ന്യൂഡൽഹി: പത്മാവത് സിനിമക്കെതിരെ ദേശീയ തലത്തിൽ വലിയ ആക്രമണങ്ങളാണ് നടക്കുന്നത്. കർണിസേനയെന്ന പേരിൽ അഴിഞ്ഞാടുന്ന ഗുണ്ടകളെ ഭയന്ന് സിനിമ പ്രദർശിപ്പിക്കാൻ തീയറ്റർ ഉടമകൾ താൽപ്പര്യം പ്രകടിപ്പിക്കുന്നില്ല. ഈ വിഷത്തെ കുറിച്ച് ചാനലിൽ ചർച്ച ചെയ്യുന്ന വേളയിൽ ചാനൽ അവതാരകയെ ബേബി എന്നു വിളിച്ച കർണിസേന നേതാവിനെ ചർച്ചയിൽ നിർത്തിപ്പൊരിച്ച് അവതാരക. ന്യൂസ് എക്‌സ് ചാനലിലെ ന്യൂസ് എഡിറ്ററായ സഞ്ജന ചൗഹാനെയാണ് കർണിസേന പ്രതിനിധി സുരജ്പാൽ അമു 'ബേബി' എന്നു വിളിച്ചത്.

ഇതോടെ രോഷം കൊണ്ട് സഞ്ജന ജ്വലിക്കുകയായിരുന്നു. എങ്ങനെ തന്നെ ബേബിയെന്ന് വിളിക്കാൻ താങ്ങൾക്ക് ധൈര്യം വന്നു. സ്ത്രീകളെ ബഹുമാനിക്കാൻ അറിയാത്ത നിങ്ങളാണോ പത്മാവതിയുടെ സൽപ്പേര് സംരക്ഷിക്കാൻ രംഗത്തിറങ്ങിയതെന്നും സഞ്ജന ചോദിച്ചു. 'നിങ്ങൾക്ക് എന്നെ ബേബി എന്നു വിളിക്കാൻ കഴിയില്ല' എന്നു പറഞ്ഞു കൊണ്ട് തുടങ്ങിയ അവതാരക ഹിന്ദിയിലും തമിഴിലുമായി കത്തിക്കയറുകയായിരുന്നു.

എന്തു ധൈര്യത്തിലാണ് നിങ്ങൾ എന്നെ ബേബിയെന്നു വിളിച്ചത്? വാഹനങ്ങൾ തകർക്കുകയും കുട്ടികളെ ആക്രമിക്കുകയും ചെയ്യുന്ന നിങ്ങൾ എന്നെ ബേബിയെന്നു വിളിക്കുന്നു. ആരാണ് നിങ്ങൾ?'കേവലം ഒരു ബസ് കത്തിച്ചതു കൊണ്ടാണോ നിങ്ങൾ എന്നെ ബേബിയെന്നു വിളിച്ചത്? നിങ്ങളുടെ സംസ്ഥാനമായ രാജസ്ഥാനിൽ നാല് കൂട്ട ബലാത്സംഗങ്ങളാണ് ഉണ്ടായത്. അപ്പോൾ നിങ്ങളും നിങ്ങളുടെ സേനയും എവിടെ പോയി?

ഒരു സാങ്കൽപ്പിക കഥാപാത്രത്തിനു വേണ്ടി യുദ്ധം ചെയ്യുന്ന നിങ്ങൾ എന്നെ ബേബിയെന്നു വിളിക്കുന്നു. 'ബേബി'കളെ ആക്രമിച്ച നിങ്ങളാണ് എന്നെ 'ബേബി'യെന്നു വിളിച്ചത്. നിങ്ങൾ ആരാണെന്നാണ് കരുതിയിരിക്കുന്നത്?' അതിരൂക്ഷമായുള്ള പ്രതികരണത്തിൽ കണ്ണി സേന നേതാവ് ചർച്ചയിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.