ന്ത്യയിലെ 130 കോടി ജനങ്ങളും ഇന്ന് പ്രാർത്ഥിക്കുക പി.വി സിന്ധുവിന്റെ വിജയത്തിന് വേണ്ടിയാകും. എന്നാൽ, ബാഡ്മിന്റണിനെ അടുത്തറിയുന്നവർക്ക് അറിയാം അതത്ര എളപ്പമാകില്ലെന്ന്. കാരണം എതിരാളി സ്‌പെയിൻകാരി കരോളിന മാരിനാണ്. ബാഡ്മിന്റണിലെ ചൈനീസ് ആധിപത്യത്തെ തൂത്തെറിഞ്ഞ മഹാപ്രതിഭയാണവർ.

ബാഡ്മിന്റണിലെ ലേഡി നഡാൽ എന്നാണ് കരോളിന മാരിൻ വിശേഷിപ്പിക്കപ്പെടുന്നത്. ടെന്നീസ് താരം റാഫേൽ നഡാലിനെപ്പോലെ തളരാത്ത പോരാളിയാണവർ. 2014-ലെയും 2015-ലെയും ലോകചാമ്പ്യൻ. മുഖത്തെപ്പോഴും പുഞ്ചിരി ഒളിപ്പിച്ചുവച്ച് എതിരാളികളെ വകവരുത്തുന്ന പോരാളി.

നഡാലിനെപ്പോലെ മാരിലും ഇടംകൈ ഉപയോഗിച്ചാണ് കളിക്കുന്നത്. റിയോയിൽ മാരിൻ ഫൈനലിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. നിലവിലെ ജേതാവ് ചൈനയുടെ ലീ സുറേയിയെ നേരിട്ടുള്ള ഗെയ്മുകളിൽ തുരത്തിയാണ് മാരിന്റെ വരവ്.

കോച്ച് ഫെർണാണ്ടോ റിവാസിന്റെ സൂക്ഷ്മമായ നിരീക്ഷണമാണ് മാരിന്റെ വിജയങ്ങൾക്ക് പിന്നിൽ. ചൈനീസ് താരങ്ങൾ അധീശത്വം പുലർത്തിയിരുന്ന കോർട്ടിൽ സ്‌പെയിനിൽനിന്ന് മാരിനെ കണ്ടെടുക്കുകയായിരുന്നു റിവാസ്. അതിവേഗത്തിലുള്ള കളിയും അസാമാന്യമായ ആംഗിളുകളിലേക്ക് ഷോട്ടുകളുതിർക്കാനുള്ള കഴിവുമാണ് മാരിനെ അപകടകാരിയാക്കുന്നത്.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ ബാഡ്മിന്റൺ റാങ്കിങ്ങിൽ സൈന നേവാളിന് പുറമെ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ളത് മാരിൻ മാത്രമാണ്. പങ്കെടുക്കുന്ന ടൂർണമെന്റിലെല്ലാം വിജയിക്കുന്ന ശീലമുള്ള മാരിൻ സിന്ധുവിന് കടുത്ത വെല്ലുവിളി തീർക്കുമെന്ന് ഉറപ്പാണ്. എന്നാൽ ആത്മവിശ്വാസത്തിന്റെ പ്രതിരൂപം പോലെ കളിക്കുന്ന സിന്ധുവിന് മാരിൻ എന്ന ശക്തിദുർഗത്തെയും മറികടക്കാനാവുമെന്ന് ആശിക്കാം.

നഡാലിനെപ്പോലെ കരുത്തിന്റെ പ്രതീകം മാത്രമല്ല മാരിൻ. കളിക്കളത്തിൽ മരിയ ഷറപ്പോവയെപ്പോലെ അലറിവിളിക്കാനും അവർക്കാവും. കളിക്കളത്തിൽ ഊർജപ്രവാഹമായി മാറാൻ ഈ അലറിവിളിക്കലുകൾക്ക് സാധിക്കുമെന്ന കാര്യം ഇപ്പോഴും ഏഷ്യക്കാരായ താരങ്ങളിൽ അധികം പേർക്കും അറിയില്ല.


നെറ്റിലും ബേസ് ലൈനിനും മിഡ് കോർട്ടിലും മാരിന്റെ പ്രകടനം അസാമാന്യമാണ്. റിഫ്‌ളക്‌സുകളിലും ഉന്നത നിലവാരം പുലർത്തുന്നു. കളിയിൽ വിജയം നേടിയെടുക്കാൻ ഏതടവും പയറ്റാൻ ശേഷിയുള്ള ബുദ്ധികേന്ദ്രം കൂടിയാണ് മാരിൻ. എന്നാൽ സിന്ധുവിനെതിരെ മാരിന് അത്ര വലിയ റെക്കോഡല്ല ഉള്ളത്. ഏഴുതവണ ഏറ്റുമുട്ടിയപ്പോൾ നാലെണ്ണത്തിൽ മാരിൻ വിജയിച്ചു.

ക്വാർട്ടറിലും സെമിയിലും നേരിട്ട എതിരാളികളെക്കാൾ കടുത്ത പ്രതിയോഗിയാവും മാരിൻ എന്ന കാര്യത്തിൽ സംശയമില്ല. ഒരേതരത്തിൽ കളിക്കുന്ന ശൈലിയല്ല മാരിന്റേത്. അതുകൊണ്ടുതന്നെ മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച് മാരിനെതിരെ കളി ആസൂത്രണം ചെയ്യാനുമാവില്ല. സാഹചര്യത്തിനനുസരിച്ച് ശൈലിയിൽ മാറ്റം വരുത്താൻ അവർക്കാകുന്നു.