മുംബൈ: വിവാദങ്ങൾക്കും കൊലവിളികൾക്കും ഒടുവിൽ പത്മാവതിനെ തെറ്റിദ്ധരിച്ചെന്ന തിരിച്ചറിവുമായി കർണ്ണി സേന. പത്മാവതിനെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കുന്നതായും കർണ്ണിസേന വ്യക്തമാക്കി. രജ്പുത്ര സംസ്‌കാരത്തെ ഉയർത്തിക്കാണിക്കുന്ന ചിത്രമാണ് പത്മാവത് എന്ന് തിരിച്ചറിഞ്ഞതിനാലാണ് പ്രതിഷേധം അവസാനിപ്പിക്കുന്നതെന്ന് കർണി സേന നേതൃത്വം വ്യക്തമാക്കുന്നു.

രജ്പുത് കർണിസേനയുടെ മുംബൈ വിഭാഗം നേതാവായ യോഗേന്ദ്ര സിങ് ഖട്ടർ, ദേശീയ നേതാവ് സുഖ്ദേവ് സിങ് ഗോഗാമദി എന്നിവർ ചിത്രം കണ്ടെന്നും തങ്ങൾ തെറ്റിദ്ധരിച്ചപ്പോലെ ഒന്നും ചിത്രത്തിൽ ഇല്ലെന്നും കർണിസേന പറയുന്നു. ഇതോടെ ചിത്രീകരണം ആരംഭിച്ചതു മുതൽ വിവാദത്തിൽപ്പെട്ട പത്മാവതിന് ഒടുവിൽ ശാപ മോക്ഷം ലഭിച്ചു.

രജ്പുത് വിരുദ്ധത ആരോപിച്ച് മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും ചിത്രത്തിന്റെ സെറ്റ് കർണിസേന അംഗങ്ങൾ ആക്രമിക്കുകയും സംവിധായകനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ചിത്തോറിലെ രജപുത്ര ഭരണാധികാരി റാണാ രത്തൻസിങ്ങിന്റെ ഭാര്യയായിരുന്ന റാണി പത്മാവതിയും അലാദ്ദിൻ ഖിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങൾ സിനിമയിൽ ഉണ്ടെന്നായിരുന്നു കർണിസേനയുടെ പ്രധാന ആരോപണം. അണിയറ പ്രവർത്തകർ ഇത് നിഷേധിച്ചിട്ടും രാജ്യ വ്യാപകമായി പ്രതിഷേധം തുടരുകയായിരുന്നു.