ചെന്നൈ: 'എനിക്ക് നീന്തൽ അറിയില്ലായിരുന്നു. അവിടെയുണ്ടായിരുന്ന ആളുകളാണ് എന്നെ രക്ഷിച്ചത്. ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്' - ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടി കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ കരുൺ നായർ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ പങ്കുവച്ചത് രവി ശാസ്ത്രിയോടായിരുന്നു. കളി കഴിഞ്ഞശേഷം കരുണുമായി സംസാരിച്ച രവി ശാസ്ത്രി ആറന്മുളയിൽ ഇക്കഴിഞ്ഞ ജൂലൈയിൽ നടന്ന അപകടത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ജൂലൈ 17നായിരുന്നു സംഭവം. ആറന്മുളയിൽ അന്നേദിവസം വഴിപാട് വള്ളസദ്യ സ്‌പോൺസർ ചെയ്തിരുന്നത് കരുണായിരുന്നു. കീഴ്‌ച്ചേരിമേൽ പള്ളിയോടത്തിലാണു കരണടക്കമുള്ളവർ വള്ളസദ്യയ്‌ക്കെത്തിയത്. പള്ളിയോടം മുങ്ങി കരണടക്കമുള്ളവർ വെള്ളത്തിലായി. മരണത്തെ മുഖാമുഖം കണ്ട കരുണിനെ ബോട്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ദുരന്തത്തിൽ മൂന്നു പേരാണു മരിച്ചത്.

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സാണ് ഇന്ന് കളിച്ചതെന്നും കരുൺ മത്സരശേഷം പറഞ്ഞു. തന്റെ ട്രിപ്പിൾ നേട്ടത്തിന് എല്ലാവിധ പിന്തുണയും നൽകിയ കെ.എൽ. രാഹുലിനും അശ്വിനും ജഡേജയ്ക്കും നന്ദി പറയുന്നു. ആദ്യ സെഞ്ചുറി എപ്പോഴും സമ്മർദ്ദമാണ്. സെഞ്ചുറി നേടിക്കഴിഞ്ഞപ്പോൾ സമ്മർദ്ദം ഒഴിഞ്ഞു. അതിനുശേഷം സമ്മർദ്ദമില്ലാതെ കളിക്കാനായെന്നും കരുൺ കൂട്ടിച്ചേർത്തു.