കൊച്ചി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ അലടയിച്ചുയർന്ന കർഷകപ്രക്ഷോഭം കേരളത്തിലേയ്ക്കും. പല തട്ടുകളായി വിഘടിച്ചുനിന്നാൽ കർഷകർ പുറന്തള്ളപ്പെടുമെന്ന തിരിച്ചറിവിൽ കേരളത്തിലെ വിവിധ കർഷകപ്രസ്ഥാനങ്ങൾ ഒറ്റക്കെട്ടായി അണിചേരാനുള്ള കർഷകരക്ഷാമുന്നേറ്റത്തിന്റെ അണിയറപ്രവർത്തനങ്ങൾ ശക്തമാക്കി.

കേരള ഫാർമേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ വിവിധ കർഷകപ്രസ്ഥാനങ്ങൾ സംയുക്തമായി ഏപ്രിൽ 18ന് കൊച്ചിയിൽ കർഷകരക്ഷാമുന്നേറ്റ അവകാശപ്രഖ്യാപന കൺവൻഷൻ സംഘടിപ്പിക്കുന്നു. കൊച്ചി ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി മൂവായിരത്തോളം കർഷകസംഘടനാപ്രതിനിധികളും നേതാക്കളും പങ്കുചേരും.

കാർഷിക കടങ്ങൾ എഴുതിത്ത്തള്ളുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടുപ്രകാരമുള്ള ന്യായവിലകർഷകന് ലഭ്യമാക്കുക, വിള ഇൻഷ്വറൻസിനോടൊപ്പം കർഷക ഇൻഷ്വറൻസും ഏർപ്പെടുത്തുക, റബർ, കുരുമുളക്, ഏലമുൾപ്പെടെ കാർഷികമേഖലയുടെ നടുവൊടിക്കുന്ന രാജ്യന്തര കരാറുകൾ തിരുത്തുക, കൃഷിഭൂമിയുടെ താരിഫ് വില കാർഷിക വരുമാനത്തിനനുസൃതമായി പുനർനിർണ്ണയിക്കുക, പരിസ്ഥിതി മൗലികവാദികൾ കൈക്കലാക്കുന്ന കാർബൺഫണ്ട് വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്ന കർഷകർക്ക് ലഭ്യമാക്കുക, കൃഷിഭൂമിയുടെ നികുതിയെടുക്കൽ നിഷേധിക്കുന്ന നടപടിയിൽ നിന്നും സംസ്ഥാന സർക്കാർ പിൻവാങ്ങുക, വർദ്ധിപ്പിച്ച ഭൂനികുതിയുൾപ്പെടെ അധികനികുതി അടിച്ചേൽപ്പിച്ച നടപടി പിൻവലിക്കുക, സമയബന്ധിതമായി നെല്ലുസംഭരിച്ച് സംഭരണവില കൃത്യമായി നൽകുക, കേരള കാർഷിക വികസനനയത്തിൽ പ്രഖ്യാപിച്ച പതിനായിരം രൂപ കർഷകപെൻഷൻ കാലതാമസം കൂടാതെ വിതരണം ചെയ്യുക, കർഷകർ നേരിടുന്ന വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരമുണ്ടാകുക, പശ്ചിമഘട്ടപരിസ്ഥിതിലോല പ്രശ്നമുൾപ്പെടെ വിവിധ ഭൂപ്രശ്നങ്ങൾക്ക് അടിയന്തരനിയമനിർമ്മാണവും നടപടികളുമുണ്ടാകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കർഷകരക്ഷാ മുന്നേറ്റം.

കേരളത്തിലെ വിവിധ കർഷകസംഘടനകൾക്കുപുറമെ മഹാരാഷ്ട്ര, കർണ്ണാടക, ആന്ധ്ര, തമിഴ്‌നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെയും കർഷകസംഘടനാ നേതാക്കൾ പങ്കെടുക്കും. ''അതിജീവന പോരാട്ടത്തിൽ അണിചേരൂ'' എന്നതാണ് കർഷകരക്ഷാ മുന്നേറ്റത്തിന്റെ മുദ്രാവാക്യം.

കേരള ഫാർമേഴ്സ് ഫെഡറേഷൻ ചെയർമാൻ ജോർജ് ജെ. മാത്യുവിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന സംസ്ഥാനസമിതി കർഷക കൺവൻഷന്റെ രൂപരേഖ തയ്യാറാക്കി. ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ.വി സി.സെബാസ്റ്റ്യൻ, കേരള ഫാർമേഴ്സ് ഫെഡറേഷൻ വൈസ്ചെയർമാന്മാരായ വി.വി.അഗസ്റ്റിൻ, കെ.സി.ഡോമിനിക് കരിപ്പാപ്പറമ്പിൽ, സെക്രട്ടറി ജനറൽ ജോണി മാത്യു പൊട്ടംകുളം, ജനറൽ സെക്രട്ടറി ജോഷി ജോസഫ് മണ്ണിപ്പറമ്പിൽ, ട്രസ്റ്റി ജോസഫ് മൈക്കിൾ കള്ളിവയലിൽ, ട്രഷറർ ടോണി കുരുവിള ആനത്താനം എന്നിവർ സംസാരിച്ചു.

ജോഷി മണ്ണിപ്പറമ്പിൽ സെക്രട്ടറി ജനറൽ 9745891131

വി.വി.അഗസ്റ്റിൻ വൈസ് ചെയർമാൻ 9447034114