ചെന്നൈ: ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തെ ഞെട്ടിച്ച സംവിധായകനാണ് കാർത്തിക് നരേൻ. അതിന് ശേഷം കാർത്തിക് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് നരഗസൂരൻ. അരവിന്ദ് സ്വാമി, മലയാളി താരം ഇന്ദ്രജിത്ത് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് സിനിമ ആസ്വാദകർ കാത്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തെപ്പറ്റി വലിയ വിവാദങ്ങളാണ് ഉടലെടുത്തിരിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകനായ കാർത്തിക് നരേന്റെ ഒരു ട്വീറ്റിലൂടെയായിരുന്നു പ്രശ്‌നങ്ങൾ പുറത്തറിയുന്നത്. ചിത്രത്തിന്റെ നിർമ്മാതാവായ ഗൗതം മേനോന് എതിരയാണ് കാർത്തിക് ട്വീറ്റ് ചെയ്തത്. പേരെടുത്ത് പറയാതെ ആയിരുന്നു താരത്തിന്റെ ട്വീറ്റ് ഉണ്ടായിരുന്നത്.

ചില സമയങ്ങളിൽ അസ്ഥാനത്തെ വിശ്വസം നിങ്ങളെ കൊല്ലും. ഒരു കാര്യത്തിന് ഇറങ്ങി തിരിക്കുമ്‌ബോൾ നാം ഒന്നിലേറെ തവണ ചിന്തിക്കേണ്ടിയിരിക്കുന്നു. ചെയ്യാത്ത കുറ്റത്തിന് നമ്മുടെ ആഗ്രഹം കശാപ്പ് ചെയ്യപ്പെടുന്നതാണ് അവസാനം കാണേണ്ടി വരുന്നത് എന്നായിരുന്നു കാർത്തിക് ട്വിറ്ററിൽ കുറിച്ചത്.

അതേ സമയം കാർത്തികിന് മറുപടിയുമായി ഗൗതം മേനോനും രംഗത്തെത്തി. 'ഒരു കൂട്ടുക്കെട്ട് ഉണ്ടാക്കി എടുക്കുന്നതിന് പകരം ചില യുവസംവിധായകർ തന്റെ ആഗ്രഹങ്ങൾ കശാപ്പ് ചെയ്യപ്പെടുന്നു എന്ന് പരിതപിക്കുകയാണ്.'എന്നായിരുന്നു ഗൗതം മേനോൻ റീ ട്വീറ്റ് ചെയ്തത്.

ഉടൻ മറുപടിയുമായി കാർത്തിക് രംഗത്തെത്തി.'എല്ലാവരും എതിർത്തിട്ടും ഞാൻ താങ്കളെ വിശ്വസിക്കുകയായിരുന്നു. എന്നാൽ എന്നെ താങ്കൾ വിലക്കെട്ട വസ്തുവിനെപ്പോലെ കരുതി. ഓടി പോകുന്നതിനേക്കാൾ നല്ലത് പരിതപിക്കുകയാണ് എന്ന് തോന്നി. ഒരു യുവസംവിധായകരോടും താങ്കൾ ഇങ്ങനെ ചെയ്യരുത്. അത് വല്ലാതെ വേദനിപ്പിക്കുന്നു.' വെന്നാണ് കാർത്തിക് ട്വീറ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് കാർത്തിക് പറയുന്നതിങ്ങനെ

ഗൗതം മേനോനുമായി നരഗസൂരൻ കരാർ ഒപ്പിട്ടപ്പോൾ എല്ലാവരും എന്നോട് തീരുമാനം മാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹത്തിൽ എനിക്ക് അത്ര വിശ്വാസമുണ്ടായിരുന്നു. അങ്ങനെ ആ തീരുമാനവുമായി മുന്നോട്ട് പോയി. ചിത്രീകരണം തുടങ്ങി. പേപ്പറിൽ വരുന്ന പരസ്യങ്ങളിൽ അദ്ദേഹത്തിന്റെ ഒൻട്രാഗ എന്ന ബാനർ നരഗസൂരനുമായി സഹനിർമ്മാണം ഉണ്ടെന്നായിരുന്നു. എന്നാൽ ഇതുവരെയും അദ്ദേഹം ഒരുപൈസപോലും ഈ സിനിമയ്ക്കായി ചെലവാക്കിയിട്ടില്ല. എന്നാൽ ഇതൊന്നുമല്ല എന്നെ വേദനിപ്പിച്ചത്. ഈ സിനിമയുടെ പേര് പറഞ്ഞ് അദ്ദേഹം പലിശക്കാരുടെ കയ്യിൽ നിന്നും വലിയ തുക വാങ്ങി. പിന്നീട് ആ പൈസ കൊണ്ട് അദ്ദേഹം സ്വന്തം സിനിമകളായ ധ്രുവനച്ചത്തിരവും എന്നെ നോക്കിപായും തോട്ടയും ചിത്രീകരിച്ചു.

എന്റെ ചിത്രത്തിൽ അഭിനയിച്ചതിന് അരവിന്ദ് സാമിയുടെ പ്രതിഫലം പോലും ഗൗതം സാർ നൽകിയിട്ടില്ല. കൂടാതെ മറ്റുതാരങ്ങളുടേതുമുണ്ട്. അരവിന്ദ് സാമി നല്ല മനുഷ്യനായതുകൊണ്ട് അദ്ദേഹം ഡബ്ബിങിൽ വരെ എന്നോട് സഹകരിച്ചു.ധ്രുവങ്ങൾ പതിനാറിൽ നിന്ന് ഞാൻ ഉണ്ടാക്കിയ തുകയെല്ലാം നരകസൂരനിൽ ചെലവാക്കി കഴിഞ്ഞു. എന്നാൽ ഇപ്പോഴും ഈ സിനിമയുടെ നിർമ്മാണവുമായി ഗൗതം മേനോന്റെ ഒൻട്രാഗ സഹകരിക്കുന്നുണ്ടെന്നാണ് അവരുടെ വാദം. അവർ ഇപ്പോഴും ഈ സിനിമയിൽ നിന്ന് പുറത്തുപോകുന്നില്ല. സത്യത്തിൽ ഒരുരീതിയിലും അവർ സഹായിച്ചിട്ടുമില്ല. ബദ്രി കസ്തൂരി സാറും ഞാനുമാണ് ഈ സിനിമയ്ക്കായി പണം മുടക്കിയിരിക്കുന്നത്. എന്നാൽ പലിശക്കാർ ഗൗതം സാറിന് പണം കൊടുത്തിരിക്കുന്നത് എന്റെ സിനിമ മുന്നിൽ കണ്ടും. പ്രശ്‌നവുമായി ബന്ധപ്പെട്ട് ഞാൻ അദ്ദേഹത്തെ വിളിച്ചെങ്കിലും കോൾ എടുക്കാൻപോലും കൂട്ടാക്കിയില്ല.

അദ്ദേഹത്തിന്റെ അടുത്തസുഹൃത്തുക്കൾ വഴി ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചു. കാർത്തിക്കിന് പ്രശ്‌നങ്ങളെല്ലാം തീരുന്നതുവരെ കാത്തിരിക്കാമെന്നായിരുന്നു ഈ വിഷയത്തിൽ ഗൗതം മേനോന്റെ മറുപടിയെന്നാണ് അറിയാൻ കഴിഞ്ഞത്.ഞാൻ അദ്ദേഹത്തിൽ വിശ്വസിച്ച് പോയി. പക്ഷേ അദ്ദേഹം എന്നെ പുറകിൽ നിന്ന് കുത്തി. അതെന്നെ വേദനിപ്പിച്ചു. ഇപ്പോൾ എന്റെ എല്ലാ പൈസയും നരഗസൂരനിൽ മുടക്കിയിരിക്കുകയാണ്. എന്റെ പുതിയ ചിത്രം പോലും തുടങ്ങാൻ പറ്റാത്ത അവസ്ഥ.'കാർത്തിക് പറഞ്ഞു.

നരകസുരൻ മെയ് മാസത്തിൽ പുറത്തിറങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷൻ, ശ്രിയ ശരൺ എന്നിവരാണ്ചിത്രത്തിലെ പ്രധാനതാരങ്ങൾ. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റർ ചിത്രമാണ് നരഗസ്സുരൻ. അതേ സമയം ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന എന്നൈ നോക്കി പായും തോട്ട, ധ്രുവനക്ഷത്രം എന്നീ സിനിമകൾ പാതി വഴിയിൽ നിൽക്കുകയാണ്. ധനുഷ് ചിത്രം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും ചില പാട്ടുകൾ മാത്രമാണ് പുറത്ത് വന്നത്.