ബെംഗളൂരു: റാലികളുടെ വലിയൊരു ഉൽസവത്തിന് ശേഷം കന്നഡിഗർ നാളെ അത് വല്ലാതെ മിസ് ചെയ്യും. നാളെ നിശ്ശബ്ദ പ്രചാരണമാണ്. കൊട്ടിക്കലാശത്തിന് ചില്ലറക്കൊരൊന്നുമല്ല വന്നത്. അവസാനനിമിഷങ്ങളിൽ വോട്ടർമാരെ പാട്ടിലാക്കാനുള്ള തന്ത്രങ്ങളിലാണ് രാഷ്ട്രീയ പാർട്ടികൾ.ശനിയാഴ്ചയാണ് വോട്ടെടുപ്പ്.

കലാശക്കൊട്ടിലും മുഖ്യമന്ത്രി സിദ്ധരാാമയ്യയെ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ വെറുതെ വിട്ടില്ല. ബെംഗളൂരുവിലെ ട്രാഫിക് പോലെ കർണാടകത്തിൽ വികസനം നിലച്ചുപോയി എന്നാണ് ഷാ പറഞ്ഞത്. സിദ്ധരാമയ്യ മൽസരിക്കുന്ന രണ്ടുമണ്ഡലങ്ങളിലും അദ്ദേഹം പരാജയപ്പെടുമെന്നും പറയാൻ മടിച്ചില്ല.അതേസമയം സിദ്ധരാമയ്യയ്‌ക്കൊപ്പം വാർത്താസമ്മേളനം നടത്തിയ രാഹുൽ ഗാന്ധി പതിവുപോലെ വിവിധ വിഷയങ്ങളിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചു.ദളിതർക്ക് നേരേയുള്ള അതിക്രമങ്ങൾ, സ്ത്രീകൾക്ക് നേരേയുള്ള ഉയരുന്ന കുറ്റകൃത്യങ്ങൾ എന്നിങ്ങനെ വിവിധ പ്രശ്‌നങ്ങൾ ഉന്നയിച്ച രാഹുൽ പ്രധാനമന്ത്രിയെയും ലാക്കാക്കി.കഴിഞ്ഞ നാലുവർഷത്തിനിടെ മോദി ഒരൊറ്റ വാർത്താസമ്മളേനം പോലും നടത്തിയിട്ടില്ല എന്നാണ് രാഹുൽ പരിഹസിച്ചത്.

കർണാടകത്തിലെ പട്ടിക ജാതി-പട്ടിക വർഗ-പിന്നോക്ക വിഭാഗങ്ങളെ നരേന്ദ്ര മോദി ആപ് വഴി അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ:' കോൺഗ്രസ് ഒരിക്കലും അംബേദ്കറെ ബഹുമാനിച്ചിട്ടില്ല.ദളിതർക്കും പിന്നോക്കക്കാർക്കും കോൺഗ്രസിൽ സ്ഥാനമില്ല.'അതേസമയം, രാഹുൽ ഗാന്ധിയും കോൺഗ്രസും മാറി എന്നതിന്റെ സൂചനകൾ കൂടി തിരഞ്ഞെടുപ്പ് പ്രചാരണം നൽകി.തന്റെ കക്ഷി ലോക്‌സഭാതിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായാൽ പ്രധാനമന്ത്രിയാകാൻ തയ്യാറാണെന്ന് രാഹുൽ തുറന്നടിച്ചത് ബിജെപിയെ അമ്പരിപ്പിച്ചു.

മുതിർന്നവർ വളരെയേറെയുള്ള പാർട്ടിയിൽ താൻ പ്രധാനമന്ത്രിയാകുമെന്ന പറഞ്ഞ രാഹുലിന് അഹങ്കാരമെന്നായിരുന്നു മോദിയുടെ വിമർശനം.തീവ്രമായ പ്രചാരണം അത് സോഷ്യൽ മീഡിയയിലായാലും, റാലികളിലായാലും പിന്തുടരുന്ന മോദി-അമിത്ഷാ ദ്വയത്തിന്റെ ശൈലിയിൽ നിന്ന് രാഹുലും കോൺഗ്രസും ഏറെ പഠിച്ചുവെന്ന് വേണം കരുതാൻ.രാഹുൽ പഠിച്ച പാഠങ്ങൾ ഫലം കണ്ടുവോയെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ അറിയാം.സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ ജയ-പരാജയങ്ങളായിരിക്കും രാഹുലിന്റെ പ്രധാനമന്ത്രി കസേരയിലേക്കുള്ള മോഹം സഫലമാക്കാൻ വഴിയൊരുക്കുക.

മോദിയുടെ ശരീര ഭാഷയിൽ നിന്നും വാക്കുകളിൽ നിന്നും കർണാടകയിൽ ബിജെപി പരാജയം ഉറപ്പിച്ചുവെന്ന് വ്യക്തമാണെന്ന് രാഹുൽ ഗാന്ധി വ്യാഴാഴ്ച പറഞ്ഞു. കേന്ദ്രമന്ത്രിമാരുൾപ്പടെയുള്ള വലിയ സംഘമാണ് ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയത് അതിൽ നിന്ന് തന്നെ അവർ പരിഭ്രാന്തിയിലാണെന്ന് വ്യക്തമാണെന്നും രാഹുൽ പറഞ്ഞു.തന്റെ അമ്മ സോണിയാ ഗാന്ധി രാജ്യത്തിന് വേണ്ടി ഏറെ ത്യാഗം സഹിച്ചയാളാണെന്നും രാഹുൽ പറഞ്ഞു. സോണിയ ഗാന്ധിയുടെ ഇറ്റാലിയൻ ജന്മത്തിന്റെ പേരിൽ മോദി അവരെ നിരന്തരം കടന്നാക്രമിക്കുന്നതിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് രാഹുൽ ഗാന്ധി ഇങ്ങനെ പ്രതികരിച്ചത്.

എന്റെ അമ്മ ഇറ്റലിക്കാരിയാണ്. എന്നാൽ ജീവിതത്തിന്റെ കൂടുതൽ കാലവും അവർ ഇന്ത്യയിലാണ് ജീവിക്കുന്നത്. മറ്റ് പല ഇന്ത്യാക്കാരേക്കാളും നല്ല ഇന്ത്യക്കാരിയാണ് എന്റെ അമ്മ. ഈ രാജ്യത്തിന് വേണ്ടി അവർ വളരയേറെ ത്യാഗം സഹിച്ചു. പലതും ത്യജിച്ചു. വൈകാരികമായി രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി അവരെ വേദനിപ്പിക്കുന്നതിൽ സന്തോഷിക്കുന്നു. സന്തോഷം ലഭിക്കുന്നുവെങ്കിൽ അദ്ദേഹം അത് തുടർന്നോട്ടെയെന്നും രാഹുൽ പറഞ്ഞു.

ദേശീയ നേതാക്കൾ ദിവസങ്ങളോളം കർണാടകയിൽ തങ്ങിയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകിയത്. 130 സീറ്റ് നേടി ബിജെപി അധികാരത്തിൽ വരുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ കൂടിയും എസ് ഡി പി ഐയുമായോ പോപുലർ ഫ്രണ്ടുമായോ യോജിച്ചു പ്രവർത്തിക്കാൻ ബിജെപിക്ക് സാധിക്കില്ല'.

'എസ് ഡി പി ഐയുടെയും പോപുലർ ഫ്രണ്ടിന്റെയും പിന്തുണ തിരഞ്ഞെടുപ്പു വിജയത്തിന് കോൺഗ്രസ് സ്വീകരിക്കാറുണ്ട്. അതാണ് അവരും(കോൺഗ്രസ്) ബിജെപിയും തമ്മിലുള്ള വ്യത്യാസം'. രാജ്യദ്രോഹികളുടെ പിന്തുണ സ്വീകരിക്കുന്നതിൽനിന്ന് കോൺഗ്രസ് വിട്ടുനിൽക്കാറില്ലെന്നും ഷാ ആരോപിച്ചു.

ഇന്ധന വില വർദ്ധനയും കാർഷിക പ്രശ്നങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രചരണം നയിച്ചത്. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും സജീവമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകി. രണ്ട് വർഷത്തിന് ശേഷമാണ് സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ പങ്കെടുത്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുൻ നിർത്തിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രീപോൾ സർവേ ഫലങ്ങൾ കോൺഗ്രസിന് അനുകൂലമാണ്.

മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. യെദിയൂരപ്പയുടെ മന്ത്രിസഭയിൽ അംഗമായിരുന്നു ഖനി അഴിമതിക്കേസ് പ്രതി ജനാർദ്ധന റെഡ്ഡിയുടെ സഹോദരൻ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. ഇത് ബിജെപി ക്യാംപിൽ തന്നെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. റെഡ്ഡി സഹോദരന്മാർ പ്രചരണം നയിക്കുന്നതും ലിംഗായത്തുകൾക്ക് സംസ്ഥാന സർക്കാർ പ്രത്യേക മതപദവി നൽകിയതും ബിജെപിക്ക് തിരിച്ചടിയാണ്.സിദ്ധരാമയ്യ രൂപീകരിച്ച  അഹിന്ത സഖ്യം തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നാണ് കരുതുന്നത്.( പിന്നോക്കകാർ, ദളിതർ,ന്യൂനപക്ഷങ്ങളെ എന്നിവരെ പൊതുവിൽ വിശേഷിപ്പിക്കുന്ന പദമാണ് അഹിന്ത)

223 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 2654 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.