- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണരാഷ്ട്രീയ നേതൃത്വങ്ങൾക്ക് താക്കീതുമായി കർഷക ഉപവാസം ചരിത്രസംഭവമായി; അണിനിരക്കാൻ എത്തിയത് ആയിരക്കണക്കിന് കർഷകർ
കോട്ടയം: ഭരണരാഷ്ട്രീയ നേതൃത്വങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചാടുവാൻ കർഷകരെ കിട്ടില്ലെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ചു കൊണ്ട് കോട്ടയം തിരുനക്കര പൊലീസ് സ്റ്റേഷൻ മൈതാനിയിൽ കർഷക ഐക്യവേദിയായ ദ പീപ്പിളിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉപവാസസമരം ചരിത്രസംഭവമായി. പൊള്ളുന്ന വെയിലിലും ഇൻഫാം ദേശീയ രക്ഷാധികാരിയും കാഞ്ഞിരപ്പള്ളി രൂപതാബിഷപ്പു
കോട്ടയം: ഭരണരാഷ്ട്രീയ നേതൃത്വങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചാടുവാൻ കർഷകരെ കിട്ടില്ലെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ചു കൊണ്ട് കോട്ടയം തിരുനക്കര പൊലീസ് സ്റ്റേഷൻ മൈതാനിയിൽ കർഷക ഐക്യവേദിയായ ദ പീപ്പിളിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉപവാസസമരം ചരിത്രസംഭവമായി.
പൊള്ളുന്ന വെയിലിലും ഇൻഫാം ദേശീയ രക്ഷാധികാരിയും കാഞ്ഞിരപ്പള്ളി രൂപതാബിഷപ്പുമായ മാർ മാത്യു അറയ്ക്കലിനോടൊപ്പം ആയിരക്കണക്കിന് കർഷകരാണ് മുഴുവൻ സമയ ഉപവാസത്തിൽ പങ്കുചേർന്നത്. വൻ സാമ്പത്തിക പ്രതിസന്ധിയിൽ കാർഷികമേഖല തകർന്നടിയുമ്പോൾ ഭരണരാഷ്ട്രീയ നേതൃത്വങ്ങൾ വഴിപാടുസമരങ്ങളും പാഴ്‌വാഗ്ദാനങ്ങളും നടത്തി കർഷകരെ വഞ്ചിക്കുകയാണെന്നും അടിയന്തര ഇടപെടലുകൾ നടത്തിയില്ലെങ്കിൽ വൻ ദുരന്തങ്ങളുണ്ടാകുമെന്നും ഉപവാസസമരത്തിലുടനീളം കർഷകർ വികാരത്തോടെ പങ്കുവച്ചു.
രാവിലെ 10ന് ആരംഭിച്ച ഉപവാസസമരത്തിൽ സംഘാടകസംഘം കൺവീനർ ഡിജോ കാപ്പൻ (മാനേജിങ് ട്രസ്റ്റി, സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ) ആമുഖപ്രഭാഷണം നടത്തി. പി.സി.ജോസഫ് എക്‌സ് എംഎൽഎ (ചെയർമാൻ, സെന്റർ ഫോർ ഫാർമേഴ്‌സ് ഗൈഡൻസ്&റിസർച്ച്)സ്വാഗതം ആശംസിച്ചു. വിവിധ കാർഷിക മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ (ജനറൽ കൺവീനർ, ഹൈറേഞ്ച് സംരക്ഷണ സമിതി), അഡ്വ.ജോൺ ജോസഫ് (ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്‌മെന്റ്) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
.മൗലവി മുഹമ്മദ് റഫീഖ് അൽ കൗസരി (രക്ഷാധികാരസമിതിയംഗം ഹൈറേഞ്ച് സംരക്ഷണ സമിതി ), ജോസ് പുത്തേട്ട് (പ്രസിഡന്റ് കർഷകവേദി), ഫാ.ജോസഫ് ഒറ്റപ്ലാക്കൽ (ദേശീയ ചെയർമാൻ, ഇൻഫാം കണ്ണൂർ), മുതലാംതോട് മണി (ജന.സെക്രട്ടറി ദേശീയ കർഷകസമാജം പാലക്കാട്), ടി.പീറ്റർ (ജന. സെക്രട്ടറി, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ തിരുവനന്തപുരം), ഫാ.തോമസ് പീലിയാനിക്കൽ (ഡയക്ടർ കുട്ടനാട് വികസനസമിതി ആലപ്പുഴ), വി.വി.അഗസ്റ്റിൻ (കൺവീനർ അഗ്രികൾച്ചറൽ ഫോറം എറണാകുളം), ജോസഫ് തോമസ് വെട്ടത്ത് (ജനറൽ സെക്രട്ടറി, കർഷകവേദി), സി.കെ.മോഹനൻ (രക്ഷാധികാരസമിതിയംഗം, ഹൈറേഞ്ച് സംരക്ഷണ സമിതി ഇടുക്കി), ഫാ.ആന്റണി കൊഴുവനാൽ (ജന.സെക്രട്ടറി, പശ്ചിമഘട്ട സംരസമിതി കോഴിക്കോട്), ഡോ.എം.സി.ജോർജ്ജ് (ദേശീയ ട്രസ്റ്റി ഇൻഫാം), ജോസ് മാത്യു (പ്രസിഡന്റ് സനാതനം കർഷക സംഘം കൊല്ലം), കെ.മൈതീൻ ഹാജി (ദേശീയ വൈസ്പ്രസിഡന്റ്, ഇൻഫാം), ജോയി ജോസഫ് (പ്രസിഡന്റ് ഇഎഫ്എൽ പീഡിത കൂട്ടായ്മ നിലമ്പൂർ), ജിനറ്റ് മാത്യു (പ്രസിഡന്റ്, പരിയാരം കർഷകസമിതി തൃശൂർ), ജോസ് എടപ്പാട്ട് (റീജണൽ പ്രസിഡന്റ് ഇൻഫാം മൂവാറ്റുപുഴ), വി.ജെ.ലാലി (കർഷകവേദി ചങ്ങനാശ്ശേരി) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കർഷക അവകാശ പ്രഖ്യാപന കരടുരേഖ ദ പീപ്പിൾ കോർഡിനേറ്ററർ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പൊതുസമൂഹത്തിന്റെ ചർച്ചയ്ക്കായി സമർപ്പിച്ചു. സമാനമായ പ്രക്ഷോഭങ്ങൾ കേരളത്തിലെ ഇതര ജില്ലാകേന്ദ്രങ്ങളിലും വരും നാളുകളിൽ സംഘടിപ്പിക്കും. വെറും വോട്ടുബാങ്കുകൾ മാത്രമായി കർഷകരെ ആർക്കും വിട്ടുകൊടുക്കില്ലെന്നും പ്രഖ്യാപിച്ചു.
ചങ്ങനാശേരി അതിരൂപതാ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, പാല രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മലങ്കര ക്‌നാനായ ആർച്ച്ബിഷപ് മാർ സെബീറിയോസ്, വിജയപുരം രൂപത ബിഷപ് മാർ സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ജസ്റ്റിസ് പി.കെ.ഷംസുദീൻ, സത്യസായി സമുന്നയുടെ ചെയർമാൻ ഡോ.എൻ.ആർ.മേനോൻ, ആലുവ ഹൈന്ദവസേവാശ്രമം അധിപൻ സ്വാമി പുരാനന്ദ, ഡോ.ജോൺ ദാനിയേൽ, മുൻ എംപി തോമസ് കുതിരവട്ടം, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി എം.കെ.തോമസ്‌കുട്ടി എന്നിവർ ഉപവാസസമരത്തിന് ഐക്യദാർഡ്യമേകി സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, മുൻ എംഎൽഎ പി.എം.മാത്യു, മാണി സി.കാപ്പൻ, വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ട്രഷറർ ടി.ഡി.ജോസഫ് തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ട ഒട്ടനവധിപേർ രാവിലെ മുതൽ അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സമരപന്തലിലൂടെ കടന്നുപോയി.
മലങ്കര യാക്കോബായ സിറിയൻ മെത്രാപ്പൊലീത്താ തോമസ് മാർ തിമോത്തിയോസിൽ നിന്നും നാരങ്ങാനീരു സ്വീകരിച്ചുകൊണ്ട് മാർ മാത്യു അറയ്ക്കൽ ഉപവാസസമരം അവസാനിപ്പിച്ചു.
കർഷകർ രണ്ടാംതരം പൗരന്മാരല്ല; ഈ മണ്ണിൽ ജീവിക്കുവാൻ അനുവദിക്കണം; മാർ മാത്യു അറയ്ക്കൽ
ഈ നാടിനെ തീറ്റിപ്പോറ്റുന്ന കർഷകമക്കളെ രണ്ടാംതരം പൗരന്മാരായി കാണുന്ന അധികാരകേന്ദ്രങ്ങളുടെ വിരുദ്ധനിലപാടുകളും ധിക്കാരമനോഭാവവും അതിർവരമ്പ് ലംഘിച്ചിരിക്കുകയാണെന്നും ഇത് ഒരു കാരണവശാലും ഇനി അനുവദിക്കില്ലെന്നും ഇൻഫാം ദേശീയരക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ.
ആരെയും എതിർക്കുവാനോ തോല്പിക്കുവാനോ കർഷകർ ആഗ്രഹിക്കുന്നില്ല. പക്ഷേ പിറന്നുവീണ മണ്ണിൽ ജീവിക്കുവാൻ അനുവദിക്കണം. കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണമുണ്ടാകണം. കാർഷിക വിളകൾക്ക് ന്യായമായ വില ലഭിക്കണം. അറിവും അക്ഷരജ്ഞാനവുമില്ലാത്തവരെന്നുപറഞ്ഞ് കഴിഞ്ഞ നാളുകളിലേതുപോലെ ഇനിയും കർഷകരെ പറ്റിക്കുവാൻ ആരും ശ്രമിക്കണ്ട. വസ്തുതകൾ മനസിലാക്കുവാനും ശക്തമായി പ്രതികരിക്കാനുമുള്ള ആർജ്ജവവും തന്റേടവും കർഷകനുണ്ട്. കർഷകനിലെ സംഘടനാബോധം ശക്തമായി വളർന്നിരിക്കുന്നുവെന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ദ പീപ്പിളിന്റെ ആഭിമുഖ്യത്തിൽ ഇവിടെ സംഘടിപ്പിച്ചിരിക്കുന്ന ഉപവാസസമരത്തിലെ അനേകായിരങ്ങളുടെ പങ്കാളിത്തം. ഇതൊരു മുന്നറിയിപ്പ് മാത്രമാണ്.
കർഷകജനങ്ങളുടെ കണ്ണീരും ദുഃഖവും വേദനയും കണ്ടില്ലെന്നു നടിക്കാനാവില്ല. വലിയദുരന്തങ്ങൾ നാടിന്റെ നട്ടെല്ല് തകർക്കുമല്ലോ എന്ന ഭയപ്പാട് എല്ലായിടത്തുമുണ്ട്. അത്രമാത്രം ദയനീയമാണ് കർഷകരുടെ സ്ഥിതി. അധികാരത്തിലിരിക്കുന്നവരുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും വഴിപാടുസമരങ്ങൾ ആരും മുഖവിലയ്‌ക്കെടുക്കില്ലെന്നുള്ള യാഥാർത്ഥ്യം തിരിച്ചറിയണം. ഒട്ടേറെ വാഗ്ദാനങ്ങൾ നമ്മൾ കേട്ടു. എന്തിവിടെ നടപ്പിലായി? വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്നത് വലിയ ക്രൂരതയാണ്. ബജറ്റിലെ നിർദ്ദേശങ്ങൾ പോലും നടപ്പിലാക്കുന്നതിൽ നാം വിജയിച്ചുവോയെന്ന് ആത്മപരിശോധന നടത്തണം. സംഘടിത ശക്തിക്കുമാത്രമേ ഇന്ന് നാട്ടിൽ നിലനിൽക്കാനാവുകയുള്ളൂ എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളണം. അതൊടൊപ്പം പുത്തനൊരു കാർഷിക സംസ്‌കാരം നമുക്കു രൂപപ്പെടുത്തണം.