റിയോ ഡി ജനെയ്‌റോ: രാജ്യമൊന്നടങ്കം ഒരേ മനസ്സോടെ ഉറ്റുനോക്കിയ റിയോ ഒളിംപിക്‌സിലെ വനിതകളുടെ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധുവിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായത് സ്‌പെയിനിന്റെ ലോക ഒന്നാം നമ്പർ താരം കരോലിന മാരിന്റെ കരുത്തും ആത്മവിശ്വാസവും. മാരിനോടാണ് പത്താം നമ്പർ താരമായ ഹൈദരാബാദുകാരി പൊരുതിത്തോറ്റത്. ശക്തമായ പോരാട്ടത്തിനൊടുവിൽ മാരിനയ്ക്കു മുന്നിൽ സിന്ധു അടിയറവ് പറയുകയായിരുന്നു. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിനെ മാരിനയ്ക്ക് പരാജയപ്പെടുത്താനായത്. അലറി വിളിച്ചും എല്ലാ അർത്ഥത്തിലും ആവേശം പ്രകടിപ്പിച്ചുമായിരുന്നു കരോലിന്റെ മുന്നേറ്റം. സിന്ധുവിനെ മാനസികമായി ഉയർത്തെഴുന്നേൽക്കാൻ ആവാത്ത വിധം അവസാന രണ്ട് ഗെയിമുകളിൽ തളയ്ക്കാൻ ലോക ഒന്നാം നമ്പറിനായി.

ആദ്യ ഗെയിമിൽ മരിനയെ വിറപ്പിക്കുന്ന പോരാട്ടമായിരുന്നു സിന്ധു കാഴ്ചവച്ചത്. രണ്ടാം ഗെയിമിലൂടെ മാരിൻ ശക്തമായി തിരിച്ചുവന്നു. മൂന്നാം ഗെയിമിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഒരുഘട്ടത്തിൽ മൂന്നാം ഗെയിം 10-10 എന്ന നിലയിൽ എത്തിയിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ ശക്തമായ പോരാട്ടം കാഴ്ചവച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തോടെയാണ് നിർണായകമായ മൂന്നാം ഗെയിമിനു തുടക്കമായത്. സിന്ധു പിന്നാക്കംപോയെങ്കിലും സ്മാഷുകളിലൂടെ ഒപ്പമെത്തി. എന്നാൽ, വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ച കരോലിന 21-15ന് ഗെയിമിനൊപ്പം ജയവും സ്വന്തമാക്കുകയായിരുന്നു. ലോക ചാംപ്യനും യൂറോപ്യൻ ചാംപ്യനുമായ കരോലിനയുടെ കന്നി ഒളിംപിക്‌സ് സ്വർണമെഡൽ കൂടിയാണിത്.

ബാഡ്മിന്റണിലെ ലേഡി നഡാൽ എന്നാണ് കരോളിന മാരിൻ വിശേഷിപ്പിക്കപ്പെടുന്നത്. ടെന്നീസ് താരം റാഫേൽ നഡാലിനെപ്പോലെ തളരാത്ത പോരാളിയാണവർ. 2014ലെയും 2015ലെയും ലോകചാമ്പ്യൻ. മുഖത്തെപ്പോഴും പുഞ്ചിരി ഒളിപ്പിച്ചുവച്ച് എതിരാളികളെ വകവരുത്തുന്ന പോരാളി. നഡാലിനെപ്പോലെ മാരിലും ഇടംകൈ ഉപയോഗിച്ചാണ് കളിക്കുന്നത്. റിയോയിൽ മാരിൻ ഫൈനലിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. നിലവിലെ ജേതാവ് ചൈനയുടെ ലീ സുറേയിയെ നേരിട്ടുള്ള ഗെയ്മുകളിൽ തുരത്തിയാണ് മാരിന്റെ വരവ്. കോച്ച് ഫെർണാണ്ടോ റിവാസിന്റെ സൂക്ഷ്മമായ നിരീക്ഷണമാണ് മാരിന്റെ വിജയങ്ങൾക്ക് പിന്നിൽ. ചൈനീസ് താരങ്ങൾ അധീശത്വം പുലർത്തിയിരുന്ന കോർട്ടിൽ സ്‌പെയിനിൽനിന്ന് മാരിനെ കണ്ടെടുക്കുകയായിരുന്നു റിവാസ്. അതിവേഗത്തിലുള്ള കളിയും അസാമാന്യമായ ആംഗിളുകളിലേക്ക് ഷോട്ടുകളുതിർക്കാനുള്ള കഴിവുമാണ് മാരിനെ അപകടകാരിയാക്കുന്നത്. ഇത് തന്നെയാണ് ഇന്നലെയും കണ്ടത്. കോർട്ടിൽ അങ്ങോട്ടുമിങ്ങോട്ടും ഓട്ടിച്ച് കരോളിനയെ തളർത്താനായിരുന്നു സിന്ധുവിന്റെ ശ്രമം. അതും പരിചയസമ്പന്നതയുടെ കരുത്തിൽ ലോക ഒന്നാംനമ്പർ മറികടന്നു.

തളരാത്ത പോരാട്ട വീര്യം തന്നെയാണ് ആദ്യ സെറ്റിലെ അപ്രതീക്ഷിത നഷ്ടമാകലിനെ മറികടക്കാൻ കരോളിനെ സഹായിച്ചത്. നഡാലിനെപ്പോലെ കരുത്തിന്റെ പ്രതീകം മാത്രമല്ല മാരിൻ. കളിക്കളത്തിൽ മരിയ ഷറപ്പോവയെപ്പോലെ അലറിവിളിക്കാനും അവർക്കാവും. കളിക്കളത്തിൽ ഊർജപ്രവാഹമായി മാറാൻ ഈ അലറിവിളിക്കലുകൾക്ക് സാധിക്കുമെന്ന കാര്യം ഇപ്പോഴും ഏഷ്യക്കാരായ താരങ്ങളിൽ അധികം പേർക്കും അറിയില്ല. പലപ്പോഴും സിന്ധുവിനെ പ്രതിസന്ധിയിലാക്കാൻ ഈ തന്ത്രവുമെത്തി. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ബാഡ്മിന്റൺ റാങ്കിങ്ങിൽ സൈന നേവാളിന് പുറമെ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ളത് മാരിൻ മാത്രമാണ്. പങ്കെടുക്കുന്ന ടൂർണമെന്റിലെല്ലാം വിജയിക്കുന്ന ശീലമുള്ള മാരിൻ ആക്രമണ ശൈലിയിലാണ് വിജയങ്ങൾ നേടുന്നത്. നെറ്റിലും ബേസ് ലൈനിനും മിഡ് കോർട്ടിലും മാരിന്റെ പ്രകടനം അസാമാന്യമാണ്. റിഫ്ളാ്‌സുകളിലും ഉന്നത നിലവാരം പുലർത്തുന്നു. കളിയിൽ വിജയം നേടിയെടുക്കാൻ ഏതടവും പയറ്റാൻ ശേഷിയുള്ള ബുദ്ധികേന്ദ്രം കൂടിയാണ് മാരിൻ. എന്നാൽ സിന്ധുവിനെതിരെ മാരിന് അത്ര വലിയ റെക്കോഡല്ല ഉള്ളത്. റിയോയിലെ പോരിന് മുമ്പ് ഏഴുതവണ ഏറ്റുമുട്ടിയപ്പോൾ നാലെണ്ണത്തിൽ മാരിൻ വിജയിച്ചു. ഇന്നലത്തോടെ അതും അനുകൂലമാകുന്നു.

അതിനിടെ ബാഡ്മിന്റണിൽ ഇന്ത്യൻ ഭാവി സുരക്ഷിതമെന്ന് പി.വി സിന്ധു. ഇന്ത്യ ബാഡിമിന്റണിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുമെന്നും സിന്ധു പ്രതികരിച്ചു. പുരുഷന്മാരുടെ ബാഡ്മിന്റണിൽ ക്വാർട്ടർ വരെ മുന്നേറിയ കെ. ശ്രീകാന്തിന്റെ പ്രകടനത്തെ സിന്ധു പ്രശംസിച്ചു. 'വെള്ളി മെഡൽ നേട്ടത്തിൽ ഞാൻ വളരെ സന്തോഷവതിയാണ്' ഫൈനലിന് ശേഷം സിന്ധു പ്രതികരിച്ചു. ' ഞാൻ സ്വർണത്തിനായി പരമാവധി ശ്രമിച്ചു എന്നാൽ വെള്ളി നേടാനെ കഴിഞ്ഞുള്ളു. ഈ നേട്ടത്തിൽ ഞാൻ അഭിമാനിക്കുന്നു. രണ്ട് ദിവസം മുൻപ് സാക്ഷിക്ക് വെങ്കലം ലഭിച്ചു ഇന്ന് എനിക്ക് വെള്ളിയും ലഭിച്ചു. ഞങ്ങൾ എല്ലാവരും മികച്ച രീതിയിലാണ് മത്സരിക്കാനിറങ്ങിയത്. എന്നാൽ എല്ലാവർക്കും ഉയർച്ചയും താഴ്‌ച്ചയും ഉണ്ടാവും. എല്ലാവരും ഒന്നോ രണ്ടോ പോയിന്റുകൾക്കാണ് പരാജയപ്പെട്ടത്. ഈ അവസരത്തിൽ എല്ലാവരേയും ഞാൻ അഭിനന്ദിക്കുന്നു. എനിക്ക് വളരെ മികച്ച ഒരു ആഴ്ചയായിരുന്നു ഇത്' സിന്ധു പ്രതികരിച്ചു.

സ്വർണം നേട്ടത്തിന് ഉടമയായ കരോളിനെ ഈ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നു. എല്ലാവരുടെയും ലക്ഷ്യമാണ് ഒരു ഒളിമ്പിക് മെഡൽ നേടുക എന്നത്' സിന്ധു പറഞ്ഞു. ഫൈനൽ മത്സരത്തിൽ ഞങ്ങൾ ഇരുവരും മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. മത്സരമാകുമ്പോൾ ഒരാൾ ജയിക്കുമ്പോൾ മറ്റേയാൾ തോൽക്കണം. ഇന്ന് കോർട്ടിൽ കരോളിന്റെ ദിവസമായിരുന്നു' എന്നാണ് ഫൈനൽ മത്സരത്തെ പറ്റി സിന്ധു പ്രതികരിച്ചത്.