കർണാടക / ബെലഗാവി : കൊറോണ വൈറസിന്റെ വിനാശകരമായ രണ്ടാം തരംഗത്തിൽ നിരവധി സംസ്ഥാനങ്ങൾ പൂട്ടിയിട്ടിരിക്കുന്ന വേളയിൽ സാമൂഹിക അകലം പാലിക്കേണ്ടത് കാലത്തിന്റെ ആവശ്യമായി മാറിയിട്ടും ചിലർക്ക് ഇതുവരെ ഒന്നും മനസിലായിട്ടില്ല എന്ന് വേണം കരുതാൻ. കർണാടകയിൽ സാമൂഹികവും മതപരവുമായ ഒത്തുചേരലുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉഡുപ്പി ജില്ലയിൽ കല്യാണങ്ങൾ പോലും ഏഴു ദിവസത്തേക്ക് പൂർണമായും നിരോധിച്ചിരിക്കുകയാണ്. പരിമിതമായ ആളുകളെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ മാത്രമാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. അത്തരമൊരു ആരോഗ്യ അടിയന്തരാവസ്ഥയ്ക്കിടയിൽ, കർണാടകയിലെ ബെലഗാവി ജില്ലയിൽ ഉണ്ടായ സംഭവം ഞെട്ടിക്കുന്നതാണ് .

ബെലഗാവി ജില്ലയിലെ മറാഡിമത്ത് പ്രദേശത്തെ ഒരു പ്രാദേശിക മതസംഘടനയുടെ കുതിരയുടെ സംസ്‌കാര ചടങ്ങിനായി നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. സാമൂഹിക അകലം പാലിക്കാതെ മാസ്‌ക് പോലും ധരിക്കാത്ത 100 കണക്കിന് ആളുകളാണ് തോളോട് തോൾ ചേർന്ന് കുതിരയുടെ സംസ്‌കാര ചടങ്ങിനായി ഒത്തുകൂടിയത്.

ഇക്കാര്യം അറിഞ്ഞ കർണാടക് ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മായി മറാഡിമത്ത് പ്രദേശം മുഴുവൻ അടച്ചിടാൻ നിർദ്ദേശം നൽകി .മാത്രമല്ല പ്രദേശത്തെ എല്ലാവർക്കും പി സി ആർ ടെസ്റ്റ് നടത്തുവാനും സമസ്‌കാരത്തിൽ പങ്കടുത്ത പരമാവധി പേർക്കതിരെ കേസ് എടുക്കാനും നിർദ്ദേശം നൽകിയിരിക്കുകയാണ്.