കൊച്ചി: അഗ്രിക്കൾച്ചറൽ അക്വാ പെറ്റ്‌സ് ബ്രീഡേഴ്‌സ് ആൻഡ് ട്രേഡേഴ്‌സ് (ആപ്ബാറ്റ്) അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം മറൈൻ ഡ്രൈവിൽ ആരംഭിച്ച കാർഷിക-പുഷ്പ മേളയും ചക്ക ഫെസ്റ്റനും നാളെ സമാപിക്കും. കൂടെ, അലങ്കാരമത്സ്യ പ്രദർശനവും പെറ്റ്‌ഷോയും നടക്കുന്നുണ്ട്.

നോഹയുടെ പെട്ടകം' എന്ന പേരിലാണ് വിശാലമായ പവലിയൻ തയാറാക്കിയിരി ക്കുന്നത്.അസോസിയേഷനിൽ അംഗങ്ങളായ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ നേരിട്ട് പൊതുജനങ്ങളിലേക്കെത്തക്കാം. വീട്ടമ്മമാർക്ക് അധിക ആദായത്തിനായി തുടങ്ങാവുന്ന ചെറുകിട രീതിയിലുള്ള അലങ്കാരക്കോഴി, പ്രാവ്, മുയൽ, പൂച്ച, നായ, ആട്, കാട തുടങ്ങിയവയുടെ ഫാം തുടങ്ങാനുള്ള മാർഗനിർദേശങ്ങൾ നൽകും.

അലങ്കാരമത്സ്യ വളർത്തൽ ലാഭകരമാക്കാനും പ്രോത്സാഹിപ്പിക്കാനും മേള ഊന്നൽ നൽകുന്നു. മൂന്നു സെന്റ് സ്ഥലത്തുള്ള വീടുകളിൽപ്പോലും തുടങ്ങാവുന്ന അലങ്കാരപ്രാവ് വളർത്തൽ, കോഴിവളർത്തൽ തുടങ്ങിയ പദ്ധതികളും ഇവിടെ പൊതുജനങ്ങളിലേക്കെത്തിക്കും. കാർഷിക വിളകളുടെ പ്രദർശനം, പ്രാവുകളുടെ പ്രദർശനം, വിദേശയിനം കിളികളും തത്തകളും ഉൾപ്പെടെ പക്ഷിപ്രദർശനം എന്നിവയുമുണ്ട്. അട്ടപ്പാടി ചീരക്കുഴി നഴ്‌സറിയുടെ പ്രത്യേക പവലിയനുണ്ട്.

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൺസോർഷ്യത്തിന്റെ സഹകരണത്തോടെയാണ് വിപുലമായ ചക്ക ഫെസ്റ്റിവൽ നടത്തുന്നത്. കാർഷിക സംഘങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, സ്വയംസഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, ജൈവകർഷകർ എന്നിവർക്ക് അവരുടെ ഉത്പന്നങ്ങൾ, ജൈവ പച്ചക്കറി, കാർഷിക ഉത്പന്നങ്ങൾ എന്നിവ വിൽക്കാൻ സൗജന്യനിരക്കിൽ സ്റ്റാളുകൾ നൽകും.

മേളയുടെ അവസാന ദിവസമായ മെയ്‌ രണ്ടിന് ഓപ്പൺ സെയിൽസ് ക്ലോസിങ് ഡിസ്‌കൗണ്ട് ഡേ ആയി നടത്തപ്പെടും. അന്നേദിവസം ഏതൊരാൾക്കും അവരുടെ പക്കലുള്ള കോഴിയോ പ്രാവോ മുയലോ നായയോ അടക്കം എല്ലാ കാർഷിക-ഓമന, വളർത്തു മൃഗങ്ങളേയും മേളയിലേക്കു കൊണ്ടുവരാം. 50 രൂപ രജിസ്‌ട്രേഷൻ ചാർജ് മാത്രമേ ഇതിനായി ഈടാക്കൂ. അന്നേദിവസം മാത്രമാണ് പ്രദർശനത്തിനായി എത്തിക്കുന്ന അത്യപൂർവ വസ്തുക്കൾ വിൽക്കുക.