ചെന്നൈ: ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണിതെന്നാണ് ട്രിപ്പിൾ സെഞ്ചുറി നേട്ടത്തെ കരുൺ നായർ വിശേഷിപ്പിച്ചത് ട്രിപ്പിൾ തികയ്ക്കാൻ സമയം അനുവദിച്ച് നൽകിയ ടീം മാനേജ്‌മെന്റിന് നന്ദി പറയുന്നുവെന്നും കരുൺ പറഞ്ഞു. ഇന്നത്തെ കളിക്ക് ശേഷം രവിശാസ്ത്രിയുമായി സംസാരിക്കുകയായിരുന്നു കരുൺ.

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനമാണ് കരിയറിലെ ആദ്യ സെഞ്ചുറി കുറിച്ച് കരുൺ റൺമല കയറി തുടങ്ങിയത്. ചായക്ക് തൊട്ടുപിന്നാലെ സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കി മാറ്റി. മിന്നൽ വേഗത്തിൽ അത് ട്രിപ്പിൾ സെഞ്ചുറിയിലെത്തിച്ച് ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ രണ്ടാമത്തെ ട്രിപ്പിൾ സെഞ്ചുറിക്കാരനുമായി കരുൺ മാറി.

ടെസ്റ്റിലെ ഇന്ത്യ ഏറ്റവും ഉയർന്ന സ്‌കോറും ചെന്നൈയിൽ പിറന്നു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 759 റൺസാണ് ഇന്ത്യ നേടിയത്. 2009ൽ ശ്രീലങ്കക്കെതിരെ നേടിയ 726 റൺസ് എന്ന സ്‌കോറാണ് ഇന്ത്യ തിരുത്തിയത്. ഇതോടെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 282 റൺസിന്റെ ലീഡായി.

നേരത്തെ 306 പന്തിൽ 23 ഫോറും ഒരു സിക്സും സഹിതമാണ് കരുൺ ഡബിൾ സെഞ്ച്വറി തികച്ചത്. 185 പന്തിൽ എട്ട് ഫോറും ഒരു സിക്സും സഹിതമാണ് കരുൺ സെഞ്ച്വറി നേട്ടം . ഒരു മലയാളി താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറിയാണ് ഇത്.

 കരുണിന്റെ ചരിത്രനേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് ചെയ്തു. മകനെ ഓർത്ത് അഭിമാനിക്കുന്നുവെന്നാണ് കരുണിന്റെ അച്ഛനും അമ്മയും പ്രതികരിച്ചത്.