- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്മയടക്കം നിരവധിപ്പേർ മതംമാറിയെന്ന് എംഎൽഎ; കർണാടകയിൽ മതപരിവർത്തനം തടയാൻ നിയമ നിർമ്മാണത്തിന് നീക്കം; നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാൻ നീക്കവുമായി കർണാടക സർക്കാർ. ഇക്കാര്യം സർക്കാർ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടൻ നിയമ നിർമ്മാണത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി. എംഎൽഎയായ ഗൂലിഹട്ടി ശേഖറിന്റെ മതപരിവർത്തനം സംബന്ധിച്ച പ്രസ്താവനകൾക്ക് പിന്നാലെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് മതപരിവർത്തനം വ്യാപകമാണെന്ന എംഎൽഎ ഗൂലിഹട്ടി ശേഖർ അടുത്തിടെ ആരോപണം ഉന്നയിച്ചിരുന്നു. തന്റെ അമ്മ അടുത്തകാലത്ത് ക്രിസ്ത്യൻ മതം സ്വീകരിച്ചതായും ശേഖർ വെളിപ്പെടുത്തിയിരുന്നു.
ക്രിസ്ത്യൻ മിഷനറിമാർ ഹൊസദുർഗ മണ്ഡലത്തിൽ വ്യാപകമായി മതപരിവർത്തനം നടത്തുന്നതായാണ് എംഎൽഎ ശേഖർ ആരോപിച്ചത്. ഹിന്ദുമത വിശ്വാസികളായ 20000 ത്തോളം പേരെ മതപരിവർത്തനം നടത്തി. ഇതിൽ തന്റെ അമ്മയും ഉൾപ്പെടും. അമ്മയോട് അവർ കുങ്കുമം ധരിക്കരുതെന്ന് നിർദേശിച്ചു. അമ്മയുടെ മൊബൈൽ റിങ് ടോൺ പോലും ഇപ്പോൾ ക്രിസ്ത്യൻ ഭക്തി ഗാനമാണ്. വീട്ടിലിപ്പോൾ പൂജകളൊന്നും ചെയ്യാൻ സാധിക്കുന്നില്ല. എന്തെങ്കിലും പറഞ്ഞാൽ അമ്മ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ഗൂലിഹട്ടി ശേഖർ പറഞ്ഞിരുന്നു.
മിഷണറിമാർ അമ്മയെ പലവിധ കാര്യങ്ങൾ പറഞ്ഞ് പ്രലോഭിപ്പിച്ചാണ് മതപരിവർത്തനം നടത്തിയതെന്നുമായിരുന്നു എംഎൽഎയുടെ ആരോപണം. സംസ്ഥാനത്ത് മതപരിവർത്തനം വ്യാപകമാണെന്ന കർണാടകയിൽ വ്യാപക ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കർണാടക ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന.
മുൻ സ്പീക്കർ കെ.ജി ബൊപ്പയ്യ, നാഗ്താൻ എംഎൽഎ ദേവാനന്ദ് എന്നിവരും മതപരിവർത്തനം സംബന്ധിച്ച ആശങ്ക പങ്കുവച്ചിരുന്നു. നേരത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി നിർബന്ധിത മതപരിവർത്തനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഉത്തർ പ്രദേശ്, മധ്യ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളും വിവാഹത്തിലൂടെയുള്ള മതപരിവർത്തനത്തിനെതിരെ ബില്ല് പാസാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്