കാഞ്ഞിരപ്പള്ളി: കാർഷിക മേഖല പാടേ തകർന്നിരിക്കുമ്പോൾ കോടികൾ ചെലവഴിച്ചുള്ള സർക്കാരിന്റെ കർഷകദിനാചരണം കർഷകരെ അപഹസിക്കാനാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ വി സി.സെബാസ്റ്റ്യൻ. ഇൻഫാമിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന കർഷക കണ്ണീർദിനാചരണം മൂവാറ്റുപുഴ വാഴക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണവായിച്ചു രസിച്ച നീറോ ചക്രവർത്തിേേയ പ്പാലെയാണ് കാർഷികപ്രതിസന്ധിയിൽ സർക്കാരുകളുടെ സമീപനം. ആഘോഷങ്ങളല്ല, കടക്കെണിയിൽ നിന്നും സാമ്പത്തിക തകർച്ചയിൽ നിന്നും കർഷകരെ രക്ഷിക്കാനുള്ള നടപടികളാണ് വേണ്ടത്. രാഷ്ട്രീയ നേതൃത്വങ്ങൾക്ക് അധികാരത്തിലേറാനുള്ള വോട്ടുപടികളായി മാത്രം ഇനി കർഷകരെ കിട്ടില്ലെന്ന് അദ്ദേഹം മുന്നറിയിപ്പുനൽകി.

കർഷകരുടെ മനസിൽ പ്രതീക്ഷകൾ നൽകി പ്രകടനപത്രിക പുറപ്പെടുവിച്ച ശേഷം അധികാരത്തിലെത്തുമ്പോൾ അത് മറക്കുകയാണ് ഭരണനേതൃത്വങ്ങൾ. മെത്രാൻകായലിൽ വിത്തെറിഞ്ഞിട്ട് കൃഷി രക്ഷപെട്ടുവെന്ന് കൊട്ടിഘോഷിക്കുന്നവർ ഇതുവരെ സംഭരിച്ച നെല്ലിന്റെ വില കൃത്യമായി നൽകാൻ തയ്യാറായിട്ടില്ല. ഓണനാളിൽ പച്ചക്കറി വിറ്റതുകൊണ്ടുമാത്രം കർഷകനെങ്ങനെ സ്ഥായിയായ വരുമാനമുണ്ടാകും? കോർപ്പറേറ്റുകളുടെ വായ്പകൾ എഴുതിത്ത്തള്ളുന്നവർ കർഷകരുടെ കടബാധ്യതകൾ എഴുതിത്ത്തള്ളേണ്ട സാഹചര്യംവരുമ്പോൾ നിഷേധനിലപാടാണ് പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പിള്ളിൽ, യോഗത്തിൽ അധ്യക്ഷതവഹിച്ചു. ദേശീയ ട്രഷറർ ജോയി തെങ്ങുംകുടി, ജില്ലാ പ്രസിഡന്റ് ജോയി പള്ളിവാതുക്കൽ, ജില്ലാ സെക്രട്ടറി സണ്ണി മുത്തോലപുരം, മേഖല പ്രസിഡന്റുമാരായ റോയി വള്ളമറ്റം, എം ടി.ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.കർഷകർ കൃഷി ഉപേക്ഷിക്കുന്നതിന്റെ സൂചനയായി ഇൻഫാം സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ടിന്റെ നേതൃത്വത്തിൽ കർഷകർ കാർഷികോപകരണങ്ങൾ കുഴിയിൽ നിക്ഷേപിച്ച് പ്രതിഷേധിച്ചു.