില്ല; യെദ്യൂരപ്പയുടെ മകന് 'അംഗത്വമില്ല'; ലിംഗായത്തിൽ നിന്നും എട്ട് പേർ; ഏഴു മന്ത്രിമാർ ഒ.ബി.സി. വൊക്കലിഗ സമുദായത്തിൽ നിന്നും; കൂറുമാറി എത്തിയവരിൽ 9 പേർ മന്ത്രിമാർ
ബെംഗളൂരു: കർണാടകത്തിൽ 29 മന്ത്രിമാരെ ഉൾപ്പെടുത്തി ബസവരാജ് ബൊമ്മെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ശക്തമായ സമ്മർദ്ദങ്ങൾക്കിടയിലും വിജയേന്ദ്രയെ ഉൾപ്പെടുത്താതെയാണ് മന്ത്രിസഭാ വികസനം. ഇളയമകൻ ബി.വൈ വിജയേന്ദ്രയ്ക്ക് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചിട്ടില്ല.
മകൻ ബി വൈ വിജേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന യെദിയൂരപ്പയുടെ ആഗ്രഹം വിലപ്പോയില്ല. വ്യക്തികേന്ദ്രീകൃതമല്ല പാർട്ടി അധിഷ്ഠിതമാകണം ഭരണമെന്ന കേന്ദ്രത്തിന്റെ നിലപാടാണ് വിജയേന്ദ്രയെ ഉപമുഖ്യമന്ത്രി കസേരയിൽ നിന്ന് അകറ്റിയത്. വിവിധ സമുദായ നേതാക്കൾക്കും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചിരുന്നു. തർക്കങ്ങൾക്കൊടുവിൽ ഉപമുഖ്യമന്ത്രിമാരേ വേണ്ടെന്നാണ് കേന്ദ്രനിർദ്ദേശം.
പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി സ്ഥാനമില്ല. എല്ലാ സമുദായങ്ങൾക്കും യുവനേതൃത്വത്തിനും പരിഗണന നൽകിയാണ് മന്ത്രിസഭാവികസനം. ഒ.ബി.സി. വിഭാഗത്തിൽനിന്നും വൊക്കലിഗ സമുദായത്തിൽനിന്നും ഏഴു മന്ത്രിമാർ വീതമുണ്ട്.
ലിംഗായത്ത് സമുദായത്തിൽനിന്ന് എട്ടുപേരും പട്ടികയിൽ ഇടംപിടിച്ചു. എസ്.സി. വിഭാഗത്തിൽനിന്ന് മൂന്നും എസ്.ടി. വിഭാഗത്തിൽനിന്ന് ഒരാളുമുണ്ട്. മന്ത്രിസഭയിൽ ഒരു വനിതാ അംഗം മാത്രമാണുള്ളത്. ബ്രാഹ്‌മണ സമുദായത്തിൽനിന്നുള്ള രണ്ടുപേരും മന്ത്രിസഭയിലുണ്ട്. സഖ്യസർക്കാരിനെ വീഴ്‌ത്തി കൂറുമാറിയെത്തിയ 17 പേരിൽ 9 പേരെ മന്ത്രിമാരാക്കി. യെദിയൂരപ്പ സർക്കാരിൽ 13 പേർ മന്ത്രിമാരായിരുന്നു.
Ministers of CM Basavaraj Bommai-led Karnataka government take oath at Raj Bhavan in Bengaluru. pic.twitter.com/EINYkwnItr
- ANI (@ANI) August 4, 2021
അനുഭവ സമ്പത്തിന്റെയും പുത്തൻ കരുത്തിന്റെയും മിശ്രിതമായിരിക്കും പുതിയ മന്ത്രിസഭയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മന്ത്രിസഭയിൽ ഒ.ബി.സി. വിഭാഗത്തിൽ നിന്ന് ഏഴും എസ്.സി. വിഭാഗത്തിൽനിന്ന് മൂന്നും എസ്.ടി. വിഭാഗത്തിൽനിന്ന് ഒന്നും വൊക്കലിഗയിൽനിന്ന് ഏഴും ലിംഗായത്തിൽനിന്ന് ഏട്ടും മന്ത്രിമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 28-ന് കർണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബസവരാജ് ബൊമ്മെ, രണ്ടു തവണ ഡൽഹി സന്ദർശിച്ച് പ്രധാനമന്ത്രി മോദി, പാർട്ടിയുടെ ഉന്നത നേതൃത്വം എന്നിവരുമായി മന്ത്രിസഭ വിപുലീകരണവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നു. രണ്ട് വർഷത്തിനികം എത്തുന്ന തെരഞ്ഞെടുപ്പ് മുൻനിർത്തി വിജയേന്ദ്രയെ അനുനയിപ്പിക്കുകയാകും പാർട്ടിക്ക് മുന്നിലെ വെല്ലുവിളി.